8 Nov 2023 8:23 AM GMT
2027ഓടെ ഇന്ത്യയിൽ നിന്ന് 1000 കോടി ഡോളറിന്‍റെ കയറ്റുമതി സാധ്യമാകുമെന്ന് വാള്‍മാര്‍ട്ട്
MyFin Desk
Summary
- വാള്‍മാര്‍ട്ടിന്‍റെ 'വളര്‍ച്ചാ ഉച്ചകോടി' അടുത്ത വര്‍ഷം ഫെബ്രുവരിയില്‍
- വാള്‍മാര്‍ട്ട് മാര്‍ക്കറ്റില്‍ ഇതിനകം നൂറുകണക്കിന് ഇന്ത്യൻ വ്യാപാരികള്‍ ചേർന്നിട്ടുണ്ട്
- ഇന്ത്യ തങ്ങളുടെ മികച്ച സോഴ്സിംഗ് വിപണിയാണെന്ന് വാള്‍മാര്‍ട്ട്
2027ഓടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പ്രതിവർഷം 1000 കോടി ഡോളറില്‍ എത്തിക്കുന്നതിനുള്ള ലക്ഷ്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് വാൾമാർട്ടിലെ സോഴ്‌സിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ആൻഡ്രിയ ആൽബ്രൈറ്റ് പറഞ്ഞു. ഇന്ത്യയെ ഇതിനകം തന്നെ തങ്ങളുടെ മികച്ച സോഴ്സിംഗ് വിപണികളിലൊന്നായാണ് വാള്‍മാര്‍ട്ട് കണക്കാക്കുന്നത്. ഏകദേശം 300 കോടി രൂപയുടെ വാർഷിക കയറ്റുമതിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് നടത്തുന്നത്. ഓരോ വിഭാഗത്തിലെയും കയറ്റുമതിയിലുണ്ടായ പുരോഗതി സംബന്ധിച്ചു പ്രത്യേകമായ കണക്ക് തങ്ങള്‍ പുറത്തുവിടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2027 ഓടെ ഇന്ത്യയിൽ നിന്നുള്ള ചരക്കുകളുടെ കയറ്റുമതി പ്രതിവർഷം 10 ബില്യൺ ഡോളറായി വർദ്ധിപ്പിക്കുമെന്ന് വാൾമാർട്ട് 2020 ഡിസംബറിലാണ് പ്രഖ്യാപിച്ചത്. ലക്ഷ്യം നേടുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി 2024 ഫെബ്രുവരി 14 ,15 തീയതികളിൽ ഡൽഹിയിൽ 'വളര്‍ച്ചാ ഉച്ചകോടി' സംഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷാ പ്രക്രിയകള്‍ ഉടന്‍ ആരംഭിക്കും. കയറ്റുമതിക്കു തയ്യാറുള്ള വിതരണക്കാർ,സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എസ്എംഇ കള്‍), അന്താരാഷ്ട്ര വ്യാപാര വിതരണക്കാർ എന്നിവര്‍ക്ക് ഈ ഉച്ചകോടിയിലൂടെ അവസരം നല്‍കുന്നു. യുഎസില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള തങ്ങളുടെ പങ്കാളികളെ ഒരുമിച്ചുകൊണ്ടുവരുന്നതിനും പുതിയ വ്യാപാര, കയറ്റുമതി സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനും വാള്‍മാര്‍ട്ട് ലക്ഷ്യമിടുന്നു.
ഈ വർഷം ലഭ്യമായി തുടങ്ങിയ വാള്‍മാര്‍ട്ട് മാര്‍ക്കറ്റില്‍ ഇതിനകം നൂറുകണക്കിന് ഇന്ത്യൻ വ്യാപാരികള്‍ ചേർന്നിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം വ്യാപാരികള്‍ക്കും ഇരട്ട അക്ക വളർച്ചയും ഉണ്ടായി.തൊഴില്‍ ശേഷിയുടെ വലുപ്പം, വിപുലമായ ഉല്‍പ്പന്ന ശ്രേണി, മത്സരാധിഷ്ഠിതമായ വിലനിലവാരം എന്നിവയെല്ലാം ഇന്ത്യന്‍ വിപണിയുടെ സവിശേഷതകളാണെന്ന് ആൽബ്രൈറ്റ് പറഞ്ഞു.
ഭക്ഷണം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, പൊതു ചരക്ക്, വസ്ത്രങ്ങൾ, ഷൂസ്, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യന്‍ വൈദഗ്ധ്യം പ്രസക്തമായ വിഭാഗങ്ങളിലെല്ലാം കയറ്റുമതി വർദ്ധിപ്പിക്കാനാണ് വാൾമാർട്ട് ലക്ഷ്യമിടുന്നത്.
2002-ൽ ബെംഗളൂരുവില്‍ വാൾമാർട്ട് തുറന്ന ഗ്ലോബൽ സോഴ്‌സിംഗ് ഓഫീസ് വഴി യുഎസ്, കാനഡ, മെക്‌സിക്കോ, മധ്യ അമേരിക്ക, യുകെ എന്നിവയുൾപ്പെടെ 14 വിപണികളിലെ ഉപഭോക്താക്കളിലേക്ക് ഇന്ത്യൻ നിർമ്മിത വസ്ത്രങ്ങൾ, ഹോംവെയർ, ആഭരണങ്ങൾ, ഹാർഡ്‌ലൈനുകൾ, മറ്റ് ജനപ്രിയ ഉൽപ്പന്നങ്ങൾ എന്നിവ എത്തുന്നു.