നിങ്ങള്‍ ഒരു മികച്ച ദീര്‍ഘകാല മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകനാണെന്നിരിക്കട്ടെ. നാളിതുവരെ നടത്തിയിട്ടുള്ള നിക്ഷേപങ്ങളില്‍ നിന്നും...
നിങ്ങള്‍ ഒരു മികച്ച ദീര്‍ഘകാല മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകനാണെന്നിരിക്കട്ടെ. നാളിതുവരെ നടത്തിയിട്ടുള്ള നിക്ഷേപങ്ങളില്‍ നിന്നും തരക്കേടില്ലാത്ത റിട്ടേണ്‍ കിട്ടുന്നുവെന്നും കരുതുക. പക്ഷെ, മ്യൂച്ച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ ദീര്‍ഘകാല നിക്ഷേപം നടത്തിയ നിങ്ങള്‍ക്ക് പെട്ടന്ന് പണത്തിന് ആവശ്യം വന്നു. തത്കാലം കുറച്ച് പണം കിട്ടിയാല്‍ മാനേജ് ചെയ്യാവുന്ന പ്രശ്‌നമാണ്. എന്തു ചെയ്യുും? ഫണ്ടില്‍ ആവശ്യത്തിലേറെ പണമുണ്ട്. എന്നാല്‍ അത്യാവശ്യത്തിന് ലഭ്യവുമല്ല. ആവശ്യം താത്കാലികമാണെങ്കില്‍ ഇവിടെ ഫണ്ട് റിഡീം ചെയ്യേണ്ട കാര്യമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് തുണയാകുന്നതാണ് മ്യൂച്ച്വല്‍ ഫണ്ട് ഈടിന്‍മേല്‍ ലഭിക്കുന്ന ഡിജിറ്റല്‍ വായ്പകള്‍.
എന്താണ് ഈ വായ്പ?
നിങ്ങള്‍ക്ക് പണത്തിന് പെട്ടന്ന് അത്യാവശ്യം വരുമ്പോള്‍ സ്വര്‍ണം പണയപ്പെടുത്തി വായ്പ വാങ്ങാറില്ലേ? ഇവിടെയും അതു തന്നെയാണ് നടക്കുന്നത്. നിങ്ങളുടെ മ്യൂച്ച്വല്‍ ഫണ്ട് ഈടായി നല്‍കി ആവശ്യത്തിന് പണം വാങ്ങുന്നു. കൈയ്യില്‍ പണം ഉണ്ടാകുമ്പോള്‍ തിരച്ചടച്ച് ബാധ്യത തീര്‍ക്കുന്നു. അത്രയേയുളളു. മ്യൂച്ച്വല്‍ ഫണ്ടുകളുടെ ബലത്തില്‍ ഡിജിറ്റല്‍ വായ്പകള്‍ ഇപ്പോള്‍ ഏതാണ്ടെല്ലാ ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. രണ്ട് കോടി രൂപ വരെ വായ്പയായി ലഭിക്കും.
നേട്ടമുണ്ട്
ഫണ്ട് വില്‍ക്കാതെ തന്നെ നിങ്ങള്‍ക്ക് ആവശ്യം നടത്താമെന്നതാണ് ഇവിടെ നേട്ടം. അതേസമയം ഫണ്ട് ആദായം നല്‍കുന്നത് തുടരുകയും ചെയ്യും. ഒരു കാര്യമുണ്ട് ഈടായി നല്‍കിയിരിക്കുന്നതിനാല്‍ ബാധ്യത തീര്‍ക്കാതെ പിന്നീട് ഇത് വില്‍ക്കാനാവില്ല. നിങ്ങളുടെ വായ്പാ തിരിച്ചടവ് ചരിത്രം ഇവിടെ കാര്യമാക്കേണ്ടതില്ല.
പലിശ
എച്ച് ഡി എഫ് സി പോലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം വായ്പകള്‍ നല്‍കുന്നുണ്ടെങ്കിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് മുന്‍ നിരയില്‍. സാധാരണ നിലയില്‍ 10-11 ശതമാനമാണ് പലിശ ഈടാക്കുക. ആവശ്യക്കാരും സ്ഥാപനങ്ങളും അനുസരിച്ച് ഇതില്‍ നേരിയ മാറ്റം വരാം.
എത്ര വായ്പ ലഭിക്കും?
ഈട് നല്‍കുന്ന മ്യൂച്ച്വല്‍ ഫണ്ടിന്റെ സ്വഭാവമനുസരിച്ചാകും വായ്പ തുക നിശ്ചയിക്കുക. സാധാരണ എന്‍ എ വി (നെറ്റ് അസറ്റ് വാല്യു) യുടെ 50 ശതമാനം വരെ ലഭ്യമാകും. ഈട് നല്‍കുന്ന ഫണ്ട് ഡോക്യുമെന്റ് വില്‍ക്കാനോ നിലനിര്‍ത്താനോ ബാങ്കിനെ അനുവദിക്കുന്ന ഉടമസ്ഥാവകാശം ഇവിടെ ധനകാര്യ സ്ഥാപനത്തിന് കൈമാറേണ്ടതുണ്ട്. ബാധ്യത തീരുന്നതോടെ ഇതില്‍ നിന്ന് വിടുതല്‍ നേടാം. ഫണ്ട് ഹൗസുകളുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളുടെ പേരില്‍ ഇത് വാങ്ങാം.