image

28 Jun 2022 2:59 AM

Market

റിപ്പോ നിരക്കു വര്‍ധന: സര്‍ക്കാര്‍ ബോണ്ടുകൾക്കും, ട്രഷറി ബില്ലുകൾക്കും പ്രിയമേറുന്നു

MyFin Desk

റിപ്പോ നിരക്കു വര്‍ധന: സര്‍ക്കാര്‍ ബോണ്ടുകൾക്കും, ട്രഷറി ബില്ലുകൾക്കും പ്രിയമേറുന്നു
X

Summary

ഒരു മാസത്തിനിടെ രണ്ടു തവണ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു വര്‍ധിപ്പിച്ചത് ബാങ്ക് പലിശ നിരക്ക് വര്‍ധനയ്ക്ക് കാരണമായെങ്കിലും വൻകിട നിക്ഷേപകര്‍ക്ക് ഇപ്പോള്‍ പ്രിയം ട്രഷറി ബില്ലുകളും, സര്‍ക്കാര്‍ സെക്യൂരിറ്റികളുമാണ് (ബോണ്ടുകള്‍). ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ 200 ബേസിസ് പോയിന്റോളം അധികം റിട്ടേണ്‍ കിട്ടുമെന്നതാണ് കാരണം. ബാങ്കുകളുടെ പക്കല്‍ പണം ധാരാളമുണ്ടെന്നിരിക്കേ നിക്ഷേപങ്ങള്‍ക്കു നൽകുന്ന പലിശ നിരക്ക് ഇനി വർദ്ധിപ്പിക്കാൽ അവര്‍ തയ്യാറല്ല. ഇതാണ് വൻകിട നിക്ഷേപകരെ മറ്റു നിക്ഷേപ മാര്‍ഗങ്ങൾ അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നത്. നിക്ഷേപകര്‍ 91 ദിവസം […]


ഒരു മാസത്തിനിടെ രണ്ടു തവണ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു വര്‍ധിപ്പിച്ചത് ബാങ്ക് പലിശ നിരക്ക് വര്‍ധനയ്ക്ക് കാരണമായെങ്കിലും വൻകിട നിക്ഷേപകര്‍ക്ക് ഇപ്പോള്‍ പ്രിയം ട്രഷറി ബില്ലുകളും, സര്‍ക്കാര്‍ സെക്യൂരിറ്റികളുമാണ് (ബോണ്ടുകള്‍). ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ 200 ബേസിസ് പോയിന്റോളം അധികം റിട്ടേണ്‍ കിട്ടുമെന്നതാണ് കാരണം.

ബാങ്കുകളുടെ പക്കല്‍ പണം ധാരാളമുണ്ടെന്നിരിക്കേ നിക്ഷേപങ്ങള്‍ക്കു നൽകുന്ന പലിശ നിരക്ക് ഇനി വർദ്ധിപ്പിക്കാൽ അവര്‍ തയ്യാറല്ല. ഇതാണ് വൻകിട നിക്ഷേപകരെ മറ്റു നിക്ഷേപ മാര്‍ഗങ്ങൾ അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നത്. നിക്ഷേപകര്‍ 91 ദിവസം മുതല്‍ 10 വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ട്രഷറി ബില്ലുകളിലും, സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇപ്പോൾ നിക്ഷേപം നടത്തുന്നുണ്ട്.

ബാങ്ക് നിക്ഷേപങ്ങളുടെ കാര്യം കണക്കാക്കിയാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പലിശ നിരക്ക് കുറഞ്ഞു വരികയായിരുന്നു. ഒരു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 5.3 ശതമാനം പലിശയാണ് ലഭിച്ചിരുന്നതെങ്കില്‍, സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ഇത് 6.53 ശതമാനമാണ്. അതായത് 123 ബേസിസ് പോയിന്റ് അധികം നിക്ഷേപകന് ലഭിക്കും. 10 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ ലഭിക്കുകയെങ്കില്‍ ഇതേ കാലയളവിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്ക് 7.45 ശതമാനം — അഥവാ 195 ബേസിസ് പോയിന്റ് അധികം — പലിശയാണ് ലഭിക്കുക. 182 ദിവസം ദൈര്‍ഘ്യമുള്ള നിക്ഷേപങ്ങള്‍ക്ക് 5.76 ശതമാനം, ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ 6.53 ശതമാനം, 4-5 വര്‍ഷം വരെ 7.16 ശതമാനം, 9-10 വര്‍ഷം വരെ 7.44 ശതമാനം, 28-30 വര്‍ഷം വരെ 7.71 ശതമാനം എന്നിങ്ങനെയാണ് സര്‍ക്കാര്‍ സെക്യുരിറ്റികള്‍ക്ക് പലിശ ലഭിക്കുക.

സാധാരണക്കാര്‍ക്കും നിക്ഷേപിക്കാം

കഴിഞ്ഞ വര്‍ഷം നവംബറിലാണ് സര്‍ക്കാര്‍ ബോണ്ടുകളില്‍ സാധാരണക്കാര്‍ക്കും ഓണ്‍ലൈനായി നിക്ഷേപിക്കാനുള്ള അവസരം ആര്‍ബിഐ ഒരുക്കിയത്. ഇത്തരത്തില്‍ തന്നെ ഇവ തിരിച്ച് നല്‍കുവാനും സാധിക്കും. റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോം വഴിയാണ് സര്‍ക്കാര്‍ ഇറക്കുന്ന ട്രഷറി ബില്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ സെക്യൂരിറ്റികള്‍, സംസ്ഥാന സര്‍ക്കാരുകള്‍ ഇറക്കുന്ന ബോണ്ടുകള്‍ എന്നിവയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുക. പ്രവാസികള്‍ക്കടക്കം വളരെ എളുപ്പത്തില്‍ നിക്ഷേപം നടത്താന്‍ അവസരം വന്നതോടെ മികച്ച പ്രതികരണമാണ് ഈ ചുവടുവെപ്പിന് ലഭിച്ചത്.

കാലാവധി പൂര്‍ത്തിയായാല്‍ നിശ്ചിത പലിശ നിരക്കിനൊപ്പം നിക്ഷേപിച്ച തുക തിരികെ ലഭിക്കും. മറിച്ച് കാലാവധി അവസാനിക്കുന്നതിന് മുന്‍പ് വില്‍ക്കണമെങ്കില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നിക്ഷേപകന് വില്‍ക്കാം. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് സമാനമായി ഇതില്‍ അക്കൗണ്ട് തുടങ്ങാം. മുന്‍പ് സര്‍ക്കാര്‍ ബോണ്ടുകളില്‍ വ്യക്തികൾക്ക് നിക്ഷേപിക്കണമെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കണമായിരുന്നു.