image

13 Jan 2023 10:54 AM GMT

India

നികുതിയിലും ജിഎസ്ടിയിലും ഇളവ് പ്രതീക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍

MyFin Desk

നികുതിയിലും ജിഎസ്ടിയിലും ഇളവ് പ്രതീക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍
X


രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 2050 ഓടെ ജനസംഖ്യയുടെ 19 ശതമാനമാകുമെന്നാണ് 2022 ഒക്ടോബറിലെ യുഎന്നിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിത ചെലവും, ആരോഗ്യ പരിചരണത്തിനുള്ള ചെലവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരാനിക്കുന്ന ബജറ്റില്‍ പ്രതീക്ഷകള്‍ നിരവധിയാണ്. വാര്‍ധക്യകാല പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍, അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയുടെ ജിഎസ്ടിയില്‍ ഇളവ് നല്‍കുക, ബാങ്ക് നിക്ഷേപങ്ങള്‍, പോസ്റ്റോഫീസ് നിക്ഷേപങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള മറ്റ് നിക്ഷേപ പദ്ധതികള്‍ എന്നിവയുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുക, ആദായ നികുതിയില്‍ ഇളവുകള്‍ നല്‍കുക എന്നിവയെല്ലാം മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങളാണ്.

കാര്യമായ വരുമാനം ലഭിക്കാനില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍, ചികിത്സ എന്നിവയ്ക്കായി നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന റിട്ടേണിനെയാണ് ആശ്രയിക്കുന്നത്. ആദായ നികുതി നിയമത്തിന്റെ സെക് ഷന്‍ 80 സി പ്രകാരം സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം, ടേം ഡെപ്പോസിറ്റ്, എല്‍ഐസി, പിപിഎഫ്, എന്‍എസ് സി എന്നിവയിലെ 1,50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നികുതിയിളവ്. ഈ പരിധി വര്‍ധിപ്പിച്ചാല്‍ ഉയരുന്ന ജീവിത ചെലവിനനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാകും.

മുതിര്‍ന്ന പൗരന്മാര്‍ നിത്യേന ഉപയോഗിക്കുന്ന മരുന്നുകള്‍, ഡയപ്പറുകള്‍, വീല്‍ചെയറുകള്‍, വാക്കര്‍ എന്നിങ്ങനെയുള്ള ആരോഗ്യ പരിചരണ ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടിയില്‍ ഇളവ് വരുത്തുമെന്നും, ആശുപത്രി ചെലവുകള്‍, മെഡിക്ലെയിം പോളിസികള്‍ക്കുള്ള ചെലവ് എന്നിവയില്‍ ഇളവുകള്‍ വരുത്തുമെന്ന പ്രതീക്ഷകൂടി മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടെന്നാണ് ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും മറ്റും വ്യക്തമാക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള നിക്ഷേപങ്ങളുടെ ലോക്ക് ഇന്‍ പിരീഡ് ഉയര്‍ത്തണമെന്നുള്ളതും ആവശ്യമാണ്. നികുതിയിളവ് ലഭിക്കാന്‍ ഇഎല്‍എസ്എസ്, പോസ്റ്റോഫീസ്, ബാങ്ക് എന്നിങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്നു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ലോക്ക് ഇന്‍ പിരീഡുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ നിക്ഷേപം പിന്‍വലിക്കേണ്ടി വന്നേക്കാം.

കോവിഡ് പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങള്‍, ജീവിതശൈലി എന്നിവ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മെഡിക്ലെയിം പ്രീമിയത്തിന് ആദായ നികുതി വകുപ്പ് 80 ഡി പ്രകാരമുള്ള ഇളവ് 50,000 ല്‍ നിന്നും 1,00,000 ആയി ഉയര്‍ത്തുമെന്നും. ചികിത്സ ചെലവും, ജീവിത ചെലവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് 80ഡിഡിബി വകുപ്പ് പ്രകാരം ചികിത്സയ്ക്കുള്ള 1,00,000 രൂപയുടെ ഇളവ് 1,50,000 രൂപയായി ഉയര്‍ത്തുമെന്നുമുള്ള പ്രതീക്ഷകളും രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ട്.