16 April 2022 2:25 AM GMT
Summary
ഡെല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് ആസ്തികള്‍ വില്‍ക്കുന്നത് വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനുമായി അടുത്ത ആഴ്ച നടത്തുന്ന ഓഹരി ഉടമകളുടെയും, വായ്പാദാതാക്കളുടെയും കൂടിക്കാഴ്ച്ചകള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാണെന്ന് കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയില്‍ (എഫ്ആര്‍എല്‍) അറിയിച്ചു. റിലയന്‍സുമായുള്ള നിര്‍ദിഷ്ട 24,713 കോടി രൂപയുടെ കരാറിനെ എതിര്‍ക്കുന്ന ആമസോണ്‍, ഇത്തരം ചര്‍ച്ചകള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. കരാറിന് അംഗീകാരം തേടാന്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ ഏപ്രില്‍ 20 ന് ഓഹരി ഉടമകളുടെയും, ഏപ്രില്‍ 21 ന് വായ്പാദാതാക്കളുടെയും […]
ഡെല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് ആസ്തികള്‍ വില്‍ക്കുന്നത് വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനുമായി അടുത്ത ആഴ്ച നടത്തുന്ന ഓഹരി ഉടമകളുടെയും, വായ്പാദാതാക്കളുടെയും കൂടിക്കാഴ്ച്ചകള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാണെന്ന് കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയില്‍ (എഫ്ആര്‍എല്‍) അറിയിച്ചു.
റിലയന്‍സുമായുള്ള നിര്‍ദിഷ്ട 24,713 കോടി രൂപയുടെ കരാറിനെ എതിര്‍ക്കുന്ന ആമസോണ്‍, ഇത്തരം ചര്‍ച്ചകള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. കരാറിന് അംഗീകാരം തേടാന്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ ഏപ്രില്‍ 20 ന് ഓഹരി ഉടമകളുടെയും, ഏപ്രില്‍ 21 ന് വായ്പാദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ഫയല്‍ ചെയ്ത സ്‌കീം ഓഫ് അറേഞ്ച്മെന്റ് പരിഗണിക്കുന്നതിനും, അംഗീകരിക്കുന്നതിനും 2022 ഫെബ്രുവരി 28 ലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് മീറ്റിംഗുകള്‍ നടക്കുന്നതെന്ന് എഫ്ആര്‍എല്‍ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. കക്ഷികള്‍ നല്‍കിയ എല്ലാ വസ്തുതകളും വിവരങ്ങളും, അതുപോലെ തന്നെ ആമസോണ്‍.കോം എന്‍വി ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് എല്‍എല്‍സി ഒരു ഇടപെടല്‍ അപേക്ഷയിലൂടെ സമര്‍പ്പിച്ച പ്രത്യേക എതിര്‍പ്പുകളും, അതേ വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച 2022 ഫെബ്രുവരി 15-ലെ ഉത്തരവും, പരിശോധിച്ച ശേഷമാണ് എന്‍സിഎല്‍ടി ഇത്തരമൊരു ഉത്തരവിട്ടിരിക്കുന്നതെന്ന് എഫ്ആര്‍എല്‍ കൂട്ടിച്ചേര്‍ത്തു.
ബിയാനി ഗ്രൂപ്പിനോട് എമര്‍ജന്‍സി ആര്‍ബിട്രേറ്റര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, ഇടപാടുമായി മുന്നോട്ട് പോകാന്‍ കൂടുതല്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആമസോണ്‍.കോം എന്‍ വി ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് എല്‍എല്‍സിയുടെ ഒരു പ്രതിനിധി ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ, ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിക്കാനും, കടക്കെണിയിലായ സ്ഥാപനത്തിന്റെ ആസ്തികള്‍ക്ക് മൊറട്ടോറിയം നല്‍കാനും ആവശ്യപ്പെട്ട് എന്‍സിഎല്‍ടിയെ സമീപിച്ചിരുന്നു.