3 Feb 2023 8:55 AM GMT
Summary
- ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും, പുതിയതായി നിര്‍മ്മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞ് കിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തുന്നതിനുള്ള അനുയോജ്യമായ രീതി നടപ്പിലാക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിട നികുതി പരിഷ്‌ക്കരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം ഒന്നിലധികം വീടുള്ളവര്‍ക്ക് തിരിച്ചടിയായേക്കും. കെട്ടിട നികുതി, അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റ് ഫീസ് എന്നിവയാകും ഇത്തരത്തില്‍ സര്‍ക്കാര്‍ പരിഷ്‌ക്കരിക്കുക.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും, പുതിയതായി നിര്‍മ്മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞ് കിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തുന്നതിനുള്ള അനുയോജ്യമായ രീതി നടപ്പിലാക്കുമെന്നാണ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. നികുതി പരിഷ്‌ക്കരണത്തിലൂടെ ഇവിടെ കുറഞ്ഞത് 1,000 കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക തനത് ഫണ്ടായി ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പണി ആര്‍ക്കൊക്കെ ?
പലപ്പോഴും നികുതി ആനുകൂല്യങ്ങൾക്കായും തൊഴിൽ സാഹചര്യം കൊണ്ടും പലർക്കും ഒന്നിലധികം വീടുകൾ ഒരേ പേരിൽ ഉണ്ടായിരിക്കും. നഗരത്തിൽ ജോലി ചെയ്യുന്നവർ ഗ്രാമത്തിലെ താമസസ്ഥലം നിലനിർത്തിക്കൊണ്ട് തന്നെ മറ്റൊരു വീടും സ്വന്തമാക്കിയിട്ടുണ്ടാകും. ഇത്തരക്കാർക്ക് ഇനി രണ്ടാം വീടിന് അധിക നികുതി നൽകേണ്ടി വരും.
കെട്ടിട നികുതി വര്‍ധിപ്പിച്ചാല്‍ അതിന്റെ 'ഭാരം' ആദ്യം ചെല്ലുക വാടകയ്ക്ക് താമസിക്കുന്നവരിലാണ്. സംസ്ഥാനത്ത് വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളുടെ എണ്ണം (ഫ്‌ളാറ്റുകളും വീടുകളും ഉള്‍പ്പടെ) ദിനം പ്രതി വര്‍ധിച്ച് വരികയാണ്. ഇവയുടെ ഉടമകളില്‍ ഭൂരിഭാഗവും സാമ്പത്തികമായി മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്. ഇതില്‍ എന്‍ആര്‍ഐകളും ഒട്ടേറെയുണ്ട്.
വാടക വീടുകളില്‍ കഴിയുന്ന ഭൂരിഭാഗം ആളുകളും ഇടത്തട്ടുകാരാണ്. ഇവരിലേക്ക് അധിക ബാധ്യത ഷിഫ്റ്റ് ചെയ്യപ്പെട്ടേക്കാം.
വൈദ്യുതി തീരുവയും ഉത്പന്ന വിലയും
വൈദ്യുതി തീരുവ കെഎസ്ഇബി ഈടാക്കുകയും കൈവശം വെച്ച് വരികയും ചെയ്യുന്ന രീതി ഈ വര്‍ഷം ഒക്ടോബര്‍ 31 ആകുമ്പോഴേയ്ക്കും അവസാനിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആ തീയതിയ്ക്ക് ശേഷം തുക സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടയ്ക്കുന്ന രീതി വരും. സര്‍ക്കാരിന് ഇത് വരുമാന വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയ്‌ക്കൊപ്പം തന്നെ വാണിജ്യ, വ്യാവസായിക യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ 5 ശതമാനമാക്കി വര്‍ധിപ്പിക്കും എന്ന പ്രഖ്യാപനവും വന്നിരിക്കുന്നത്.
ഇതുവഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ വ്യാവസായിക യൂണിറ്റുകള്‍ക്ക് വൈദ്യുതി തീരുവ വര്‍ധിപ്പിച്ചാല്‍ അത് വ്യാവസായികോത്പന്നങ്ങളിലും പ്രതിഫലിക്കും.