Summary
മുംബൈ: രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിക്കുന്നതിനുള്ള 100 കോടി രൂപയുടെ ചുരുങ്ങിയ പ്രവേശന മാനദണ്ഡം (എന്‍ട്രി ക്യാപ്) നീക്കം ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കുമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡ. ഏറ്റവും താഴ്ന്ന നിരക്ക് നിലവിൽ വന്നാൽ ഈ മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. "ഇന്ത്യയില്‍ ഒരു ഇന്‍ഷുറന്‍സ് ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങള്‍ 100 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്. എന്നാല്‍, ഒന്നിലധികം ഇന്‍ഷുറന്‍സ് കമ്പനികളെ — […]
മുംബൈ: രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിക്കുന്നതിനുള്ള 100 കോടി രൂപയുടെ ചുരുങ്ങിയ പ്രവേശന മാനദണ്ഡം (എന്‍ട്രി ക്യാപ്) നീക്കം ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കുമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡ. ഏറ്റവും താഴ്ന്ന നിരക്ക് നിലവിൽ വന്നാൽ ഈ മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
"ഇന്ത്യയില്‍ ഒരു ഇന്‍ഷുറന്‍സ് ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങള്‍ 100 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്. എന്നാല്‍, ഒന്നിലധികം ഇന്‍ഷുറന്‍സ് കമ്പനികളെ — പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികള്‍, വ്യത്യസ്ത തരം കമ്പനികൾ തുടങ്ങിയവയെ — ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. 100 കോടി രൂപയുടെ പ്രവേശന യോഗ്യത ഇതിനൊരു തടസ്സമായേക്കാം," അദ്ദേഹം പറഞ്ഞു.
അതിനാല്‍, നിയമം ഭേദഗതി ചെയ്യാനും, മിനിമം മാനദണ്ഡത്തില്‍ കുറവു വരുത്തുവാനും ഞങ്ങള്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ മൂന്ന്-നാല് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ ഐആര്‍ഡിഎഐ നിയന്ത്രണങ്ങള്‍, നിയമത്തിന് ആവശ്യമായ ഭേദഗതികള്‍, വിതരണ മാര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ പുനഃപരിശോധിക്കും.
"താഴ്ന്ന വരുമാനക്കാര്‍, ചെറിയ വ്യാപാരികള്‍, കടക്കാര്‍, സൂക്ഷമ സംരംഭകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്കായി സേവനങ്ങള്‍ ലഭ്യമാക്കുന്നത് പരിശോധിക്കാന്‍ ഈ ഗ്രൂപ്പിനോട് ആവശ്യപ്പെടും, വര്‍ക്കിംഗ് ഗ്രൂപ്പുകളിലൊന്ന് സാങ്കേതികവിദ്യയും, ഡാറ്റ മാനേജുമെന്റും പരിശോധിക്കും," അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ നിന്ന് തത്വാധിഷ്ഠിത നിയന്ത്രണങ്ങളിലേക്ക് റെഗുലേറ്റര്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.