6 March 2025 12:00 PM IST
Summary
- യുഎസ് അധിക തീരുവ ചുമത്താന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം
- സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് മാര്‍ച്ച് 12 മുതല്‍ യുഎസ് അധിക നികുതി ചുമത്തും
യുഎസ് സ്റ്റീല്‍, അലുമിനിയം താരിഫുകള്‍ നേരിടാന്‍ രാജ്യം ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കയറ്റുമതിക്കാര്‍. യുഎസ് അധിക തീരുവ ചുമത്താന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ചെറുകിട എഞ്ചിനീയറിംഗ് ഉല്‍പ്പന്ന കയറ്റുമതിക്കാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് മാര്‍ച്ച് 12 മുതലാണ് യുഎസ് അധിക തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
'ഇന്ത്യയുടെ 20 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക എഞ്ചിനീയറിംഗ് സാധനങ്ങളുടെ കയറ്റുമതിയില്‍, ഏകദേശം 7.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയെ ഇത് ബാധിച്ചേക്കാം,' പതിനായിരത്തിലധികം ചെറുകിട കയറ്റുമതിക്കാരെ പ്രതിനിധീകരിക്കുന്ന എഞ്ചിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പങ്കജ് ഛദ്ദ പറഞ്ഞു.
കുറഞ്ഞ ഇന്‍ബൗണ്ട് ഷിപ്പ്മെന്റുകളുള്ള തിരഞ്ഞെടുത്ത യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കണമെന്ന് ഇഇപിസിയും മറ്റ് വ്യവസായ ചേംബറുകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചദ്ദ റോയിട്ടേഴ്സിനോട് പറഞ്ഞു.
ട്രംപ് ഇന്ത്യയെ ഉയര്‍ന്ന താരിഫ് ഉള്ള രാജ്യമായി മുദ്രകുത്തുകയും ഏപ്രില്‍ ആദ്യം മുതല്‍ 'പരസ്പര താരിഫുകള്‍' ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
നിര്‍ദ്ദിഷ്ട വ്യാപാര കരാറിന്റെ ഭാഗമായി താരിഫ് കുറയ്ക്കല്‍ ചര്‍ച്ച ചെയ്യുന്നതിനും ട്രംപിന്റെ ആസൂത്രിതമായ പരസ്പര താരിഫുകളുടെ ആഘാതം വിലയിരുത്തുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയുടെ വ്യാപാര മന്ത്രി പീയൂഷ് ഗോയല്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി യുഎസിലാണ്.
ഉദാഹരണത്തിന്, യുഎസ് സ്റ്റീല്‍ സ്‌ക്രാപ്പിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്ന് ഏതാണ്ട് പൂജ്യമായി കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും, നട്ട്, കാസ്റ്റിംഗുകള്‍, ഫോര്‍ജിംഗ് എന്നിവയ്ക്കുള്ള തീരുവ കുറയ്ക്കാമെന്നും, തിരഞ്ഞെടുത്ത കാര്‍ഷിക, ഉല്‍പ്പാദന ഇനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും ഛദ്ദ പറഞ്ഞു.
മൊത്തം വ്യാപാര കയറ്റുമതിയുടെ നാലിലൊന്ന് വരുന്ന ഇന്ത്യയുടെ ആഗോള എഞ്ചിനീയറിംഗ് കയറ്റുമതി ജനുവരിയില്‍ 9.42 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 8.77 ബില്യണ്‍ ഡോളറായിരുന്നു. എന്നിരുന്നാലും ഡിസംബറിലെ 10.84 ബില്യണ്‍ ഡോളറിനേക്കാള്‍ കുറവാണ് ഇത്. ഏപ്രില്‍-ജനുവരി മാസങ്ങളിലെ മൊത്തം കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.82 ശതമാനം ഉയര്‍ന്ന് 96.75 ബില്യണ്‍ ഡോളറിലെത്തിയതായി ഇഇപിസി ഡാറ്റ വ്യക്തമാക്കുന്നു.