ഡെല്‍ഹി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലെ സംഭവ വികാസങ്ങൾ വിദേശ ബാങ്കുകളെ ആശങ്കയിലാക്കുന്നുണ്ടെന്ന സൂചനയാണ്...
ഡെല്‍ഹി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലെ സംഭവ വികാസങ്ങൾ വിദേശ ബാങ്കുകളെ ആശങ്കയിലാക്കുന്നുണ്ടെന്ന സൂചനയാണ് പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചുകൊണ്ട് സിറ്റി ബാങ്ക് നല്‍കുന്നത്. പ്രമുഖ അമേരിക്കന്‍ ബാങ്കായ സിറ്റി ഇന്ത്യയിലെ ബിസിനസ് ആക്‌സിസ് ബാങ്കിന് 12,325 കോടി രൂപയ്ക്ക് കൈമാറി പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഏതാണ്ട് പത്തോളം വിദേശ ധനകാര്യ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ നിന്നും ബിസിനസ് അവസാനിപ്പിച്ച് പോയിരിക്കുന്നത്. ആഗോള തന്ത്രങ്ങളും, ബ്രാഞ്ച് ബാങ്കിംഗിനെ അനാവശ്യമാക്കുന്ന ഓട്ടോമേഷന്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് പോലുള്ള സാങ്കേതിക വിദ്യകളുടെ മുന്നേറ്റങ്ങളുമടക്കം വിവിധ കാരണങ്ങളാണ് ഇന്ത്യയിലെ സാന്നിധ്യം വെട്ടിക്കുറക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയുടെ റെഗുലേറ്ററി നയങ്ങളുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ വിദേശ വായ്പാ ദാതാക്കളെ വലയ്ക്കുന്നുണ്ട്. ഗവൺമെന്റ് നിശ്ചയിക്കുന്ന മുന്‍ഗണനാ മേഖലകളിലേക്ക് വായ്പയുടെ 40 ശതമാനം നീക്കിവയ്ക്കണം. അല്ലെങ്കില്‍ പിഴ ഈടാക്കണമെന്നാണ് വ്യവസ്ഥ.
സിറ്റി ബാങ്കിന്റെ പിന്മാറ്റത്തിന് മുന്‍പ് തന്നെ ആഗോള ബാങ്കിംഗ് പ്രമുഖരായ ആര്‍ബിഎസ്, കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ, ബാര്‍ക്ലേയ്സ്, ഡ്യൂഷേ ബാങ്ക്, യുബിഎസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, മെറില്‍ ലിഞ്ച്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബിഎന്‍പി പാരിബ എന്നിവ ഇന്ത്യയിലെ ഇടപാടുകള്‍ കുറച്ചിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ സിറ്റി ബാങ്കും പ്രവേശിച്ചിരിക്കുന്നത്.
1902 ല്‍ ഇന്ത്യൻ വിപണിയില്‍ പ്രവേശിച്ച സിറ്റി 1985 ലാണ് ഉപഭോക്തൃ ബാങ്കിംഗ് ബിസിനസ്സ് ആരംഭിച്ചത്. മൂലധനം സംരക്ഷിക്കുന്നതിനും, ഉയര്‍ന്ന വരുമാന മാര്‍ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി 13 വിപണികളിലെ റീട്ടെയില്‍ ബിസിനസുകളില്‍ നിന്ന് പുറത്തുകടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സിറ്റിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ഓസ്ട്രേലിയ ന്യൂസിലാന്‍ഡ് ബാങ്ക് (എഎന്‍സെഡ്) 2000 ല്‍ ഗ്രിന്‍ഡ്ലേസ് ബാങ്ക് യൂണിറ്റിനെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന് 1.34 ബില്യണ്‍ ഡോളറിന് വിറ്റതിന് ശേഷം ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. എന്നാല്‍ അവർ 2011-ല്‍ മുംബൈയില്‍ ശാഖ ആരംഭിച്ച് ഇന്ത്യന്‍ വിപണിയില്‍ മടങ്ങിയെത്തി. ഗ്രിന്‍ഡ്ലേസ് ബാങ്ക് എന്ന പേരില്‍ 1984 മുതല്‍ എഎന്‍സെഡ് ഇന്ത്യയില്‍ ഉണ്ടായിരുന്നു.
കൂടാതെ, 2011 ല്‍ ഡ്യൂഷേ ബാങ്ക് അതിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് വിറ്റു. 2013 ല്‍ യുബിഎസ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങൾ നിര്‍ത്തി. അതേസമയം, മോര്‍ഗന്‍ സ്റ്റാന്‍ലി അതിന്റെ നിക്ഷേപ ബാങ്കിംഗ് ബിസിനസ്സ് തുടരുകയും, ബാങ്കിംഗ് ലൈസന്‍സ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
2012 ല്‍, ബ്രിട്ടീഷ് ബാങ്കിംഗ് പ്രമുഖരായ ബാര്‍ക്ലേയ്സ് മെട്രോ ഇതര മേഖലകളിലെ മൂന്നിലൊന്ന് ശാഖകള്‍ അടച്ചുപൂട്ടിക്കൊണ്ട് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ കുറച്ചിരുന്നു. കോര്‍പ്പറേറ്റ് ബാങ്കിംഗ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, വെല്‍ത്ത് മാനേജ്മെന്റ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റീട്ടെയില്‍ ബാങ്കിംഗില്‍ നിന്ന് മാറാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ചുരുക്കിയത്.
മെറില്‍ ലിഞ്ച്, ബാര്‍ക്ലേയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവ 2015 ല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു. 2016 ല്‍, കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറത്തുകടന്നിരുന്നു. അതേവര്‍ഷം, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് (ആര്‍ബിഎസ്) അതിന്റെ ആഗോള സാന്നിധ്യം കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയിലെ കോര്‍പ്പറേറ്റ്, റീട്ടെയ്ല്‍, ഇൻസ്റ്റിറ്റ്യൂഷനൽ ബാങ്കിംഗ് ബിസിനസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
എച്ച്എസ്ബിസി അതിന്റെ ശാഖകള്‍ പകുതിയായി ചുരുക്കി. 2016 ല്‍ പതിനാല് നഗരങ്ങളില്‍ നിന്ന് ഒഴിവായി. ബിഎന്‍പി പാരിബ 2020 ല്‍ ഇന്ത്യയിലെ വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസ് അടച്ചു പൂട്ടുകയും ചെയ്തു.
സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് മാത്രമാണ് രാജ്യത്ത് സാന്നിധ്യം വിപുലീകരിക്കുകയും, ഒരു ആഭ്യന്തര സ്വകാര്യ ബാങ്കിനെ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളത്.
വിദേശ ബാങ്കിന്റെ (ഉപസ്ഥാപനത്തിന്റേയോ) ബ്രാഞ്ചായിട്ടല്ലാതെ, പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഇന്ത്യൻ സബ്‌സിഡിയറിയായി ബാങ്കുകൾ മാറണമെന്ന നിര്‍ബന്ധം മൂലവുമാണ് പ്രാദേശിക ഇടപാടുകളും മറ്റും പരിമിതപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് വിദേശ ബാങ്കുകള്‍ എത്തിയിരിക്കുന്നത്.