image

26 April 2022 8:00 PM GMT

Banking

വിരല്‍തുമ്പിലെ 'മണി'ച്ചെപ്പ്, ബാങ്കിംഗ് സൂപ്പര്‍ ആപ്പുകളെ പരിചയപ്പെടാം

MyFin Desk

വിരല്‍തുമ്പിലെ മണിച്ചെപ്പ്, ബാങ്കിംഗ് സൂപ്പര്‍ ആപ്പുകളെ പരിചയപ്പെടാം
X

Summary

ഡിജിറ്റല്‍വത്ക്കരണം എന്നത് ബാങ്കിംഗ് രംഗത്തും വിപ്ലവം സൃഷ്ടിച്ചപ്പോള്‍ നമുക്ക് ലഭിച്ചത് ഓണ്‍ലൈന്‍ ബാങ്കിംഗ് മുതല്‍ നിയോ ബാങ്കിംഗ് വരെയുള്ള സേവനങ്ങളാണ്. ഇതിനുമപ്പുറം ഒരു വിരല്‍തുമ്പില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഫിന്‍ടെക്ക് ആപ്പുകളും രാജ്യത്തെ ബാങ്കുകള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഇവയെ സൂപ്പര്‍ ആപ്പുകളുടെ നിരയിലേക്ക് ഉയര്‍ത്തി ഓണ്‍ലൈന്‍ സാമ്പത്തിക സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള മത്സരത്തിലാണ് ബാങ്കുകള്‍. ആദ്യഘട്ടത്തില്‍ സാധാരണ പണമിടപാട്, ബാലന്‍സ് പരിശോധിക്കല്‍, ബില്‍ പേയ്മെന്റ് പോലുള്ള സേവനങ്ങളായിരുന്നു ഇവിടെ ലഭിച്ചിരുന്നത്. ഇപ്പോള്‍ ക്യു ആര്‍ പേയ്മെന്റ്, […]


ഡിജിറ്റല്‍വത്ക്കരണം എന്നത് ബാങ്കിംഗ് രംഗത്തും വിപ്ലവം സൃഷ്ടിച്ചപ്പോള്‍ നമുക്ക് ലഭിച്ചത് ഓണ്‍ലൈന്‍ ബാങ്കിംഗ് മുതല്‍ നിയോ ബാങ്കിംഗ് വരെയുള്ള സേവനങ്ങളാണ്. ഇതിനുമപ്പുറം ഒരു വിരല്‍തുമ്പില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഫിന്‍ടെക്ക് ആപ്പുകളും രാജ്യത്തെ ബാങ്കുകള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഇവയെ സൂപ്പര്‍ ആപ്പുകളുടെ നിരയിലേക്ക് ഉയര്‍ത്തി ഓണ്‍ലൈന്‍ സാമ്പത്തിക സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള മത്സരത്തിലാണ് ബാങ്കുകള്‍.

ആദ്യഘട്ടത്തില്‍ സാധാരണ പണമിടപാട്, ബാലന്‍സ് പരിശോധിക്കല്‍, ബില്‍ പേയ്മെന്റ് പോലുള്ള സേവനങ്ങളായിരുന്നു ഇവിടെ ലഭിച്ചിരുന്നത്. ഇപ്പോള്‍ ക്യു ആര്‍ പേയ്മെന്റ്, ഓണ്‍ലൈന്‍ ക്രെഡിറ്റ് (വായ്പ), ഓഹരി നിക്ഷേപം, ക്യാഷ്ലെസ് പേയ്മെന്റ്, ഇന്‍ഷുറന്‍സ് തുടങ്ങി ഡിജിറ്റല്‍ ആസ്തികളിലുള്ള (ക്രിപ്റ്റോ, എന്‍എഫ്ടി തുടങ്ങിയവ) നിക്ഷേപവും വരെ ബാങ്കിംഗ് ആപ്പുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

10ല്‍ അധികം ഫിന്‍ടെക്ക് യൂണികോണ്‍ കമ്പനികളുള്ള ഇന്ത്യയില്‍ ബാങ്കിംഗ് സൂപ്പര്‍ ആപ്പ് ശ്രേണിയിലേക്ക് ഉയരുന്നവയെ കൃത്യമായി അറിഞ്ഞിരിക്കണം. വിവിധ സേവനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും ഇവയ്ക്ക് ഒട്ടേറെ ഉപഭോക്താക്കളുണ്ടാകുകയും ചെയ്യുമ്പോഴാണ് ഇതിനെ സൂപ്പര്‍ ആപ്പ് എന്ന് വിളിക്കുക.

എസ്ബിഐ യോനോ (SBI YONO)

യൂ ഓണ്‍ലി നീഡ് വണ്‍ എന്നതിന്റെ ചുരുക്കപ്പേരാണ് യോനോ എന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ വഴി ബാങ്കുമായി ബന്ധപ്പെട്ട സംയുക്ത സംരംഭങ്ങളുടെ എല്ലാ ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചത്. എസ്ബിഐ ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ യോനോ ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ.

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ ഇതിലൂടെ നടത്താം. മാത്രമല്ല എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ കാര്‍ഡ്, എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ സെക്യൂരിറ്റീസ് എന്നിവയുമായി അവരുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാം. നിലവില്‍ 5.4 കോടി പ്രതിമാസ സജീവ ഉപയോക്താക്കളാണ് യോനോയ്ക്കുള്ളത്.

എച്ച്ഡിഎഫ്സി പേ ഇസെഡ് ആപ്പ് (HDFC PayZ App)

അക്കൗണ്ട് ഉടമകള്‍ക്ക് വണ്‍ ക്ലിക്ക് പേയ്മെന്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്ഡിഎഫ്സി പേ ഇസെഡ് ആപ്പ് ഇറക്കിയത്. മിക്ക ആപ്പുകളിലും ലഭിക്കുന്ന സേവനങ്ങള്‍ ഇതിലുമുണ്ടെങ്കിലും സ്മാര്‍ട്ട് ബൈ (smart buy), ഡിസ്‌കൗണ്ട് എന്നിവയും ഡിടിഎച്ച് ഉള്‍പ്പടെയുള്ളവയുടെ പേയ്മെന്റുകളിലുള്ള സുതാര്യതയുമാണ് ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചത്. ഏത് ബാങ്കിന്റെയും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ സാധിക്കും എന്നതും ആപ്പിന്റെ പ്രത്യേകതയാണ്.

പേടിഎം ആപ്പ് (PayTM App)

ഓട്ടേറെ ഉപഭോക്താക്കളുള്ള ഫിന്‍ടെക്ക് ആപ്പാണ് പേടിഎം. ഒട്ടുമിക്ക ബാങ്കിംഗ് സേവനങ്ങളും ഇതില്‍ ലഭ്യമാണ്. ഏകദേശം 33.3 കോടി റീട്ടെയില്‍ ഉപഭോക്താക്കളാണ് പേടിഎമ്മിനുള്ളത്. ഇന്ത്യയിലെ 2.1 കോടി വ്യാപാരികള്‍ പേടിഎമ്മിലൂടെ പേയ്മെന്റുകള്‍ വാങ്ങുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് മുതല്‍ വിമാന ടിക്കറ്റ് ബുക്കിംഗ് വരെ ആപ്പ് വഴി സാധ്യമാകും. മറ്റ് ആപ്പുകളുമായി താരതമ്യം ചെയ്താല്‍ ഇത് സൂപ്പര്‍ ആപ്പ് ശ്രേണിയില്‍ എത്തിക്കഴിഞ്ഞു.

ബോബ് വേള്‍ഡ് (BoB WORLD)

ഒട്ടേറെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചത് വഴി ജനശ്രദ്ധ പിടിച്ചു പറ്റിയ ആപ്പാണ് ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് (bob world). 220 സേവനങ്ങളാണ് ആപ്പിലൂടെ ലഭിക്കുന്നത്. ഇവയില്‍ 190 ല്‍ അധികവും ബാങ്കിംഗ് സേവനങ്ങളാണ്. മറ്റ് ആപ്പുകളുമായി താരമത്യം ചെയ്യുമ്പോള്‍ വേഗതയിലും 24 മണിക്കൂറും ലഭിക്കുന്ന സേവനത്തിലുമാണ് ബോബ് വേള്‍ഡ് ആപ്പ് മുന്നിട്ട് നില്‍ക്കുന്നത്. ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ ലഭ്യതയും ആപ്പിന്റെ പ്രത്യേകതയാണ്.

യൂണിയന്‍ നെക്സ്റ്റ് (UnionNXT)

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഇറക്കിയ സൂപ്പര്‍ ആപ്പാണ് യൂണിയന്‍ നെക്സറ്റ് (unionxt). രാജ്യത്തെ മുന്‍നിര ബാങ്കിംഗ് ആപ്പുകളുമായി കിടപിടിക്കും വിധമാണ് രൂപകല്‍പന. എല്ലാവിധ സേവനങ്ങളും ലഭ്യമാണെങ്കിലും ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ വായ്പാ വിതരണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. ആകെ ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല.

ഐ മൊബൈല്‍ (iMobile Pay)

ബാങ്കിംഗ് ആപ്പുകളില്‍ ഏറെ ശ്രദ്ധ നേടിയ മറ്റൊന്നാണ് ഐസിഐസിഐ ബാങ്കിന്റെ ഐ മൊബൈല്‍ പേ ആപ്പ്. എല്ലാവിധ സേവനങ്ങളും ഇതില്‍ ലഭ്യമാകുമെങ്കിലും ഗിഫ്റ്റ് കാര്‍ഡ്, ട്രാവല്‍ കാര്‍ഡ് തുടങ്ങി കിട്ടുന്ന റിവാര്‍ഡുകളിള്‍ മികച്ച പ്രതികരണം ലഭിച്ച ആപ്പാണിത്. ഐസിഐസിഐ ബാങ്കിന്റെ യുപിഐഡി നെറ്റ് വര്‍ക്കിലേക്ക് വളരെ എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ സാധിക്കും എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. വേഗതയേറിയ പ്രോസസ്സിംഗും, യൂസര്‍ ഫ്രണ്ട്ലിയായ ഓപ്ഷനുകളും ആപ്പിന്റെ സാങ്കേതിക മികവ് വെളിവാക്കുന്നു.

കൊടക് മഹീന്ദ്ര കെ മാള്‍ (Kay Mall)

ഷോപ്പിംഗ്, യാത്രാ ടിക്കറ്റ് ബുക്കിംഗ് എന്നിവയില്‍ ഏറെ ശ്രദ്ധ നേടിയ ആപ്പാണ് കൊടക് മഹീന്ദ്ര ബാങ്ക് പുറത്തിറക്കിയ കെ മാള്‍ ആപ്പ് (kay mall app) ഗോയ്ബിബോ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ റൂം, യാത്രാ ടിക്കറ്റുകള്‍ എന്നിവ ആപ്പിലൂടെ ബുക്ക് ചെയ്യാം. ഐആര്‍സിടിസിയുമായി സഹകരിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും ആപ്പ് വഴി എളുപ്പത്തില്‍ സാധിക്കും.

ഇന്ത്യാ മാഗ്സ് പോലുള്ള പ്ലാറ്റ്ഫോം വഴി മാഗസീനുകള്‍ വാങ്ങാന്‍ സാധിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. ക്രിപ്റ്റോ കറന്‍സിയ്ക്ക് പിന്തുണ നല്‍കിയ രാജ്യത്തെ ആദ്യ ബാങ്കാണ് കൊടക് മഹീന്ദ്ര. അതിനാല്‍ തന്നെ ആപ്പ് വഴിയും ക്രിപ്റ്റോ ഇടപാടുകള്‍ ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ.