23 Jan 2023 6:01 AM GMT
കേരള സംസ്ഥാനം കടക്കെണിയിലേക്ക് നീങ്ങുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന ഗവര്‍ണര്‍. ബജറ്റവതരണത്തിനു മുന്നോടിയായുള്ള പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ കേരളത്തിന്റെ കടമെടുപ്പിന് തടയിടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതെന്ന് കുറ്റപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ച ഗവര്‍ണര്‍ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ കേരളത്തിന് ഏറെ നേട്ടം കൈവരിക്കാനായെന്നും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ച നേടിയെന്നും വ്യക്തമാക്കി. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും, അധികാരശ്രേണികളും വേണമെന്നും അഭിപ്രായപ്പെട്ടു.
സംസ്ഥാനം 17 ശതമാനം വളര്‍ച്ച നേടി. സുസ്ഥിര വികസനം ലക്ഷ്യം വെയ്ക്കുന്ന സംസ്ഥാനം ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള വികസന നയമാണ് നടപ്പിലാക്കുന്നത്. നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കിയതിലൂടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിനായെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കേരള നോളജ് ഇക്കണോമി മിഷനിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ, വയോജന സംരംക്ഷണം, ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയെക്കുറ്ിച്ചെല്ലാം പരാമര്‍ശിച്ച ഗവര്‍ണര്‍, ലൈഫ് മിഷന്‍ പദ്ധതി തുടരുമെന്നും പ്രഖ്യാപിച്ചു.
ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം പദ്ധതി എന്നിവയിലൂടെ തീരദേശ ജനങ്ങളുടെ ജീവിത-തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ചും ഗവര്‍ണര്‍ വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിങ്ങനെയുള്ള മേഖലകളിലെ പ്രത്യേക പദ്ധതികള്‍, കാലോചിതമായ പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം സംസ്ഥാനത്തെ സംബന്ധിച്ച് നേട്ടമാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. ഫെബ്രുവരി ഒന്ന് രണ്ട് തീയതികളിലാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ തീയതികളിലാണ് ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച.