image

29 March 2022 12:24 PM IST

Banking

ബാങ്കിംഗ് സേവനങ്ങളെ ബാധിച്ച് പണിമുടക്കിന്റെ രണ്ടാം ദിനം

MyFin Desk

ബാങ്കിംഗ് സേവനങ്ങളെ ബാധിച്ച് പണിമുടക്കിന്റെ രണ്ടാം ദിനം
X

Summary

ഡെല്‍ഹി: രാജ്യവ്യാപക പണിമുടക്കിന് ഒരു വിഭാഗം ബാങ്ക് ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും ബാങ്കിംഗ് സേവനങ്ങളെ  ബാധിച്ചു. ജീവനക്കാര്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകാത്തതിനാല്‍ പല പൊതുമേഖലാ ബാങ്കുകളിലെയും ഇടപാടുകളില്‍ ബുദ്ധിമുട്ടുണ്ടായി. ചെക്ക് ക്ലിയറന്‍സുകളില്‍ കാലതാമസമുണ്ടായി. സര്‍ക്കാര്‍ ട്രഷറി പ്രവര്‍ത്തനങ്ങളെയും സമരം ബാധിച്ചു. പണിമുടക്ക് കാരണം ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍, ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സതേണ്‍ ഗ്രിഡില്‍ നിന്ന് ഏകദേശം 5,000 കോടി രൂപയുടെ ആറ് ലക്ഷം ചെക്കുകളും ഉപകരണങ്ങളും ക്ലിയറന്‍സിനായി അയക്കാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് […]


ഡെല്‍ഹി: രാജ്യവ്യാപക പണിമുടക്കിന് ഒരു വിഭാഗം ബാങ്ക് ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചു. ജീവനക്കാര്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകാത്തതിനാല്‍ പല പൊതുമേഖലാ ബാങ്കുകളിലെയും ഇടപാടുകളില്‍ ബുദ്ധിമുട്ടുണ്ടായി. ചെക്ക് ക്ലിയറന്‍സുകളില്‍ കാലതാമസമുണ്ടായി. സര്‍ക്കാര്‍ ട്രഷറി പ്രവര്‍ത്തനങ്ങളെയും സമരം ബാധിച്ചു.
പണിമുടക്ക് കാരണം ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍, ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സതേണ്‍ ഗ്രിഡില്‍ നിന്ന് ഏകദേശം 5,000 കോടി രൂപയുടെ ആറ് ലക്ഷം ചെക്കുകളും ഉപകരണങ്ങളും ക്ലിയറന്‍സിനായി അയക്കാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. ദേശീയതലത്തില്‍ ഏകദേശം 18,000 കോടി രൂപയുടെ 20 ലക്ഷം ചെക്കുകള്‍ ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
2021-22 ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ബാങ്ക് യൂണിയനുകള്‍ പ്രതിഷേധിക്കുന്നത്. നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിക്കുക, സര്‍വ്വീസ് ചാര്‍ജുകള്‍ കുറയ്ക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
എഐബിഇഎയെക്കൂടാതെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഐബിഒഎ) എന്നീ സംഘടനകളും പണിമുടക്കിന്റെ ഭാഗമാണ്. കൂടാതെ ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എഐടിയുസി), സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു), ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) എന്നിവയും തൊഴില്‍ നിയമങ്ങളിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങളും സ്വകാര്യവല്‍ക്കരണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തില്‍ പങ്കെടുക്കുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമ പ്രകാരമുള്ള കൂലി വര്‍ധിപ്പിക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നിവയും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ്. മിക്ക ബാങ്കുകളും പണിമുടക്ക് ബാധിക്കാനിടയുള്ള സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.