വീടോ ഫ്ളാറ്റോ വാങ്ങാനോ അല്ലെങ്കില്‍ സ്വപ്ന ഭവനം പണിയാനോ ഉദേശിക്കുന്നുവെങ്കില്‍ വായ്പ ഇന്ന് ഒഴിച്ചുകൂടാനാവത്തതാണ്. കാരണം വീടു പണി...
വീടോ ഫ്ളാറ്റോ വാങ്ങാനോ അല്ലെങ്കില്‍ സ്വപ്ന ഭവനം പണിയാനോ ഉദേശിക്കുന്നുവെങ്കില്‍ വായ്പ ഇന്ന് ഒഴിച്ചുകൂടാനാവത്തതാണ്. കാരണം വീടു പണി ദശലക്ഷക്കണക്കിന് രൂപ വേണ്ട ഒരു ഏര്‍പ്പാടായി മാറിയിരിക്കുന്നു. 25-30 വര്‍ഷത്തെ ബാധ്യതയാണ് ഈ വീടുപണിയിലൂടെ ഒരാള്‍ ഏറ്റെടുക്കുന്നത്. അതുകൊണ്ട് വായ്പയ്ക്ക് ആലോചിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
കൂട്ടു വായ്പ
ഒറ്റയ്ക്ക് വായ്പ എടുക്കുന്നതിനേക്കാളും നല്ലതാവും ഭാര്യയും ഭര്‍ത്താവും ചേര്‍ന്നുള്ള വായ്പ. ജോയിന്റ് അക്കൗണ്ടിലൂടെയാണ് വായ്പയെങ്കില്‍ ഒറ്റയ്ക്ക് എടുക്കുന്നതിനേക്കാള്‍ പല നേട്ടങ്ങളുമുണ്ട് ഇവിടെ. സാധാരണ നിലയില്‍ ഭൂരിഭാഗം ബാങ്കുകളും ഭവനവായ്പയ്ക്ക് കോ-ആപ്ലിക്കന്റ് വേണമെന്ന് ആവശ്യപ്പെടാറുണ്ട്. ചില ബാങ്കുകളുടെ രീതി ഇതിലും ഭിന്നമാണ്. വീട് വയ്ക്കാന്‍ ഉദേശിക്കുന്ന വസ്തുവിന്റെ സഹ ഉടമ തന്നെ സഹ അപേക്ഷകന്‍ ആകണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു.
കോ-ആപ്ലിക്കന്റ്
സഹ ഉടമയും സഹ അപേക്ഷകനും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. സഹ ഉടമ എന്നു പറഞ്ഞാല്‍ വീട് പണിയാന്‍ ഉദേശിച്ച് ഭൂമിയില്‍ നിയമപരമായ അവകാശം ഉള്ള ആള്‍ എന്നാണ്. കോ ആപ്ലിക്കന്റ് ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇയാള്‍ക്ക് പ്രോപ്പര്‍ട്ടിയില്‍ അവകാശമുണ്ടായിരിക്കില്ല. വായ്പ തിരിച്ചടവ് മുടക്കിയാല്‍ ഉത്തരവാദിത്വമുള്ളയാള്‍ അതാണ് കോ ആപ്ലിക്കന്റ്. ബാങ്കുകള്‍ ഇങ്ങനെ ഒരാളെ ചേര്‍ക്കാന്‍ നിര്‍ബന്ധം പിടിക്കുന്നതിന് പിന്നില്‍ റിസ്‌ക് ഫാക്ടറാണ്. വായ്പ തുകയുടെ റിസ്‌ക് വരുമാനമുള്ള രണ്ട് പേരിലേക്ക് പകുത്ത് നല്‍കുമ്പോള്‍ ബാങ്കുകള്‍ കൂടുതല്‍ സേഫ് ആകുന്നു ഇവിടെ.
കൂടുതല്‍ വായ്പ
ബാങ്കിന് ഉള്ള നേട്ടം പോലെ തന്നെ നിങ്ങള്‍ക്കും ഇവിടെ ഗുണങ്ങളുണ്ട്. ദമ്പതിമാരായ രണ്ട് പേര്‍ ഒരുമിച്ച് ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ കൂടിയ തുക വായ്പയായി ലഭിക്കും എന്നതാണ് ഒരു നേട്ടം. അതുകൊണ്ട് കൂടിയ പലിശയ്ക്ക് പണം പുറത്തു നിന്ന് കണ്ടെത്തേണ്ടി വരുന്നില്ല ഇവിടെ. ഉദാഹരണത്തിന് ഒരാളുടെ ശമ്പളവരുമാനം പരിഗണിച്ച് ലഭിക്കുന്ന തുകയുടെ ഇരട്ടി വരെ രണ്ട് പേരുടെയും ശമ്പള വരുമാനം കൂട്ടുമ്പോള്‍ വായ്പയായി ലഭിച്ചേക്കാം. കാരണം ബാങ്ക് രണ്ട് മാസവരുമാനങ്ങളും ഒരുമിച്ച് ചേര്‍ത്താണ് വായ്പതുകയുടെ പരിധി നിശ്ചയിക്കുന്നത്. ഒരാളുടേത് മാത്രമാവുമ്പോള്‍ ഇവിടെ വായ്പ തുക കുറയുന്നു.
നികുതി
പ്രോപ്പര്‍ട്ടിയുടെ സഹ ഉടമയാണ് നിങ്ങളെങ്കില്‍ നികുതി ഒഴിവ് അവകാശപ്പെടാം. ദമ്പതിമാരാണെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇതിന്റെ നേട്ടം ലഭിക്കുമെന്നതാണ് പ്രധാനം. ആദായ നികുതി ചട്ടത്തിന്റെ സെക്ഷന്‍ 80 സി അനുസരിച്ച് ഭവനവായ്പയുടെ തിരിച്ചടവിലെ നീക്കിയിരിപ്പ് തുകയില്‍ 1.5 ലക്ഷം രൂപയ്ക്കാണ് ഒഴിവുള്ളത്. വായ്പ ഒരുമിച്ചാണെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും രണ്ടായി ഇത് ക്ലെയിം ചെയ്യാം. അതുപോലെ പലിശയിലും ഇതേ പോലെ രണ്ടാള്‍ക്കും നേട്ടമുണ്ടാകും. പലപ്പോഴും വായ്പയെടുക്കുന്നത് കുടുംബാംഗങ്ങള്‍ ഒരുമിച്ചായിരിക്കും. എന്നാല്‍ രേഖകളില്‍ സഹ ഉടമയായിരിക്കില്ല. അത്തരം കേസുകളില്‍ ഇത് ബാധകമല്ല. സഹ ഉടമയായി എന്നതുകൊണ്ട് മാത്രം ഈ ആനുകൂല്യം ലഭിക്കില്ല. ബാങ്കിന്റെ രേഖകളില്‍ ഒരപേക്ഷകനും കൂടിയായിരിക്കണം.