- Home
- /
- Industries
- /
- Banking
- /
- ജാഗ്രത കുറവില്‍ പണം...
Summary
കസ്റ്റമറുടെ ജാഗ്രത കുറവുകൊണ്ട് പണം നഷ്ടമായാല്‍ അനധികൃതമായ വിനിമയം ബാങ്കിനെ അറിയിക്കുന്നതുവരെയുള്ള നഷ്ടം സ്വയം വഹിക്കണമെന്നാണ് ആര്‍ ബി ഐ ചട്ടം.
ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ സജീവമായതോടെ ബാങ്ക് തട്ടിപ്പും പെരുകി. ബാങ്കുകള്‍ ഇതിനെതിരെ നിരന്തരം മുന്നറിയിപ്പ്...
ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ സജീവമായതോടെ ബാങ്ക് തട്ടിപ്പും പെരുകി. ബാങ്കുകള്‍ ഇതിനെതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും തട്ടിപ്പുകാരുടെ വലയില്‍ ഇരകള്‍ കുടുങ്ങുന്നത് തുടരുകയും ചെയ്യുന്നു. ഇങ്ങനെ ഫോണ്‍ വിളിയിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്തിയാല്‍ ബാങ്ക് ആണോ നമ്മളാണോ ഉത്തരവാദി? ഇങ്ങനെ നഷ്ടമാകുന്ന പണം തിരിച്ച് തരാന്‍ ബാങ്കിന് ബാധ്യതയുണ്ടോ?
ജാഗ്രത കുറവാണ് വില്ലന്‍
ഇക്കാര്യത്തെ കുറിച്ച് അറിയുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട ആര്‍ ബി ഐ നിര്‍ദേശം എന്താണെന്ന് നോക്കാം. കസ്റ്റമറുടെ ജാഗ്രത കുറവുകൊണ്ട് പണം നഷ്ടമായാല്‍ അനധികൃതമായ വിനിമയം ബാങ്കിനെ അറിയിക്കുന്നതുവരെയുള്ള നഷ്ടം സ്വയം വഹിക്കണമെന്നാണ് ആര്‍ ബി ഐ ചട്ടം. അതായത് ഇത്തരം തട്ടിപ്പുകളില്‍ തല വയ്ക്കാതിരിക്കാന്‍ അക്കൗണ്ടുടമയ്ക്ക് ബാധ്യതയുണ്ട്. തന്നെയുമല്ല ഒരിക്കല്‍ ഇതിന് ഇരയായാല്‍ അത് മനസിലാക്കുന്ന അതേ നിമിഷം തന്നെ ബാങ്കിനെ ഇത് അറിയിക്കാനും നമുക്ക് ബാധ്യതയുണ്ട്. അറിയിച്ചാല്‍ രണ്ട് നേട്ടങ്ങളുണ്ട്. ഒന്ന്, പിന്നീട് തട്ടിപ്പിലൂടെ പണം നഷ്ടപ്പെടില്ല. രണ്ട്, ഇതിന് ശേഷം പണം നഷ്ടമായാല്‍ അത് നിങ്ങളുടെ ഉത്തരവാദിത്വമല്ല. മറിച്ച് ബാങ്കിന്റെ ബാധ്യതയാണ്. അതുകൊണ്ട് പിന്നീടും പണം നഷ്ടമാകുന്നുവെങ്കില്‍ അത് തിരികെ നല്‍കാന്‍ ബാങ്ക് കടപ്പെട്ടിരിക്കുന്നു. രണ്ട് കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഒന്ന്, തട്ടിപ്പിന് ഇരയാകാതിരിക്കുക. രണ്ട്, യഥാസമയം ബാങ്കില്‍ വിവരം അറിയിക്കുക.
തട്ടിപ്പ് പല വിധം
ഫോണ്‍ വഴി പല തരത്തില്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം പിടുങ്ങുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബോധവത്കരണ നടപടികളും തുടരുന്നു. സോഷ്യല്‍ എഞ്ചിനീയറിംഗ് ഫ്രോഡ് എന്ന് ആര്‍ ബി ഐ തന്നെ വിശേഷിപ്പിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ തട്ടിപ്പാണ് ഈ രംഗത്ത് ഏറ്റവും പുതിയത്. എല്ലാ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാന്‍ ടോള്‍ ഫ്രീ നമ്പറുകള്‍ നല്‍കാറുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ നമ്പറുകളെന്ന് തോന്നിപ്പിക്കുന്നവ തരപ്പെടുത്തി ഐഡന്റിഫിക്കേഷന്‍ മൊബൈല്‍ ആപ്പായ ട്രൂകോളറില്‍ ബാങ്കിന്റെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ പേരില്‍ റജിസ്ററര്‍ ചെയ്യുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഇവിടെ യഥാര്‍ഥ ടോള്‍ ഫ്രീ നമ്പറില്‍ നിന്ന് ഒരക്കം മാത്രമായിരിക്കും ഇതിന് വ്യത്യാസമുണ്ടാവുക. ട്രൂകോളര്‍ നോക്കി ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്ന ഉപഭോക്താവ് നിര്‍ണായകമായ വിവരങ്ങള്‍ മുഴുവന്‍ കൈമാറും. യൂസര്‍ നെയിം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ ടി പി അടക്കമുള്ളവ ശരിയായ ടോള്‍ഫ്രീ നമ്പറെന്ന് തെറ്റിദ്ധരിച്ച് കൈമാറുകയും ഇതിലൂടെ തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.
കോടതി വിധി
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും ജാഗ്രത കുറവു കൊണ്ട് പണം നഷ്ടമായാല്‍ ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന് കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. എസ് ബി ഐ മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഫോണില്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി എന്നുമുള്ള ഗുജറാത്തിലെ അംറേലി ജില്ലയില്‍ നിന്നുള്ള അധ്യാപികയുടെ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ വിധി. പണം നഷ്ടമായതറിഞ്ഞ് എസ് ബി ഐ മാനേജരുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാല്‍ പരാതിക്കാരിയുടെ ജാഗ്രതക്കുറവാണ് ഇവിടെ സംഭവിച്ചതെന്നായിരുന്നു വിധിന്യായം.