image

12 Sept 2023 11:30 AM IST

Business

ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും

MyFin Desk

india and saudi arabia to increase bilateral trade | സാമ്പത്തിക ഇടനാഴി പദ്ധതി
X

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വരും വര്‍ഷങ്ങളില്‍ 5200കോടി ഡോളറില്‍ നിന്ന് പതിനായിരം കോടി ഡോളറായി ഉയര്‍ത്താനാകുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പ്രത്യാശിച്ചു.

സൗദി അറേബ്യ തങ്ങളുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ ഓഫീസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലും വ്യവസായ ചേംബറായ ഫിക്കി ഇന്‍വെസ്റ്റ് ഇന്ത്യയുമായി സഹകരിച്ച് റിയാദിലും ഒരോ ഓഫീസ് വീതം തുറക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും മികച്ച ഒഴുക്കിന് ഇതു തുടക്കം കുറിക്കുമെന്നും ഗോയല്‍ അഭിപ്രായപ്പെട്ടു. പരസ്പര വ്യാപാരത്തിലെ വളര്‍ച്ച ഇരു രാജ്യങ്ങള്‍ക്കും ആവശ്യമാണ്. സൗദിയുടെ ഭക്ഷ്യ സുരക്ഷ ഇന്ത്യക്ക് നോക്കാനാകുമോ എന്നതും പരമപ്രധാനമാണ്. അതുപോലെ എണ്ണ ഇറക്കുമതിയില്‍ സൗദി ഇന്ത്യക്ക് പ്രധാനമാണ്. ഇരു രാജ്യങ്ങളുടെയും വ്യാപാരം പതിനായിരം കോടി ഡോളറിലേക്ക് എത്തിക്കാനാകുമോയെന്നും സന്തുലിതമായ വ്യാപാരം സാധ്യമാകുമോയെന്നുമുള്ളതിന്‍റെ മാറ്റുരയ്ക്കലുമാണ്.

സൗദി അറേബ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2021-22ല്‍ 880 കോടി ഡോളറായിരുന്നു. ഇത് 2022-23ല്‍ 1070 കോടി ഡോളറായി ഉയര്‍ന്നു. മറുവശത്ത്, ഇറക്കുമതി 2021-22 ല്‍ 3410 കോടി ഡോളറായിരുന്നത് 2022-23ല്‍ 4200 കോടി ഡോളറായി വര്‍ധിച്ചു. പ്രധാനമായും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയാണ് വ്യാപാരത്തിന്റെ കാതല്‍.

ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം മന്ത്രിമാരും വ്യവസായികളും അടങ്ങുന്ന ഒരു സംഘവും ഉണ്ടായിരുന്നു.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ 3500കോടി ഡോളറിന്റെ 50 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. സൗദി സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം തേടാനും ഗോയല്‍ ശ്രമിച്ചു. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലുമായുള്ള (ജിസിസി) നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച്, ഇരുപക്ഷവും ചർച്ചകളിലാണ്. ഓഗസ്റ്റ് 29 ന് ഇരു രാജ്യങ്ങളും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. വ്യാപാര ബന്ധങ്ങള്‍ മികച്ചതാക്കാന്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.

സൗദിയുടെ മെഗാ എന്‍ജിനീയറിങ് പദ്ധതികളില്‍ ഇന്ത്യയ്ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയും. ബിസിനസ് രൂപകല്‍പ്പന ചെയ്യല്‍, നിര്‍മ്മാണം, കൈകാര്യം ചെയ്യല്‍, വികസിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയ്ക്ക് സഹായം നല്കാന്‍ സാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍തന്നെ സജീവമാണ്. ഇത് വര്‍ദ്ധിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു: സൗദി അറേബ്യന്‍ നിക്ഷേപ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ് പറഞ്ഞു.

കൂടാതെ, ഫാര്‍മ മേഖലയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി. സൗദി അറേബ്യയുടെയും ഇന്ത്യയുടെയും റെഗുലേറ്ററി അതോറിറ്റികള്‍ തമ്മിലുള്ള കൂടുതല്‍ ധാരണ ഫാര്‍മ കമ്പനികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.