7 Feb 2025 9:09 AM GMT
Summary
- ദുരന്തത്തില്‍ 207 വീടുകള്‍ തകര്‍ന്നു
- ആയിരങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതായി
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള പുനരധിവാസത്തിന് സംസ്ഥാന ബജറ്റില്‍ 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പുനരധിവാസത്തിന്റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. സി.എം.ഡി.ആര്‍.എഫ്, എസ്.ഡി.എം.എ, പൊതു, സ്വകാര്യ മേഖലകളില്‍നിന്നുള്ള ഫണ്ടുകള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ ഇതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'2025-നെ കേരളം സ്വാഗതം ചെയ്യുന്നത് മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള ദുരുതാശ്വാസ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ്. കേരളത്തെ സങ്കട കടലിലാഴ്ത്തിയ അതിതീവ്ര ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്.
ദുരന്തത്തില്‍ 254 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 207 വീടുകള്‍ തകരുകയും ആയിരക്കണക്കിനുപേരുടെ ഉപജീവന മാര്‍ഗം ഇല്ലാതാവുകയും ചെയ്തു. ദുരന്തം മൂലമുണ്ടായ നഷ്ടം ഏകദേശം 1202 കോടിയാണ്. പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2221 കോടി വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അടങ്ങിയ സംഘം വിലയിരുത്തിയിരിക്കുന്നത്.
'എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 2025-26 കേന്ദ്ര ബജറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് യാതൊരു സഹായവും അനുവദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളോടു കാണിച്ച നീതി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോടും പുലര്‍ത്തും എന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും', ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.