12 April 2022 4:07 AM GMT
Summary
ക്രിപ്റ്റോ കറന്‍സിയെ പറ്റി ഒരുവിധം കാര്യങ്ങള്‍ നാം മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ക്രിപ്റ്റോ സംബന്ധിച്ച തട്ടിപ്പുകളെ എത്ര പേര്‍ക്ക് അറിയാം. അത്തരത്തില്‍ ക്രിപ്റ്റോ കറന്‍സിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് ക്രിപ്റ്റോ ജാക്കിംഗ്്. തട്ടിക്കൊണ്ട് പോകല്‍ എന്നാണ് ജാക്കിംഗ് എന്ന വാക്ക് കൊണ്ട് പൊതുവേ അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ ക്രിപ്റ്റോ കോയിനുകളെ തട്ടിക്കൊണ്ട് പോകുന്ന രീതിയാണിത്. ചെലവേറെ ക്രിപ്റ്റോ കറന്‍സികള്‍ നിര്‍മ്മിക്കുന്നതിന് വലിയ തോതില്‍ ചെലവുണ്ടെന്ന് പറഞ്ഞല്ലോ. മികച്ച പ്രവര്‍ത്തനക്ഷമതയുള്ള കമ്പൂട്ടര്‍ മുതല്‍ വമ്പന്‍ നെറ്റ്വര്‍ക്ക് സിസ്റ്റം ഉള്‍പ്പടെ ഇതിന് […]
ക്രിപ്റ്റോ കറന്‍സിയെ പറ്റി ഒരുവിധം കാര്യങ്ങള്‍ നാം മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ക്രിപ്റ്റോ സംബന്ധിച്ച തട്ടിപ്പുകളെ എത്ര പേര്‍ക്ക് അറിയാം. അത്തരത്തില്‍ ക്രിപ്റ്റോ കറന്‍സിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് ക്രിപ്റ്റോ ജാക്കിംഗ്്. തട്ടിക്കൊണ്ട് പോകല്‍ എന്നാണ് ജാക്കിംഗ് എന്ന വാക്ക് കൊണ്ട് പൊതുവേ അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ ക്രിപ്റ്റോ കോയിനുകളെ തട്ടിക്കൊണ്ട് പോകുന്ന രീതിയാണിത്.
ചെലവേറെ
ക്രിപ്റ്റോ കറന്‍സികള്‍ നിര്‍മ്മിക്കുന്നതിന് വലിയ തോതില്‍ ചെലവുണ്ടെന്ന് പറഞ്ഞല്ലോ. മികച്ച പ്രവര്‍ത്തനക്ഷമതയുള്ള കമ്പൂട്ടര്‍ മുതല്‍ വമ്പന്‍ നെറ്റ്വര്‍ക്ക് സിസ്റ്റം ഉള്‍പ്പടെ ഇതിന് വേണം. എന്നാല്‍ ഇക്കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ മടിയുള്ള വിരുതന്മാര്‍ മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍ മുതല്‍ നെറ്റ്വര്‍ക്ക് വരെ ഉപയോഗിച്ച് ക്രിപ്റ്റോ കറന്‍സി ഖനനം അഥവാ മൈനിംഗ് നടത്തുന്നതാണ് ക്രിപ്റ്റോ ജാക്കിംഗ് എന്ന പ്രക്രിയ.
ഒരു അംഗീകൃത മൈനറുടെ ക്രെഡന്‍ഷ്യല്‍സ് 'ഹാക്ക്' ചെയ്ത് ക്രിപ്റ്റോ കറന്‍സികള്‍ സൃഷ്ടിച്ചെടുക്കുന്നു എന്ന് ചുരുക്കം. എന്നാല്‍ അംഗീകൃത മൈനര്‍മാരുടെ സമ്മതം വാങ്ങിയ ശേഷം ലാഭം പങ്കു വയ്ക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയ ശേഷം ക്രിപ്റ്റോ കറന്‍സികള്‍ സൃഷ്ടിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ക്രിപ്റ്റോ കമ്പനികളുടെ വീക്ഷണത്തില്‍ വലിയ തെറ്റാണ്. മാത്രമല്ല ഇത് ശ്രദ്ധയില്‍ പെട്ടാല്‍ മൈനറുടെ വിശ്വാസ്യതയ്ക്ക് തന്നെ പ്രഹരമേല്‍ക്കാം.
കോയിന്‍ ഹൈവ് എന്ന വിരുതന്‍
ക്രിപ്റ്റോ ജാക്കിംഗുമായി ബന്ധപ്പെട്ട് ആദ്യകാലത്ത് തന്നെ ലോകം കേട്ട പേരാണ് കോയിന്‍ ഹൈവ് എന്നത്. മൈനിംഗുകാര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റവെയറാണിത്. ഏതാനും ഫയല്‍ ഷെയറിംഗ് നെറ്റ്വര്‍ക്കുകള്‍, വീഡിയോ, ഫോട്ടോ ഷെയറിംഗ് നെറ്റ് വര്‍ക്കുകള്‍ എന്നിവയിലും നേരത്തെ കോയിന്‍ ഹൈവിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇത്തരം സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നടത്തുന്ന അംഗീകൃതമല്ലാത്ത ക്രിപ്റ്റോ ജാക്കിംഗ് ദിനംപ്രതി വര്‍ധിക്കുകയാണ്. ഇത്തരം സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ഒരാളുടെ കമ്പ്യൂട്ടറിനെയോ നെറ്റ്വര്‍ക്കിനേയോ അകലെയിരുന്ന് നിയന്ത്രിക്കുവാനും സാധിക്കും. ഒരു കംപ്യൂട്ടറില്‍ വൈറസ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നതിന് തുല്യമായിട്ടാണ് ഇത്തരം സോഫ്റ്റ്വെയറുകളുടേയും പ്രവര്‍ത്തനം.
ക്രിപ്റ്റോ ജാക്കിംഗിനായി ശ്രമിക്കുന്നവര്‍ ഒടുക്കം കമ്പ്യൂട്ടര്‍ ഉടമയുടെ ഡാറ്റ വരെ ചോര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ശ്രദ്ധിക്കാം
സൈബര്‍ സുരക്ഷാ വിദ്ഗധരുടെ അഭിപ്രായപ്രകാരം കമ്പ്യൂട്ടറിന്റെയും നെറ്റ് വര്‍ക്ക് ശൃംഖലയുടേയും സുരക്ഷിതത്വം മൈനര്‍മാര്‍ ഉറപ്പാക്കുക. പാസ് വേര്‍ഡുകളുടെ രഹസ്യ സ്വഭാവം, സോഫ്റ്റ് വെയറുകളടെ അപ്ഡേഷന്‍, ഡാറ്റ സൂക്ഷിക്കാന്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്ക് അല്ലെങ്കില്‍ എസ് എസ് ഡികള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മിക്ക ക്രിപ്റ്റോ കമ്പനികളും ഇത്തരം തട്ടിപ്പുകളെ തടയുന്നതിനുള്ള സംവിധാനവും ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും മൈനര്‍മാരുടെ ഭാഗത്ത് നിന്നും സുരക്ഷ ഉറപ്പാക്കണമെന്ന് കമ്പനികളും ആവശ്യപ്പെടുന്നു.