25 July 2023 10:30 AM GMT
Summary
- ഓഗസ്റ്റ് ആദ്യവാരത്തോടെ ഓണ വിപണി സജീവമാകും
ഓണത്തിന് ഇനി ഒരു മാസക്കാലമേയുള്ളു. സംസ്ഥാനത്ത് ഇപ്പോഴും പച്ചക്കറിക്ക് തീ വിലയാണ്. അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച് ഇലയിട്ടുണ്ണുന്ന നമ്മുടെ ഇത്തവണത്തെ ഓണം പോക്കറ്റ് കീറുന്നതാണെന്നാണ് പൊതു ജനം വിലയിരുത്തുന്നത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാം വിലക്കയറ്റത്തിലാണ്. കാലാവസ്ഥയിലുണ്ടായ മാറ്റവും ഇത്തവണ വില്ലനായിരിക്കുകയാണ്. പച്ചക്കറി വരുന്ന അയല്‍ സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴമൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. ചരക്ക് വരവ് സാധരണ നിലയിലേക്ക് എത്തിയാല്‍ മാത്രമാണ് വില കുറഞ്ഞു തുടങ്ങാന്‍ സാധ്യതയുള്ളു. മഴ നീണ്ടു നില്‍ക്കുന്നത് കാര്യങ്ങള്‍ വീണ്ടും വഷളാക്കും. തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞെങ്കിലും കര്‍ണാകയില്‍ ഇപ്പോഴും മഴ തുടരുകയാണ്. ആഗസ്റ്റ് ആദ്യവാരത്തോടെ ഓണ വിപണി സജീവമാകേണ്ടതാണ്.
ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ തക്കാളി കിലോയ്ക്ക് 120-150 രൂപ വരെ എത്തി, ചെറിയ ഉള്ളി 160-170 രൂപ വരെ ഈടാക്കുന്നുണ്ട്. ഈ മാസം ഇഞ്ചി വില 200- 280 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം മറ്റ് പലവ്യഞ്ജന വസ്തുക്കള്‍ വിലകുറവില്‍ ലഭിച്ചിരുന്ന സപ്ലൈകോയില്‍ സബ്‌സിഡി ഇനത്തില്‍ കാര്യമായ ഒരു സാധനങ്ങളും കിട്ടാനില്ല. വില വര്‍ധിച്ചതോടെ പൊതു വിപണിയില്‍ പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, പഴം, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതായും നിയമാനുസൃത ലേബലുകള്‍ കൂടാതെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഒരേ വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വിതരണക്കാര്‍ക്ക് 549 കോടി രൂപയോളം സപ്ലൈകോ നല്‍കാനുണ്ട്. പണം കിട്ടാതെ ഇനി സാധനങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍.
സപ്ലൈകോയുടെ സ്വപ്നം
ഇത്തവണത്തെ ഓണം വിപണിയില്‍ എക്കാലത്തെയും മികച്ച റെക്കോഡ് കളക്ഷനായിരിക്കും സപ്ലൈകോ സൃഷ്ടിക്കുകയെന്നാണ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനവുമായി പൊതുവിതരണവകുപ്പ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഓണംവിപണി ലക്ഷ്യമാക്കി എല്ലാ അവശ്യവസ്തുക്കളും സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ എത്തിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
കേന്ദ്രസര്‍ക്കാര്‍ അരിവിതം നല്‍കിയാലും ഇല്ലെങ്കിലും വെള്ള, നീല കാര്‍ഡുടമകള്‍ക്ക് മിനിമം അഞ്ചുകിലോ വീതം പുഴുക്കലരി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സപ്ലൈകോയ്ക്ക് ഈ ആഴ്ച തന്നെ പണം അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അരി വില നിയന്ത്രിക്കുന്നതിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ ജി ആര്‍ അനില്‍ ആവശ്യപ്പെട്ടിരുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം (ഒഎംഎസ്എസ്) വഴിയാണ് അരി വാങ്ങാന്‍ ലക്ഷ്യമിടുന്നത്. ഒഎംഎസ്എസ് വഴി കുറഞ്ഞ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് അരി നല്‍കി വന്നിരുന്ന പദ്ധതി അടുത്തിടെ കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു.
ഓണത്തോടനുബന്ധിച്ച് കേരളത്തിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പുഴുക്കലരിയുടെയും പച്ചരിയുടെയും ലഭ്യത ഉറപ്പാക്കണമെന്നും എഫ്.സി.ഐ അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ചില ജില്ലകളില്‍ പുഴുക്കലരിയുടെ വിതരണത്തില്‍ കുറവ് ഉണ്ടെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷ്യോത്പാദനത്തില്‍ സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ, ഓണം എന്നിവ പരിഗണിച്ച് സംസ്ഥാനത്തിനുള്ള അരി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
2022 ല്‍ ഓണ വിപണിയിലേക്ക് ഉത്പന്നങ്ങള്‍ വാങ്ങിയതില്‍ കണ്‍സ്യൂമര്‍ഫെഡിന് 72 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായി ധനകാര്യ പരിശോധന റിപ്പോര്‍ട്ട് പറയുന്നു. മാർക്കറ്റ് മൊത്തവിലയേക്കാള്‍ കൂടിയ നിരക്കിലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണം സബ്‌സിഡി വില്‍പ്പനക്കായി സാധനങ്ങള്‍ വാങ്ങിയത്.