image

6 Feb 2024 12:10 PM GMT

Business

എംഎസ്എംഇക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം വഴി നല്‍കിയത് 2.41 ലക്ഷം കോടി

MyFin Desk

2.41 lakh crore provided through credit guarantee scheme to msme
X

Summary

  • പ്രധാനമന്ത്രി അടിയന്തര ക്രെഡിറ്റ് വായ്പാ പദ്ധതിയിലൂടെ 5 ലക്ഷം കോടി രൂപ ലഭ്യമാക്കി
  • പകര്‍ച്ചവ്യാധിക്ക് ശേഷം കയറ്റുമതി 45.83 ശതമാനം വര്‍ധിച്ചു
  • മൈക്രോ, ചെറുകിട കയറ്റുമതിക്കാര്‍ക്ക് റീഇംബേഴ്‌സ്‌മെന്റ്


കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്നും ചെറുകിട സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2.41 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടിയായി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ. എംഎസ്എംഇ വ്യവസായ മേഖല ഇപ്പോള്‍ സാധാരണ നിലയില്‍ വളരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്ത് നിരവധി എംഎസ്എംഇ യൂണിറ്റുകള്‍ അടച്ചുപൂട്ടുകയും പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എംഎസ്എംഇ മേഖല മെച്ചപ്പെട്ടിട്ടുണ്ട്. ജിഎസ്ടി വരുമാനം ഓരോ വര്‍ഷവും രണ്ട് ശതമാനം വര്‍ദ്ധിക്കുന്നുണ്ടെന്നും വ്യവസായം സാധാരണ നിലയില്‍ വളരുകയാണെന്നും കേന്ദ്ര മന്ത്രി നാരായണ്‍ റാണെ പറഞ്ഞു. പകര്‍ച്ചവ്യാധിക്ക് ശേഷം കയറ്റുമതി 45.83 ശതമാനം വര്‍ധിച്ചു. ജിഎസ്ടി ശേഖരണം 4.7 ലക്ഷം കോടി രൂപയില്‍ നിന്നും 5.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പ്രധാനമമന്ത്രി അടിയന്തര ക്രെഡിറ്റ് വായ്പാ പദ്ധതിയിലൂടെ 5 ലക്ഷം കോടി രൂപയാണ് ലഭ്യമാക്കിയത്. അതില്‍ 2.41 ലക്ഷം കോടി രൂപ വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കി.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജിഡിപിയില്‍ എംഎസ്എംഇ മൊത്ത മൂല്യവര്‍ദ്ധനവിന്റെ (ജിവിഎ) വിഹിതവും 2019-20 ല്‍ ജിഡിപിയില്‍ എംഎസ്എംഇ ജിവിഎയുടെ വിഹിതം 30.5 ശതമാനവുമാണ്. 2020-21ല്‍ ഇത് 27.2 ശതമാനവും 2021-22ല്‍ 29.1 ശതമാനവുമാണ്. ജിഡിപിയില്‍ എംഎസ്എംഇ ജിവിഎയുടെ പങ്ക് 2020-21 ലെ 27.2 ശതമാനത്തില്‍ നിന്ന് 2021-22 ല്‍ 29.1 ശതമാനമായി ഉയര്‍ന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഡിജിസിഐഎസ്) ഡാറ്റാ പോര്‍ട്ടലിലെ വിവരങ്ങള്‍ അനുസരിച്ച്, 2022-23 വര്‍ഷത്തെ കയറ്റുമതിയില്‍ എംഎസ്എംഇ ഉത്പന്നങ്ങളുടെ കയറ്റുമതി വിഹിതം 43.59 ശതമാനമായിരുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി, വ്യാപാരം സുഗമമാക്കല്‍, വായ്പയുടെ ലഭ്യത മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് കീഴില്‍ ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, അന്താരാഷ്ട്ര എക്‌സിബിഷനുകള്‍, വ്യാപാര മേളകള്‍, വിദേശ രാജ്യങ്ങളിലെ വാങ്ങല്‍-വില്‍പ്പന മീറ്റുകള്‍ എന്നിവയില്‍ എംഎസ്എംഇകളുടെ പങ്കാളിത്തം സുഗമമാക്കുന്ന ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (ഐസി) പദ്ധതിയും മന്ത്രാലയം നടപ്പാക്കുന്നുണ്ട്.

സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍, ഡിമാന്‍ഡിലെ മാറ്റങ്ങള്‍, പുതിയ വിപണികളുടെ ആവിര്‍ഭാവം മുതലായവയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ എംഎസ്എംഇകള്‍ക്ക് തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യാന്‍ ഈ പദ്ധതി അവസരങ്ങള്‍ നല്‍കുന്നു.

കൂടാതെ, 2022 ജൂണില്‍ ആരംഭിച്ച ഐസി സ്‌കീമിന്റെ പുതിയ ഘടകമായ കപ്പാസിറ്റി ബില്‍ഡിംഗ് ഓഫ് ഫസ്റ്റ് ടൈം എക്‌സ്‌പോര്‍ട്ടേഴ്‌സ് (സിബിഎഫ്ടിഇ) പ്രകാരം, കയറ്റുമതിയില്‍ ആദ്യമായി മൈക്രോ, ചെറുകിട കയറ്റുമതിക്കാര്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്.