9 Dec 2023 9:14 AM GMT
Summary
- എയ്‌റോ സിറ്റിയും നോളജ് സിറ്റിയും വികസിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും
- റൂര്‍ക്കി പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 3 ദശലക്ഷം ടണ്ണായി വർധിപ്പിക്കും
- സംസ്ഥാനത്ത് പവര്‍ കോര്‍പ്പറേഷനുവേണ്ടി സ്മാര്‍ട്ട് മീറ്ററുകള്‍
അദാനി ഗ്രൂപ്പ് ഉത്തരാഖണ്ഡില്‍ 2,500 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗ്രൂപ്പ് ഡയറക്ടര്‍ പ്രണവ് അദാനി. എയ്‌റോ സിറ്റിയും നോളജ് സിറ്റിയും വികസിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം ഇപ്പോഴുള്ള സിമന്റ് പ്ലാന്റുകളുടെ ശേഷി വിപുലീകരിക്കുന്നതിനും സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുമായിട്ടാണ് തീരുമാനമെന്ന് 'ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റ് ഉത്തരാഖണ്ഡ്' എന്ന പരിപാടിയില്‍ പ്രണവ് അദാനി അറിയിച്ചു.
ഗ്രൂപ്പിന്റെ സിറ്റി ഗ്യാസ് സംയുക്ത സംരംഭം 200 സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസുകളെ പരിസ്ഥിതി സൗഹൃദ സിഎന്‍ജിയിലേക്ക് മാറ്റുമെന്നും ഉത്തരാഖണ്ഡില്‍ അംബുജ സിമന്റ്‌സിന്റെ നിലവിലുള്ള ശേഷി വികസിപ്പിക്കുന്നതിനായി സിമന്റ് മേഖലയില്‍ 1,700 കോടി രൂപയിലധികം നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റൂര്‍ക്കി പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 1.2 ദശലക്ഷം ടണ്ണില്‍ നിന്ന് അടുത്ത വര്‍ഷം അവസാനത്തോടെ പ്രതിവര്‍ഷം 3 ദശലക്ഷം ടണ്ണായി ഉയര്‍ത്താനായി അദാനി ഗ്രുപ്പ് 300 കോടി രൂപയും ഗ്രൈൻഡിങ് യൂണിറ്റ് സ്ഥാപിക്കാന്‍ 1,400 കോടി രൂപ നിക്ഷേപിക്കും. ഇതോടെ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 4 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്തും. ഈ നിക്ഷേപങ്ങള്‍ വഴി ഋഷികേശ്,ഡെറാഡൂണ്‍ മേഖലയില്‍ 6,000 ത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
പരമ്പരാഗത വൈദ്യുത മീറ്ററുകള്‍ക്ക് പകരം സ്മാര്‍ട്ട് പ്രീപെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതിക്ക് അനുസൃതമായി, കുമയോണ്‍ മേഖലയില്‍, ഉത്തരാഖണ്ഡ് പവര്‍ കോര്‍പ്പറേഷനുവേണ്ടി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് 800 കോടിയിലധികം രൂപയുടെ പദ്ധതി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.
എയ്‌റോസിറ്റി, ഉള്‍നാടന്‍ കണ്ടെയ്‌നര്‍ ഡിപ്പോ, ലോജിസ്റ്റിക്‌സ് വെയര്‍ഹൗസിംഗ്, നോളജ് പാര്‍ക്ക് എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പന്ത് നഗറിലെ 1000 ഏക്കര്‍ ഭൂമിയും അദാനി ഗ്രുപ്പ് നോക്കുന്നതായും ഉത്തരാഖണ്ഡിലെ അ്ദാനി ഗ്രൂപ്പിന്റെ സാന്നിധ്യത്തിന്റെ തുടക്കമാണ് ഈ പദ്ധതികളെന്നും പ്രണവ് അദാനി പറഞ്ഞു.