സാമ്പത്തിക പ്രശ്നങ്ങള്‍ നമ്മെ പലപ്പോഴും അലട്ടാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെമുന്നിലുള്ള വിവിധ സാധ്യതകളില്‍ ഒന്നാണ് വായ്പ. പല തരം...
സാമ്പത്തിക പ്രശ്നങ്ങള്‍ നമ്മെ പലപ്പോഴും അലട്ടാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെമുന്നിലുള്ള വിവിധ സാധ്യതകളില്‍ ഒന്നാണ് വായ്പ. പല തരം വായ്പകള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ ഏത് തെരഞ്ഞെടുക്കണമെന്ന് ചിലപ്പോഴെല്ലാം ആശയക്കുഴപ്പമുണ്ടാകാം. പല വായ്പകളും ലഭിക്കുന്നതിന് കാലതമസം ഉണ്ടാകാറുണ്ട്. അതുകൊണ്ട് സമയത്ത് ആവശ്യം നടന്നുകൊള്ളണമെന്നില്ല. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ പലപ്പോഴും നമ്മുക്ക് ആശ്രയിക്കാവുന്നത് വ്യക്തിഗത വായ്പകളോ സ്വര്‍ണ പണയ വായ്പകളോ ആണ്. വ്യക്തിഗത വായ്പയ്ക്ക്് കൃത്യമായ വരുമാനവും മോശമല്ലാത്ത ക്രെഡിറ്റ് സ്‌കോറുമെല്ലാം ആവശ്യമാണ് എങ്കിലും സ്വര്‍ണ പണയ വായ്പകള്‍ക്ക് ഇത് ബാധകമല്ല.
സ്വര്‍ണവായ്പ
സ്വര്‍ണം ധനകാര്യ സ്ഥാപനത്തില്‍ ഈടായി സ്വീകരിച്ചുകൊണ്ടാണ് ഇത് നല്‍കുന്നത്. സ്വര്‍ണ ഉരുപ്പടിയുടെ തൂക്കമനുസരിച്ച് ഗ്രാമിന് മൂല്യം കണക്കാകിയാണ് വായ്പ തുക ഇവിടെ നിശ്ചയിക്കുന്നത്. പലിശ അടച്ച് കാലാവധി എത്തുമ്പോള്‍ സ്വര്‍ണം വീണ്ടെടുക്കാം. പ്രതിമാസം തിരിച്ചടയ്ക്കാനുള്ള സംവിധാനവും പല ബാങ്കുകളും ഇപ്പോള്‍ നല്‍കുന്നുണ്ട്.
വ്യക്തിഗത വായ്പ
സ്വര്‍ണ വായ്പയോട് സമാനതകള്‍ ഉണ്ടെങ്കിലും വായ്പാ തുക ലഭിക്കുന്നതിനായി ഈട് ആവശ്യമില്ലാത്ത ഒന്നാണ് വ്യക്തിഗത വായ്പ. അതുകൊണ്ട് വായ്പാ തുക വളരെ കുറവായിരിക്കും. സ്ഥിരവരുമാനമില്ലാത്തവര്‍ക്ക് വ്യക്തിഗത വായ്പ ലഭിക്കാന്‍ പ്രയാസമാണ്. ഇതിന് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും പരിഗണിക്കപ്പെടുന്നു.
പലിശനിരക്ക്
രണ്ട് വായ്പകള്‍ക്കും പലിശ നിരക്കില്‍ വ്യത്യാസമുണ്ട്. സാധാരണ നിലയില്‍ വ്യക്തിഗത വായ്പകള്‍ക്ക് 10 ശതമാനം വരെ പലിശ ഈടാക്കാറുണ്ട്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ് വായ്പ എങ്കില്‍ ഒന്നോ രണ്ടോ ശതമാനം കുറവുണ്ടാകും. ഈട് നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് പലിശനിരക്കില്‍ വ്യതിയാനങ്ങളുണ്ടാകും.
സ്വര്‍ണവായ്പ പലിശ ശരാശരി 7.5 മുതലാണ് ആരംഭിക്കുക. പൊതുമേഖലാ ബാങ്കുകളിലെ നിരക്കാണിത്. മറ്റ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും സ്വര്‍ണപണയ സ്ഥാപനങ്ങളും ഉയര്‍ന്ന നിരക്കിലാവും വായ്പ നല്‍കുക. അവിടെ ഈട് നല്‍കുന്ന സ്വര്‍ണമൂല്യത്തിന്റെ എത്ര ശതമാനമാണ് വായ്പ തുക എന്നതാണ് പരിഗണിക്കുക. തുക കൂടുതലാണെങ്കില്‍ പലിശയും കൂടുതലായിരിക്കും. ഇവിടെ പലിശ 12 മുതല്‍ 20 ശതമാനം വരെയുണ്ടാകും. സ്വകാര്യ ബാങ്കുകളുടെ വ്യക്തിഗത വായ്പയുടെ കാര്യത്തില്‍ പലിശനിക്ക് ശരാശരി 9 മുതല്‍ 24 ശതമാനം വരെയാണ്.
വായ്പാ കാലാവധി
ലഭിച്ച വായ്പ തിരിച്ചടയ്ക്കാനുള്ള നിശ്ചിത സമയത്തെയാണ് വായ്പാ കാലാവധി എന്ന് പറയുന്നത്. വ്യക്തിഗത വായ്പയ്ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുണ്ട്. സ്വര്‍ണവായ്പയുടെ കാര്യത്തില്‍ സാധാരണ ഒരു വര്‍ഷമാണ്. കൂടുതല്‍ കാലവധിയിലും വായ്പ ലഭിക്കും.
തിരിച്ചടവ് രീതികള്‍
സ്വര്‍ണ വായ്പയും വ്യക്തിഗത വായ്പയും ഇഎംഐയിലൂടെ തിരിച്ചയ്ക്കാം. ഉപഭോക്താവിന് ഒരു നിശ്ചിത പ്രതിമാസ തിരിച്ചടവ് തുക വായ്പ നല്‍കുന്നവര്‍ നിശ്ചിയിച്ച് അറിയിക്കുന്നു. വ്യക്തിഗത വായ്പയെ അപേക്ഷിച്ച് സ്വര്‍ണ വായ്പ തിരിച്ചടവ് എളുപ്പമാണ്. ചില സ്വര്‍ണവായ്പ പലിശ അടച്ച് പുതുക്കാനുള്ള സൗകര്യമുണ്ട്. വായ്പകാലാവധിയുടെ അവസാനഘട്ടത്തില്‍ മുതല്‍ അടയ്ക്കുകയും പലിശ മുന്‍കൂറായി അടയ്ക്കുകയും ചെയ്യുന്ന രീതിയുമുണ്ട്.
നടപടി ക്രമം
നടപടി കാലയളവ് വളരെ കുറവായതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ ആളുകള്‍ തിരഞ്ഞടുക്കുന്നത് വ്യക്തിഗത വായ്പയോ സ്വര്‍ണ വായ്പയോ ആണ്.വ്യക്തിഗത വായ്പയേക്കാള്‍ സ്വര്‍ണ വായ്പയാണ് വേഗത്തില്‍ ലഭിക്കുക. വ്യക്തിഗത ബിസിനസ്സ് വായ്പകള്‍ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ സാമ്പത്തിക ഭദ്രത പരിശോധിച്ച ശേഷമേ നല്‍കൂ.
പ്രോസസിംഗ് ഫീ
സ്വര്‍ണ വായ്പ ലഭിക്കുന്നതിന് പലവിധ പ്രോസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്. വ്യക്തിഗത വായ്പയുടെ കാര്യത്തില്‍ സര്‍വീസ് ചാര്‍ജ്, ഇന്‍ഷുറന്‍സ് എന്നിവയിലേക്ക് പ്രോസസിംഗ് ഫീ ചുരുങ്ങിയിരിക്കുന്നു.