ഡെല്‍ഹി : ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിപ്പ് നടത്തിയതിന് രാജ്യത്തെ 11 ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ നിന്ന് 95.86 കോടി രൂപ...
ഡെല്‍ഹി : ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിപ്പ് നടത്തിയതിന് രാജ്യത്തെ 11 ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ നിന്ന് 95.86 കോടി രൂപ കണ്ടുകെട്ടിയെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ഇനിയും പല ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കും പിടി വീഴുമെന്ന് സൂചന. പിഴയും ഒപ്പും അതിന്റെ പലിശയും ചേര്‍ന്നുള്ള തുകയാണ് പിടിച്ചെടുത്തതെന്നും അറിയിപ്പിലുണ്ട്.
സന്‍മൈ ലാബ്സ് (വാസിര്‍ എക്‌സ്), കോയിന്‍ ഡിസിഎക്‌സ്, കോയന്‍ സ്വിച്ച് കൂബര്‍, ബൈ യു കോയിന്‍, യൂണോ കോയിന്‍, ഫ്‌ളിറ്റ് പേ, സെബ് ഐടി സര്‍വീസസ്, സെക്യൂവര്‍ ബിറ്റ്‌കോയിന്‍ ട്രേഡേഴ്‌സ്, ജിയോട്ടസ് ടെക്‌നോളജി, അവ്‌ലന്‍ക്യാന്‍ ഇന്നോവേഷന്‍സ് ഇന്ത്യ (സെബ് പേ), ഡിസിഡിയം ഇന്റര്‍നെറ്റ് ലാബ്‌സ് എന്നീ കമ്പനികളാണ് നികുതി വെട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
81.54 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തുകയും 95.86 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ വ്യക്തമാക്കി. സന്‍മൈ ലാബ്‌സില്‍ നിന്ന് (വാസിര്‍ എക്‌സ്) 49.18 കോടി രൂപയും കോയിന്‍ ഡിസിഎക്‌സില്‍ നിന്ന് 17.1 കോടി രൂപയും കോയിന്‍ സ്വിച്ച് കൂബറില്‍ നിന്ന് 16.07 കോടി രൂപയും കണ്ടെടുത്തു.
ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ചയായത് ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇവ എങ്ങനെ ബാധകമാവും എന്നാണ്. പിന്നീട് ജിഎസ്ടി നിയമത്തിന്റെ പരിധിയില്‍ ക്രിപ്‌റ്റോ കറന്‍സികളേയും കൊണ്ടു വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം ബാങ്കുകളില്‍ നിന്നും ക്രിപ്‌റ്റോ ഏക്‌സ്‌ചേഞ്ചുകളില്‍ നിന്നും ഇടപാടുകള്‍ സംബന്ധിച്ച വാര്‍ഷിക ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ് (എഐഎസ്) ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍. നിലവില്‍ സ്വയം വെളിപ്പെടുത്തല്‍ എന്ന നിലയിലാണ് ഇടപാട് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നത്. അതായത് അക്കൗണ്ടിംഗ് രേഖകള്‍ പോലുള്ളവയ്ക്ക് പകരം ബാങ്കുകളും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും നല്‍കുന്ന റിപ്പോര്‍ട്ട്. ഇവയ്ക്ക് ആധികാരികത ഉറപ്പ് പറയാനാകില്ല.
അതിനാലാണ് ഇടപാടുകളുടെ സമഗ്ര വിവരങ്ങള്‍ അക്കൗണ്ടിംഗ് റിപ്പോര്‍ട്ടുകളും വ്യക്തിഗത ഇടപാട് രേഖകളും വഴി വിശദമായി അറിയാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് പഴുതില്ലാത്ത വിധം നികുതി ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.