19 March 2022 8:00 PM GMT
Summary
കോവിഡ് മഹാമാരി ലോകത്ത് കനത്ത പ്രഹരമേല്‍പ്പിച്ചപ്പോള്‍ മുന്‍നിര പോരാളികളായി പോരുതിയ രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ടായിരിന്നു. ഇതോടെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇന്ത്യ ലോക ശ്രദ്ധ ആകര്‍ഷിച്ച് തുടങ്ങി. താങ്ങാവുന്ന വിലയില്‍ മികച്ച ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കി ഇന്ത്യൻ ഫാര്‍മ ആഗോള ശ്രദ്ധ നേടി. 2000 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏതാണ്ട് 17.99 ബില്യണ്‍ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഈ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ മൂല്യം […]
കോവിഡ് മഹാമാരി ലോകത്ത് കനത്ത പ്രഹരമേല്‍പ്പിച്ചപ്പോള്‍ മുന്‍നിര പോരാളികളായി പോരുതിയ രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ടായിരിന്നു. ഇതോടെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇന്ത്യ ലോക ശ്രദ്ധ ആകര്‍ഷിച്ച് തുടങ്ങി. താങ്ങാവുന്ന വിലയില്‍ മികച്ച ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കി ഇന്ത്യൻ ഫാര്‍മ ആഗോള ശ്രദ്ധ നേടി. 2000 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏതാണ്ട് 17.99 ബില്യണ്‍ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഈ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ മൂല്യം 41.7 ബില്യണ്‍ ഡോളറാണ്. 200 ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ മരുന്നുകള്‍ എത്തുന്നത്. 60 ചികിത്സാ വിഭാഗങ്ങളിലായി 60,000 ജനറിക് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം.
അതേസമയം റഷ്യ-യുക്രെന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ഫാര്‍മാ മേഖല സൂക്ഷമായ നിരീക്ഷണമാണ് നടത്തുന്നത്. ഫാര്‍മാ മേഖലയിലെ ആഗോള ഭീമനായുള്ള ഇന്ത്യയുടെ കുതിപ്പിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് റഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍.
പാശ്ചാത്യ പിന്മാറ്റം ഇന്ത്യക്കനുകൂലം
റഷ്യ-യുക്രെന്‍ യുദ്ധത്തില്‍ പല രാജ്യങ്ങളില്‍ നിന്നും റഷ്യ കടുത്ത ഉപരോധങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യന്‍ നയത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിരവധി വമ്പന്‍ കമ്പനികള്‍ ഇതിനോടകം രാജ്യം വിട്ടുകഴിഞ്ഞു. തത് സ്ഥിതി ഭീകരമായി തുടരുന്നതോടെ കൂടുതല്‍ വിദേശ കമ്പനികള്‍ പിന്‍വാങ്ങിയതിനാല്‍ റഷ്യന്‍ ഫാര്‍മാ വിപണിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നേക്കും.
ഇന്ത്യ ഒരു ലോക ഫാര്‍സിയാണെന്ന റഷ്യന്‍ അബാസിഡറിന്റെ പ്രസ്താവന ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു കൊടുക്കും. ജനറിക് മരുന്നുകളുടെ മുന്‍നിര നിര്‍മാതാക്കളായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രതിനിധി ഡെനിസ് അലിപോവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ ചാര്‍ട്ടറും പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയില്‍ റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയിലെ പ്രമേയങ്ങളിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.യുദ്ധത്തില്‍ പക്ഷം ചേരാതെ മുന്നോട്ട് പോകുന്ന സാഹചര്യത്തിലും ഇന്ത്യ കുറഞ്ഞ വിലയില്‍ അസംസ്‌കൃത എണ്ണ വാങ്ങിയത് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട്.
പാശ്ചാത്യ വിപണികളേക്കാള്‍ നിര്‍മാണ ചെലവ് 33 ശതമാനം കുറവാണ് ഇന്ത്യന്‍ മരുന്നുകള്‍ക്കെന്നുള്ളതു കൊണ്ട് കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യയെ തേടിയെത്താന്‍ സാധ്യതയുണ്ട്. ആഗോള വിനിമയ കറന്‍സികള്‍ക്ക് പകരം ഇന്ത്യ റഷ്യ കറന്‍സികള്‍ നേരിട്ട് വിനിമയം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു. രൂപയും റൂബിളും വിനിമയം നടത്തുന്നതിലെ പ്രധാന മേഖല ഫാര്‍മയാണെന്നാണ് സൂചന.
ഇന്ത്യന്‍ കരുത്ത് യുക്രെയ്‌നിലും
ഇന്ത്യ യുക്രെയ്ന്‍ ബന്ധത്തിലും ഫാര്‍മാ മേഖല നല്‍കുന്ന സംഭാവന ചെറുതല്ല. യുക്രെയ്‌നിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ ഭൂരിഭാഗവും മരുന്നുകളാണ്. യുക്രെയ്‌നിലേക്ക് മരുന്നു കയറ്റുമതി ചെയ്യുന്നവരില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. വാണിജ്യ വകുപ്പിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ഫാര്‍മക്സില്‍) ഡാറ്റാ പ്രകാരം 2021 സാമ്പത്തിക വര്‍ഷത്തില്‍ ഉക്രെയ്‌നിലേക്ക് 181 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 44 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
ഇന്ത്യന്‍ ഫാര്‍മ കമ്പനികളായ റാന്‍ബാക്സി, ഡോ റെഡ്ഡീസ് ലാബോറട്ടറീസ്, സണ്‍ ഗ്രൂപ്പ് എന്നിവയ്ക്ക് യുക്രെയ്‌നില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ ഫാര്‍മ കമ്പനികളുടെ ബിസിനസ് പ്രതിനിധികള്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചേര്‍സ് അസോസിയേഷന്‍ (IPMA) എന്ന സംഘടനയും രൂപീകരിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളില്‍ സ്ഥിതിഗതികള്‍ പ്രവചാതീതമാണെന്ന താണ് വാസ്തവം.
കൊവിഡിലും തളരാതെ
പകര്‍ച്ചാ വ്യാധിയുടെ കാലത്തും 150 ഓളം രാജ്യങ്ങള്‍ക്ക് അവശ്യ മരുന്നുകള്‍ ലഭ്യമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിലും 2020 ല്‍ ഏതാണ്ട് 18 ശതമാനം കയറ്റുമതി വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്. ഈ വര്‍ഷം 100 രാജ്യങ്ങളിലേക്ക് 65 ദശലക്ഷത്തിലധികം കോവിഡ് വാക്‌സിനുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. സിപ്ല, സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ഫാര്‍മാ കമ്പനികള്‍ ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നത് ഫാര്‍മാ മേഖലയില്‍ രാജ്യം കരുത്തു തെളിയിച്ചതിന്റെ സൂചനയാണ്. ആഗോള തലത്തില്‍ ജനറിക് മരുന്നുകളില്‍ 20 ശതമാനം ഇന്ത്യയില്‍ നിന്നാണ്. 2020-21 ലെ ഇന്ത്യയുടെ കയറ്റുമതി മൂല്യം 24.44 ബില്യണ്‍ ഡോളറാണ്.
ഭാവിയിലേക്ക് ചുവടുറപ്പിച്ച്
2021 ലെ ഇന്ത്യന്‍ സാമ്പത്തിക സര്‍വേ അനുസരിച്ച്, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിപണി 3 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം 2024 ഓടെ 65 ബില്യണ്‍ ഡോളറായും 2030 ഓടെ 130 ബില്യണ്‍ ഡോളറായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മരുന്നിൻറെ ചെലവ് 9 മുതല്‍ 12 ശതമാനം വരെ വളരുമെന്ന് കരുതപ്പെടുന്നു. മരുന്ന് ചെലവുകളുടെ കാര്യത്തില്‍ മികച്ച 10 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെ നയിക്കുമെന്നാണ് വിദഗ്ദ വിലയിരുത്തലുകള്‍. ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് അനുസരിച്ച് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍.