3 April 2022 12:30 AM IST
Summary
കൊച്ചി: റബര്‍ മേഖലയുടെ വളര്‍ച്ച, ബിസിനസ് എളുപ്പമാക്കല്‍, ലൈസന്‍സ് പുതുക്കല്‍ ഒഴിവാക്കി ഒറ്റത്തവണ രജിസ്ട്രേഷന്‍, പ്രകൃതിദത്ത റബര്‍ കയ്യില്‍ വെയ്ക്കുന്നതിനുള്ള അനുമതി ഒഴിവാക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ റബര്‍ ബില്ലിന്റെ കരട് കേന്ദ്ര വാണിജ്യ മന്ത്രാലയം അഭിപ്രായങ്ങൾക്കും, നിര്‍ദ്ദേശങ്ങള്‍ക്കുമായി റബര്‍ ബോര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒമ്പത് വരെയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം. 1947 ലെ റബര്‍ നിയമത്തില്‍ കാലാകാലങ്ങളില്‍ ഭേദഗതികള്‍ വരുത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ ആ നിയമത്തെ പൂര്‍ണമായും റദ്ദ് ചെയ്ത് പുതിയ നിയമം […]
കൊച്ചി: റബര്‍ മേഖലയുടെ വളര്‍ച്ച, ബിസിനസ് എളുപ്പമാക്കല്‍, ലൈസന്‍സ് പുതുക്കല്‍ ഒഴിവാക്കി ഒറ്റത്തവണ രജിസ്ട്രേഷന്‍, പ്രകൃതിദത്ത റബര്‍ കയ്യില്‍ വെയ്ക്കുന്നതിനുള്ള അനുമതി ഒഴിവാക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ റബര്‍ ബില്ലിന്റെ കരട് കേന്ദ്ര വാണിജ്യ മന്ത്രാലയം അഭിപ്രായങ്ങൾക്കും, നിര്‍ദ്ദേശങ്ങള്‍ക്കുമായി റബര്‍ ബോര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒമ്പത് വരെയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം.
1947 ലെ റബര്‍ നിയമത്തില്‍ കാലാകാലങ്ങളില്‍ ഭേദഗതികള്‍ വരുത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ ആ നിയമത്തെ പൂര്‍ണമായും റദ്ദ് ചെയ്ത് പുതിയ നിയമം കൊണ്ടു വരുന്നതിനെതിരെ കേരളമടക്കം പ്രതിഷേധം അറിയിച്ചിരുന്നു. കേരളത്തിലെ എംപിമാർ, കൃഷിമന്ത്രി പി പ്രസാദ്, റബര്‍ മേഖലയിലെ വിദഗ്ധർ അടക്കമുള്ളവര്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ കണ്ടും, കത്തുകളയച്ചും സംസ്ഥാനത്തിന്റെ എതിര്‍പ്പുകളും, ആശങ്കകളും രേഖപ്പെടുത്തിയിരുന്നു.
കേരളത്തിലെ റബര്‍ കര്‍ഷകരും ആശങ്കയിലാണ്. മിനിമം താങ്ങുവിലയും, ചെലവുകൾ കഴിഞ്ഞ് ചെറിയൊരു ലാഭവും ലഭിച്ചാല്‍ റബര്‍ കൃഷിയില്‍ തുടരാനാഗ്രഹിക്കുന്നവരാണ് തങ്ങളെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
"റബറിന്റെ കുറഞ്ഞ വിപണി വിലയും, കൂടിയ വിലയും എത്രയായിരിക്കണമെന്നത് പുതിയ ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നാണ്. ടയറിന്റെ വില പരമാവധി ഇത്രയേയാകാവൂ എന്നു പറയാതെ റബറിന്റെ വില മാത്രം നിശ്ചയിക്കുന്നതെന്തിനാണ്? ടയര്‍ വ്യവസായികളെയും, കൃത്രിമ റബര്‍ നിര്‍മ്മാതാക്കളെയും സഹായിക്കുന്നതാണിത്," മുന്‍ ഐഎഎസ് ഉദ്യേഗസ്ഥനായ പിസി സിറയക് അഭിപ്രായപ്പെടുന്നു.
പ്രകൃതി ദത്ത റബറിന്റെ ഇറക്കുമതി, വില്‍പ്പന, ആഭ്യന്തര വിപണിയില്‍ നിന്നുള്ള വാങ്ങല്‍, പുതിയ പ്ലാന്റേഷനുകള്‍, നിലവിലുള്ളവയുടെ വിപുലീകരണം, ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, കയറ്റുമതി, നൈപുണ്യ വികസനം, നേരത്തെയുണ്ടായിരുന്ന ശിക്ഷാ നടപടികള്‍ക്ക് പകരമായി പിഴ ഈടാക്കല്‍, വന്‍കിട കര്‍ഷകര്‍, ഡീലര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കായി നിലവിലെ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ചില ലൈസന്‍സുകളുടെ പരിഷ്‌കരണം എന്നിങ്ങനെ റബര്‍ മേഖലയെ അടിമുടി ഉടച്ചുവാര്‍ത്ത് രാജ്യത്തെ റബര്‍ വ്യവസായത്തെ ലോകോത്തര വ്യവസായ മേഖലയായി മാറ്റുന്നതാണ് പുതിയ നിയമമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
എംഎസ് സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം, ഉത്പാദനച്ചെലവു കണ്ടു പിടിച്ച് കര്‍ഷകര്‍ക്ക് ലാഭം കിട്ടത്തക്ക വിധത്തില്‍ വേണം മിനിമം താങ്ങുവില നല്‍കാന്‍. താങ്ങു വിലയ്ക്കും താഴെ വില കുറഞ്ഞാല്‍ സര്‍ക്കാര്‍ ഇടപെടണം എന്ന് പഴയ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഒട്ടുപാലടക്കമുള്ള ക്രൂഡ് റബറിനെ പ്രകൃതി ദത്ത റബറായി തന്നെയാണ് പുതിയ ബില്ലില്‍ പറഞ്ഞിരിക്കുന്നത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം റബറില്‍ ധാരാളം ബാക്ടീരിയകളുണ്ടാകാം. അത് നമ്മുടെ നാട്ടിലെ റബറിനെ നശിപ്പിച്ചേക്കാം. ഒരു കാലത്ത് റബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീലിന്റെ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യാം, സിറിയക് അഭിപ്രായപ്പെട്ടു.
പുതിയ ബില്ലു വരുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകള്‍ ഉണ്ടായിരിക്കണം എന്നുമാത്രമാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷര്‍ക്ക് വേണ്ടത് മിനിമം താങ്ങു വിലയാണ്, കോട്ടയം ജില്ലയിലെ ഐങ്കൊപ്പ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ബിന്നി മാത്യു പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞത് 200 രൂപയെങ്കിലും റബറിന് വില ലഭിക്കണം. എങ്കിലേ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ. റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്കും പിന്തുണ നല്‍കേണ്ടതുണ്ട്. കാരണം വൈദഗ്ധ്യം വേണ്ട തൊഴിലാണിതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം വരുന്നതോടെ റബര്‍ ബോര്‍ഡിന്റെ അധികാരങ്ങള്‍ നഷ്ടപ്പെടും. റബര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരെ കോടതിയെ സമീപിക്കാനാവില്ല. വ്യാപാരികള്‍ ലൈസന്‍സ് എടുക്കുകയും, കാലാകാലങ്ങളില്‍ പുതുക്കുകയും വേണം എന്നുള്ളതൊക്കെ മാറി ഒറ്റത്തവണ രജിസ്ട്രേഷന്‍, റബർ ഇടപാടുകളുടെ രേഖകള്‍ അധികാരികൾക്ക് നല്‍കാതിരിക്കല്‍ ഇതൊക്കെ ഈ മേഖലയെ ദോഷകരമായി ബാധിക്കും, സിറിയക് കൂട്ടിച്ചേർത്തു.
2021-22 സാമ്പത്തിക വര്‍ഷത്തിൽ 2021 ഡിസംബര്‍ വരെ, ഇന്ത്യയുടെ പ്രകൃതി ദത്ത റബറിന്റെ ഇറക്കുമതിയും, കയറ്റുമതിയും യഥാക്രമം 4,07,930 ടണ്ണും 2,939 ടണ്ണുമായിരുന്നു. ഇക്കാലയളവില്‍ ഉത്പാദനം 5,60,000 ടണ്ണും, ഉപഭോഗം 9,17,000 ടണ്ണുമാണ്. ആഗോളതലത്തില്‍ ഇന്ത്യ റബര്‍ ഉത്പാദനത്തില്‍ അഞ്ചാം സ്ഥാനത്തും, ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്തുമാണ്.