image

7 Feb 2025 11:27 AM GMT

kerala

വികസനത്തിന് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്

MyFin Desk

വികസനത്തിന് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്
X

Summary

  • ബജറ്റില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം
  • സാമ്പത്തിക പ്രതിസന്ധി ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ചു
  • വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടുമെന്നും ധനമന്ത്രി


വികസനത്തിന് ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ധനകാര്യ മന്ത്രി എന്ന നിലയില്‍ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരണമാണ് കെ.എന്‍. ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന നേരിട്ട കാലഘട്ടമായിരുന്നുഇതെന്ന് ബജറ്റ് അവതരണത്തിന് മുന്‍പ് കെ.എന്‍. ബാലഗോപാല്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിപ്പിച്ചപ്പോഴും കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് സാമ്പത്തികമായി ഞെരുക്കി. എന്നാല്‍, സംസ്ഥാനത്തിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ പല അഭിമാന പദ്ധതികളും മുടക്കം കൂടാതെ നടത്തുന്നതിനൊപ്പം നിര്‍ണായകമായ പല പദ്ധകള്‍ക്കും തുടക്കം കുറിക്കാനും സാധിച്ചതായും ധനമന്ത്രി അവകാശപ്പെടുന്നു. സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടങ്ങിയത്.

മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. സാമ്പത്തിക മുന്നേറ്റത്തിനായി സംസ്ഥാനം ടേക് ഓഫിന് ഒരുങ്ങി നില്‍ക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം പകര്‍ന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങിയത്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.എ കുടിശ്ശികയുടെ ലോക്കിങ് ഇന്‍ പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാന ബജറ്റിന് മുന്‍പ് തലേ ദിവസം പതിവായി നല്‍കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാതിരുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. ഇത്തരമൊരു സ്ഥിതി ഇനിയുണ്ടാവില്ലെന്ന് മുന്‍പ് സ്പീക്കര്‍ വാക്കുനല്‍കിയത് ഓര്‍മ്മിപ്പിച്ച പ്രതിപക്ഷ നേതാവ് ഇത് ആവര്‍ത്തിക്കരുതെന്നും പറഞ്ഞു. ഈ ആവശ്യം ന്യായമാണെന്നും ഭാവിയില്‍ ഇത്തരത്തില്‍ സര്‍വേ റിപ്പോര്‍ട്ട് മുന്‍പേ നല്‍കണമെന്നും സ്പീക്കറും ആവശ്യപ്പെട്ടു.