image

15 Nov 2022 9:40 AM GMT

Banking

ഇ-റുപ്പി: റീട്ടെയില്‍ പൈലറ്റ് പ്രോജക്ടിലേക്ക് കൂടുതല്‍ ബാങ്കുകള്‍

MyFin Desk

e rupee pilot project
X

e rupee pilot project 

Summary

അഞ്ചു ബാങ്കുകളെയാണ് റീട്ടെയില്‍ പ്രോജക്ടിനായി ആര്‍ബിഐ ഉള്‍പ്പെടുത്തിയത്. എസ്ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഡെല്‍ഹി: രാജ്യത്ത് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഇറക്കുന്നതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ട് ആരംഭിച്ച് രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ പദ്ധതിയിലേക്ക് കൂടുതല്‍ ബാങ്കുകളെ ഉള്‍പ്പെടുത്തി ആര്‍ബിഐ. അഞ്ചു ബാങ്കുകളെയാണ് റീട്ടെയില്‍ പ്രോജക്ടിനായി ആര്‍ബിഐ ഉള്‍പ്പെടുത്തിയത്. എസ്ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) സഹകരിച്ചാണ് പൈലറ്റ് പ്രോജക്ട് നടക്കുന്നത്. പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിന് വ്യാപാരികള്‍ക്ക് ഇനി സാധിക്കും. ഇത്തരം അക്കൗണ്ടുകളിലൂടെ ഇ-റുപ്പി (സിബിഡിസി) ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ ആളുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ആര്‍ബിഐയുടെ 'ഡിജിറ്റല്‍ പണമായ' സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) പൈലറ്റ് പ്രോജക്ടില്‍ ആദ്യദിനം തന്നെ 275 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹോള്‍സെയില്‍ ഇടപാടുകള്‍ക്കുള്ള പൈലറ്റ് പ്രോജക്ടായിരുന്നു അത്.

സര്‍ക്കാര്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടിലാണ് സിബിഡിസി ആദ്യമായി ഉപയോഗിച്ചത്. പദ്ധതിയില്‍ ആദ്യമായി അക്കൗണ്ട് തുടങ്ങിയ ഒന്‍പത് ബാങ്കുകള്‍ 140 കോടിയുടെ (24 ട്രേഡ് ഇടപാടുകള്‍), 130 കോടി രൂപയുടെയും (23 ട്രേഡ് ഇടപാടുകള്‍) ഇടപാടുകളാണ് ഈ മാസം ഒന്നിന് നടത്തിയത്.

പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള ഡിജിറ്റല്‍ കറന്‍സി ഒരു മാസത്തിനകം ഇറക്കുമെന്നും ആര്‍ബിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ ബാങ്കുകളെല്ലാം തന്നെ ആര്‍ബിഐയുമായി ഇടപാട് നടത്തുന്നതിന് പ്രത്യേക അക്കൗണ്ടുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കാന്‍ സിബിഡിസി സഹായിക്കുമെന്നും, ഇടപാടുകളുടെ ചെലവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കുമെന്നും ആര്‍ബിഐ ഇറക്കിയ പ്രസ്താവനയിലുണ്ട്. 2022-23 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ ആമുഖം അവതരിപ്പിച്ചിരുന്നു.