image

16 Sept 2023 5:48 AM

Business

ഓഗസ്റ്റില്‍ ചരക്ക് കയറ്റുമതി ഏഴുശതമാനം ഇടിഞ്ഞു

MyFin Desk

ഓഗസ്റ്റില്‍ ചരക്ക് കയറ്റുമതി  ഏഴുശതമാനം ഇടിഞ്ഞു
X

Summary

  • ഇറക്കുമതിയിലും ഇടിവ് രേഖപ്പെടുത്തി
  • രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിലും ഇടിവുണ്ടായി


ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയുടെ കയറ്റുമതി ഏകദേശം ഏഴ് ശതമാനം ഇടിഞ്ഞ് 3448 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കയറ്റുമതി 3702 കോടി ഡോളറായിരുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇറക്കുമതി 2022 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 6188 കോടി ഡോളറില്‍ നിന്ന് 5.23 ശതമാനം ഇടിഞ്ഞ് 5864 കോടി ഡോളറായി. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതിയുടെ കണക്കെടുത്താല്‍ 11.9ശതമാനമാണ് ഇടിവ്. ഈ കാലയളവിലെ കയറ്റുമതി 17295 കോടി ഡോളറിന്റേതായിരുന്നു.അഞ്ച് മാസ കാലയളവില്‍ ഇറക്കുമതി 12 ശതമാനം ഇടിഞ്ഞു. ഇത് 27183 കോടി ഡോളറായി.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും ചൈനയിലെയും ദുര്‍ബലമായ ഡിമാന്‍ഡ് കാരണമാണ് കയറ്റുമതി മന്ദഗതിയിലായത്. രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിലും ജൈവ, അജൈവ രാസവസ്തുക്കളുടെയും കയറ്റുമതി യഥാക്രമം 22 ശതമാനവും 18 ശതമാനവും ഇടിഞ്ഞതില്‍ കയറ്റുമതിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു.

ആഗോള ഇന്ധന വിലയിലെ മാറ്റങ്ങള്‍ ശുദ്ധീകരിച്ച പെട്രോളിയം കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ ബാധിച്ചു. ആഭ്യന്തര വില പിടിച്ചുനിര്‍ത്താനുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം ധാന്യ കയറ്റുമതിയും 40ശതമാനം കുറഞ്ഞു.

ഓര്‍ഡറുകള്‍ ഉയരാന്‍ തുടങ്ങിയെന്നും കയറ്റുമതി ശുഭാപ്തിവിശ്വാസത്തിലേക്ക് മാറുകയാണെന്നും വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു. എന്നിരുന്നാലും, സമീപകാല നിരക്ക് വര്‍ധനയുടെ വെളിച്ചത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ആവശ്യം ഒരു ആശങ്കയായി തുടരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരത്തിലെ ഇടിവ് ആശങ്കക്ക് ഇടനല്‍കുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റിലെ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.

തുടര്‍ച്ചയായ എട്ട് മാസത്തെ വാര്‍ഷിക ഇടിവിന് ശേഷം എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഓഗസ്റ്റില്‍ എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എഞ്ചിനീയറിംഗ് സാധനങ്ങളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 840 കോടി ഡോളറില്‍ നിന്ന് 2023 ഓഗസ്റ്റില്‍ 905 കോടി ഡോളറായി എന്ന് ഔദ്യോഗിക ഡാറ്റ കാണിക്കുന്നു.

പ്രധാന വികസിത വിപണികളിലെ മാന്ദ്യവും മൊത്തത്തിലുള്ള ഡിമാന്‍ഡ് മങ്ങിയതും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ മുന്‍ മാസങ്ങളില്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറയാന്‍ കാരണമായതായി എഞ്ചിനീയറിംഗ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗരോഡിയ പറഞ്ഞു.

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഓഗസ്റ്റില്‍ 26.29 ശതമാനം ഉയര്‍ന്ന് 217 കോടി ഡോളറിലെത്തി. ഇത് ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 35.22 ശതമാനം ഉയര്‍ന്ന് 1118 കോടി ഡോളറിലെത്തി. അതേസമയം, ഓഗസ്റ്റില്‍ സ്വര്‍ണ ഇറക്കുമതി 38.75% ഉയര്‍ന്ന് 493 കോടി ഡോളറായി ഉയര്‍ന്നു.