Summary
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര കലാപം നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സാമ്പത്തിക, സാമൂഹിക പിന്തുണയും ഉറപ്പു നല്‍കിയതായി ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്‌സ. ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഒരു ബില്യണ്‍ ഡോളര്‍ (7,600 കോടി രൂപ) വായ്പയായി നല്‍കാന്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്‌സയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ധാരണമായിരുന്നു. ശ്രീലങ്കയുമായി ഏറ്റവും അടുത്ത അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അന്താരാഷ്ട്ര വേദികളിലെ പിന്തുണ […]
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര കലാപം നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സാമ്പത്തിക, സാമൂഹിക പിന്തുണയും ഉറപ്പു നല്‍കിയതായി ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്‌സ.
ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഒരു ബില്യണ്‍ ഡോളര്‍ (7,600 കോടി രൂപ) വായ്പയായി നല്‍കാന്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്‌സയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ധാരണമായിരുന്നു.
ശ്രീലങ്കയുമായി ഏറ്റവും അടുത്ത അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അന്താരാഷ്ട്ര വേദികളിലെ പിന്തുണ ഉള്‍പ്പെടെ സാമ്പത്തികവും, സാമൂഹികവുമായ എല്ലാ കാര്യങ്ങളിലും ഇന്ത്യ ശ്രീലങ്കയെ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
എണ്ണ ഇറക്കുമതിയെ പൂര്‍ണ്ണമായി ആശ്രയിച്ചിരുന്ന ശ്രീലങ്കയുടെ ഊര്‍ജ മേഖലയെ വിദേശ നാണ്യ ദൗര്‍ലഭ്യം സാരമായി ബാധിച്ചുകഴിഞ്ഞു. ഇന്ധന ക്ഷാമം രാജ്യത്തുടനീളം പമ്പുകളിൽ നീണ്ട ക്യൂവിനും, സംഘര്‍ഷങ്ങള്‍ക്കും കാരണമായി.
ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം ഇന്ത്യ എപ്പോഴും നിലകൊള്ളുന്നുവെന്നും, രാജ്യത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
വായ്പയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരച്ചടവിന് പ്രത്യേക വ്യവസ്ഥകളൊന്നുമില്ലെന്ന് രജപക്‌സ പറഞ്ഞു. ഇന്ത്യ നല്‍കിയ വായ്പയ്ക്ക് കീഴില്‍ ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പ്രാദേശിക ഇറക്കുമതിക്കാര്‍ക്ക് ഇപ്പോള്‍ സ്വാതന്ത്ര്യമുണ്ട്. ഇറക്കുമതിക്കാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പ്രാദേശിക വ്യാപാരം മന്ത്രാലയം സുതാര്യമായ പ്രക്രിയകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ കരുതല്‍ ശേഖരത്തിലെ ക്ഷാമം വര്‍ധിച്ചതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ശ്രീലങ്ക 40,000 ടണ്‍ ഡീസലും, പെട്രോളും കഴിഞ്ഞ മാസം വാങ്ങിയിരുന്നു.
ശ്രീലങ്കയിലെ പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം കുറച്ചതാണ് അവശ്യസാധനങ്ങളുടെയും, ഇന്ധനങ്ങളുടെയും വില കുതിച്ചുയരാന്‍ കാരണം.
ഇന്ധനം, ഗ്യാസ്, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കായി നീണ്ട നിരയാണ് രാജ്യത്തുടനീളം ദൃശ്യമാകുന്നത്. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനത്തിന്റെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഏഴരമണിക്കൂര്‍ പവര്‍ക്കട്ടും രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സ്വീകരിക്കാനുള്ള വിദഗ്ധരുടെ ഉപദേശം അവഗണിച്ചുകൊണ്ട് ശ്രീലങ്ക ഇന്ത്യന്‍ സഹായമാണ് തിരഞ്ഞെടുത്തത്. അതേസമയം, ഈ ആഴ്ച ആദ്യം പ്രസിഡന്റ് ഗോതബായ രാജപക്സ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു നയ മാറ്റം പ്രഖ്യാപിക്കുകയും, സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിന് ഐഎംഎഫുമായി ചേർന്ന് പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.