മഹാമാരി പാടെ തകര്‍ത്ത ചെറുകിട- ഇടത്തരം സംരംഭക മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അഞ്ച് ശതമാനം...
മഹാമാരി പാടെ തകര്‍ത്ത ചെറുകിട- ഇടത്തരം സംരംഭക മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്സി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സംരംഭകത്വ വികസന പദ്ധതി പ്രകാരം നിലവില്‍ ലഭിക്കുന്നത് ഏഴ് ശതമാനം പലിശയില്‍ അന്‍പത് ലക്ഷം രൂപയാണ്. പുതുക്കിയ രീതിയനുസരിച്ച് വായ്പ തുക ഒരു കോടി രൂപയായി വര്‍ധിപ്പിക്കുകയും പലിശ അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തു.
കേരളത്തില്‍ സംരംഭങ്ങളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പരിഷ്‌കരിച്ചിരിക്കുന്നത്. ഒരു വര്‍ഷം 500 സംരംഭങ്ങളെന്ന തോതില്‍ അഞ്ച് വര്‍ഷംകൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി ഒരു വര്‍ഷം 300 കോടി രൂപ വീതം കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ നീക്കിവയ്ക്കും. പദ്ധതിയില്‍ മൂന്നു ശതമാനം സബ്സിഡി കേരള സര്‍ക്കാരും, രണ്ട് ശതമാനം പലിശ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും നല്‍കും.
പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലുള്ള സംരംഭങ്ങള്‍ ആധുനികവത്കരിക്കാനും പദ്ധതി പ്രകാരം വായ്പ ലഭിക്കും. ഈ വയ്പ ലഭിക്കുന്നതിന് വ്യവസായ യൂണിറ്റുകള്‍ക്ക് എംഎസ്എംഇ രജിസ്ട്രേഷന്‍ ഉണ്ടാവണം. മാത്രമല്ല സംരംഭകന്റെ പ്രായം 50 വയസ്സില്‍ താഴെയായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കും, വനിതാ സംരംഭകര്‍ക്കും, പ്രവാസി സംരംഭകര്‍ക്കും പ്രായപരിധി 55 വയസ്സാണ്. പദ്ധതി ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പയായി ലഭിക്കുന്നത്. പുതിയ സംരംഭങ്ങള്‍ക്കായി ഒരു കോടി രൂപയ്ക്ക് മുകളിലും പദ്ധതിയിലുടെ വായ്പ ലഭ്യമാണ്. ഇതിന് അഞ്ച് ശതമാനം പലിശ ഈടാക്കും. പദ്ധതിക്ക് പത്ത് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പലിശയിളവ് അഞ്ചുവര്‍ഷത്തേക്കും. കോവിഡ് മൂലം തകര്‍ന്നിരിക്കുന്ന ചെറുകിട ഇടത്തരം സംരംഭക മേഖലയ്ക്ക് വളരെ ആശ്വാസമാണ് ഇത്തരം പദ്ധതികള്‍.