കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ മിതമായ വരുമാന വളര്‍ച്ച രേഖപ്പെടുത്താന്‍ സാധ്യത. 'ഉയര്‍ന്ന...
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ മിതമായ വരുമാന വളര്‍ച്ച രേഖപ്പെടുത്താന്‍ സാധ്യത. 'ഉയര്‍ന്ന ബേസ് ഇഫെക്ടും' ദുര്‍ബലമായ 'സീസണാലിറ്റി'യുമാണ് കാരണം.
ഡിസ്ക്രീഷണറി ചെലവുകള്‍ (അടിസ്ഥാന ചെലവുകള്‍ക്ക് പുറമേ ചെലവഴിക്കുന്ന പണം) വര്‍ധിക്കുന്നതിനാല്‍ ഇന്ത്യന്‍ ഐടി മേഖലയുടെ വരുമാന വളര്‍ച്ചയുടെ തോത് ശക്തമാണ്. എന്നാല്‍, മന്ദഗതിയിലുള്ള വരുമാന വളര്‍ച്ച, യാത്രാ ചെലവുകള്‍ എന്നിവ കാരണം നാലാം പാദത്തില്‍ ഇബിഐടി മാര്‍ജിന്‍ (ebit margin) നെഗറ്റീവായി മാറാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡിമാന്‍ഡ് വര്‍ധന കണക്കാക്കിയാല്‍ പുതിയ കരാറുകള്‍ ലഭ്യമാകുമെന്നും, ഒപ്പം പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ.
ഇന്‍ഫോസിസിന് നടപ്പ് സാമ്പത്തിക വര്‍ഷം, കോണ്‍സ്റ്റന്റ് കറന്‍സി (സിസി) അടിസ്ഥാനത്തിൽ, വരുമാന വളര്‍ച്ച 11-13 ശതമാനമായിരിക്കുമെന്നും, കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്താല്‍ ഇത് കുറവാണെന്നും ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 12-14 ശതമാനം (സിസി അടിസ്ഥാനത്തിൽ) വരുമാന വളര്‍ച്ചയാണ് ഇന്‍ഫോസിസ് നേടിയത്.
എച്ച്‌സിഎല്‍ ടെക്കിന്റെ വരുമാന വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വിപ്രോയുടെ വരുമാന വളര്‍ച്ച (സിസി അടിസ്ഥാനത്തിൽ) 2-4 ശതമാനമാകുമെന്ന് കമ്പനി കണക്ക് കൂട്ടുന്നതായി ഷെയര്‍ഖാന്‍ ഇറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്ക്, ടെക്ക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഇബിഐടി മാര്‍ജിന്‍ 50 മുതല്‍ 60 ബേസിസ് പോയിന്റ് വരെ ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധിയും, ഉയര്‍ന്ന മാര്‍ജിനുള്ള പ്രോഡക്ടുകളുടെ ബിസിനസ് കുറഞ്ഞതുമാണ് കമ്പനികള്‍ക്ക് (പ്രത്യേകിച്ച് എച്ച്‌സിഎല്‍ ടെക്കിന്) തിരിച്ചടിയായത്. എന്നാല്‍, ടിസിഎസ്, വിപ്രോ എന്നീ കമ്പനികള്‍ സന്തുലിതമായ മാര്‍ജിന്‍ നില നിര്‍ത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നൈപുണ്യമുള്ളവരുടെ അഭാവം, ശക്തമായ ഡിമാന്‍ഡ്, വിതരണ പ്രതിസന്ധി എന്നിവ കണക്കിലെടുക്കുമ്പോള്‍ വ്യവസായങ്ങളിലുടനീളം ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് (അട്രിഷന്‍ നിരക്ക്) ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് പാദങ്ങളിലുണ്ടായ പുതിയ നിയമനങ്ങള്‍ കണക്കിലെടുത്താല്‍ അടുത്ത 2-3 പാദങ്ങള്‍ കൊണ്ട് കമ്പനികള്‍ സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷ.
വ്യവസായ സംരംഭങ്ങള്‍ ഡിജിറ്റല്‍, ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്ക് പരിവര്‍ത്തനം നടത്തുന്നതിനായി വലിയ തുക ചെലവഴിക്കുന്നതിനാല്‍ അടുത്ത 2-3 വര്‍ഷങ്ങളിൽ
ഐടി മേഖലയുടെ വളര്‍ച്ചാ തോത് മികച്ചതായേക്കും. ഇഎസ്ജി, ഐഒടി, നിര്‍മ്മിത ബുദ്ധി, 5ജി, സൈബര്‍ സുരക്ഷ എന്നിവയ്ക്കായി കമ്പനികള്‍ ഒട്ടേറെ പണം ചെലവഴിക്കുന്നതും ഐടി വിപണിയ്ക്ക് ഗുണകരമാകും. വരുന്ന മൂന്നു വര്‍ഷത്തിനകം ആഗോളതലത്തില്‍ ധാരാളം ജോലികൾ ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. വ്യവസായ മേഖലയിലെ ഡിജിറ്റല്‍വത്ക്കരണമാണ് ഐടി മേഖലയ്ക്ക് കരുത്ത് പകരുന്നത്.