- Home
- /
- Personal Finance
- /
- Fixed Deposit
- /
- വായ്പയെടുത്തവരാണോ?...
Summary
ഈ നിയമം പ്രധാനമായും ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും മൂന്നു തവണ വായ്പ തിരിച്ചടവ് മുടക്കുന്നവരുടെ നിഷ്‌ക്രിയ ആസ്തികള്‍ ലേലം ചെയ്യാന്‍ അധികാരപ്പെടുത്തുന്നു
വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുക്കുന്നവരാണ് നാം ഏവരും. ഇങ്ങനെഎടുക്കുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുന്നതോടെ...
വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുക്കുന്നവരാണ് നാം ഏവരും. ഇങ്ങനെ
എടുക്കുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങള്‍ അവയെ നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) കണക്കാക്കും. ഇത്തരത്തില്‍ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് അഥവാ സര്‍ഫാസി ആക്ട് 2002.
ഈ നിയമം പ്രധാനമായും ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും മൂന്നു തവണ വായ്പ തിരിച്ചടവ് മുടക്കുന്നവരുടെ നിഷ്‌ക്രിയ ആസ്തികള്‍ ലേലം ചെയ്യാന്‍ അധികാരപ്പെടുത്തുന്നു. കോടതി നടപടികള്‍ ഇല്ലാതെ തന്നെ ബാങ്കുകള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. സര്‍ഫാസി നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ്, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ കോടതികളില്‍ സിവില്‍ സ്യൂട്ടുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു.
നിഷ്‌ക്രിയ ആസ്തിയുടെ ലേലം
നിഷ്‌ക്രിയ ആസ്തിയായ വായ്പകളില്‍ ബാങ്ക് ഡിമാന്റ് നോട്ടീസ് തയ്യാറാക്കി വായ്പക്കാരനോ ജാമ്യക്കാരനോ രജിസ്ട്രേഡ് തപാല്‍ അയക്കും. നോട്ടീസ് കൈപ്പറ്റിയ തീയതി മുതല്‍ 60 ദിവസത്തേക്ക് വായ്പ തിരിച്ചടയ്ക്കാന്‍ വായ്പക്കാരന് അവസരം നല്‍കും. 60 ദിവസത്തിനകം വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ലേലനടപടികള്‍ ആരംഭിക്കും.സര്‍ഫാസി നിയമത്തിന് കീഴില്‍ രജിസ്ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് അസറ്റ് റീകണ്‍ട്രക്ഷന്‍ കമ്പനികള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇത്തരം കമ്പനികള്‍ വഴിയാണ് ഈ നിയമപ്രകാരമുള്ള ലേല നടപടികള്‍ നടത്തുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വായ്പയെടുക്കുന്നയാളുടെ അക്കൗണ്ടിനെ നിഷ്‌ക്രിയ ആസ്തിയായി തരംതിരിക്കുന്നതും ഈകമ്പനികളാണ്.
ആര്‍ബിഐയുടെ മേല്‍നോട്ടത്തിലാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്നത്. ഒരു ലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍, മുഴുവന്‍ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കുവാന്‍ ബാക്കിയുള്ള സാഹചര്യങ്ങള്‍ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.
സഹകരണ ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പകളും ഇപ്പോള്‍ സര്‍ഫാസി
നിയമത്തിന്റെ പരിധിയില്‍ വരും. അടുത്തിടെയാണ് ഇത് സംബന്ധിച്ച വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. വായ്പക്കെണിയില്‍ കുടുങ്ങിയ അനേകം പേര്‍ സര്‍ഫാസി നിയമത്തിന്റെ പിടിയില്‍ അകപ്പെട്ട് ജപ്തിയും കുടിയിറക്കല്‍ ഭീഷണിയും നേരിടുന്നുണ്ട്. ഈ നിയമത്തിന്റെ ഇരകളായി മാറിയ പാവപ്പെട്ട നിരവധി ആളുകള്‍ ഇതിനെതിരെ സമരങ്ങള്‍ ചെയ്തിരുന്നു. എങ്കിലും ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ സുപ്രധാനമായ നിയമ വ്യവസ്ഥയായി സര്‍ഫാസി നിയമം തുടരുന്നു.