അതിർത്തി കടന്ന് ഡിജിറ്റൽ ഇന്ത്യ; ആഗോളതലത്തിൽ ഹിറ്റായി യുപിഐ
- ഏറ്റവും ഒടുവിലായി യു പി ഐ ഇടപാടുകൾ അനുവദിച്ച് ഫ്രാൻസ്
- ഡിജിറ്റൽ ഇടപാടുകളിൽ മുന്നേറി ഇന്ത്യ
- കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു
ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമായി ഇന്ത്യ മുന്നേറുന്നു. കഴിഞ്ഞ വർഷം യു എസ്, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലെ ഡിജിറ്റൽ ഇടപാടുകളെക്കാൾ ഇന്ത്യ വളരെ മുന്നിലായിരുന്നു. 2016 ഏപ്രിൽ 1 ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) അവതരിപ്പിച്ചു. നിലവിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം ഓരോമാസം കഴിയും തോറും മുന്നോട്ടേക്ക് കുതിക്കുന്നു.
പി ഡബ്ല്യൂ സി റിപ്പോർട്ട് അനുസരിച്ച് 2026- 27 സാമ്പത്തിക വർഷതോടെ പ്രതിദിന യു പി ഐ ഇടപാടുകൾ 1 ബില്യണിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എൻപിസിഐ യുടെ കണക്കനുസരിച്ച് മെയ് മാസത്തിൽ 14.89 ട്രില്യൺ രൂപയുടെ 9.4 ബില്യൺ ഇടപാടുകൾ നടന്നു.
അതിർത്തി കടന്നുള്ള ഇടപാടുകൾ സാധ്യമാക്കുന്നതിനായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് മുഴുവൻ രാജ്യങ്ങളിലും ഇടപാടുകൾ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഗവൺമെന്റ്. ഇതുവഴി വിദേശത്ത് നിന്ന് ഫണ്ട് കൈമാറ്റം ചെയ്യുന്നതിനും മറ്റു ഇടപാടുകൾക്കും വരുന്ന ചെലവ് കുറയ്ക്കാൻ കഴിയും.
പ്രവാസികളായ ഇന്ത്യക്കാർക്ക് (എൻആർഐ)10 വിദേശരാജ്യങ്ങളിൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ വിദേശ ഫോൺ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഇടപാടുകൾക്കായി യുപിഐ ഉപയോഗിക്കാമെന്ന് മുമ്പ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്‌ഡം എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
2022 ഡിസംബറിൽ ഇന്ത്യ ജി 20 പ്രസിഡൻസി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഫെബ്രുവരിയിൽ ആർബിഐയും എൻപിസിഐയും രാജ്യം സന്ദർശിക്കുന്ന വിദേശ പൗരന്മാർക്കായി ‘യുപിഐ വൺ വേൾഡ്’ ആരംഭിച്ചു.
യുപിഐ ഗ്ലോബൽ
യു പി ഐ ഗ്ലോബൽ എന്ന ആശയത്തിന്റെ ഭാഗമായി എൻ പി സി ഐ അംഗങ്ങളായ ബാങ്കുകൾ, തേർഡ് പാർട്ടി ആപ്ലിക്കേഷൻ ദാതാക്കൾ, മറ്റ് പേയ്‌മെന്റ് ദാതാക്കൾ എന്നിവർ 2021 ഡിസംബർ 31-നകം യുപിഐ ഗ്ലോബൽ വാഗ്ദാനം ചെയ്യണമെന്ന് എൻപിസിഐ അംഗങ്ങളെ അറിയിച്ചിരുന്നു
ഏറ്റവും ഒടുവിൽ ഫ്രാൻസിൽ
അതിർത്തി കടന്നുള്ള ഡിജിറ്റൽ ഇടപാടുകൾ ഏറ്റവും ഒടുവിൽ ഇന്ത്യ ഫ്രാൻസിൽ സാധ്യമാക്കി. ഇന്ത്യയിലെ ഏറ്റവും വിജയകരമായ യുപിഐ പേയ്‌മെന്റ് സിസ്റ്റം ഇനി ഫ്രാൻസിൽ ഉപയോഗിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്രാൻസ് സന്ദർശന വേളയിൽ പ്രഖ്യാപിച്ചത്. ഈഫൽ ടവറിന് മുകളിൽ നിന്ന് യുപിഐ ഉപയോഗിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇടപാടുകൾ നടത്താനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാൻസിന് മുമ്പേ യു പി ഐ ഇടപാടുകൾ സാധ്യമാക്കിയ വിദേശ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഭൂട്ടാൻ
2021 ജൂലൈയിൽ ഭീം ആപ്പ് വഴി യുപിഐ ഇടപാടുകൾ അനുവദിച്ച ആദ്യ രാജ്യമാണ് ഭൂട്ടാൻ. ഭൂട്ടാനിൽ BHIM യു പി ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും നടപ്പിലാക്കുന്നതിനും അതിന്റെ ആഗോള വിഭാഗമായ NPCI ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും (NIPL) ഭൂട്ടാനിലെ റോയൽ മോണിറ്ററി അതോറിറ്റിയും (RMA) സഹകരിച്ചു. BHIM എന്നാൽ ഭാരത് ഇന്റർഫേസ് ഫോർ മണി. മൊബൈൽ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കാൻ NPCI വികസിപ്പിച്ച ആപ്പാണിത്.
നേപ്പാൾ
നേപ്പാളിൽ ഡിജിറ്റൽ ഇടപാടുകൾക്കായി യു പി ഐ അനുവദിക്കുമെന്ന് 2021 മാർച്ചിൽ പ്രഖ്യാപിച്ചു. ഇതിനായി നേപ്പാളിലെ ഗേറ്റ്‌വേ പേയ്‌മെന്റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡുമായും മനം ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡുമായി എൻ ഐ പി സി ൽ കരാർ ഒപ്പിട്ടു. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ കൂടാതെ വ്യാപാര സ്ഥാപനങ്ങളിലും യു പി ഐ ഇടപാടുകൾ അംഗീകരിച്ചു
അതിർത്തി കടന്നുള്ള യുപിഐ പേയ്‌മെന്റുകളെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫിൻടെക് സ്ഥാപനമായി ഫോൺ പേ മാറി. യുഎഇ, സിംഗപ്പൂർ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ വ്യാപരസ്ഥാപനങ്ങളിൽ പേ ടി എം വഴി ഇടപാടുകൾ നടത്താൻ കഴിയും. അതിനുശേഷം, യുപിഐ ഗ്ലോബൽ പേയ്‌മെന്റുകൾക്ക് പിന്തുണ നൽകുമെന്ന് പേടിഎം പ്രഖ്യാപിച്ചു.
ഒമാൻ
ഒമാനിൽ യുപിഐ ഇടപാടുകൾ അനുവദിക്കുന്നതിനുമായി എൻപിസിഐയുമായി കൈകോർത്തു. 2022 നവംബറിൽ എൻപിസിഐയും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും (സിബിഒ) തമ്മിൽ ഇതു സംബന്ധിച്ച ഔദ്യോഗിക കരാർ ഒപ്പുവച്ചു.
യു.എ.ഇ
യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് BHIM യു പിഐ ഉപയോഗിച്ച് സുരക്ഷിതമായും സൗകര്യപ്രദമായി ഇടപാടുകൾ നടത്താം. ഇതിനായി യുഎഇ യിലെ മാഷ്റെക് ബാങ്കിന്റെ പേയ്‌മെന്റ് സബ്‌സിഡിയറിയായ നിയോ പേ ടെർമിനലുകളിൽ BHIM യുപിഐ പ്രവർത്തനക്ഷമമാക്കി.
നോർത്ത് &സൗത്ത് ഈസ്റ്റ് ഏഷ്യ
മലേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നിവയുൾപ്പെടെ വടക്ക്, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള 10 രാജ്യങ്ങളിൽ ക്യുആർ അധിഷ്‌ഠിത യുപിഐ പേയ്‌മെന്റുകളുടെ സ്വീകാര്യത പ്രാപ്‌തമാക്കുന്നതിന് ക്രോസ്-ബോർഡർ ഡിജിറ്റൽ പേയ്‌മെന്റ് ദാതാക്കളായ ലിക്വിഡ് ഗ്രൂപ്പുമായി എൻഐപിഎൽ ഒരു കരാർ ഒപ്പുവച്ചു. യുപിഐ പ്ലാറ്റ്‌ഫോമിലൂടെ പ്രമുഖ ഫിൻടെക് കമ്പനിയും മലേഷ്യയിലെ ഏറ്റവും വലിയ മണി സർവീസസ് ബിസിനസ്സ് ഓപ്പറേറ്ററുമായ Merchantrade Asia sdn. Bhd യുമായി എൻഐ പിസിഎൽ സഹകരിച്ചു.
യുണൈറ്റഡ് കിംഗ്ഡം
ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകളിൽ യുണൈറ്റഡ് കിംഗ്ഡവും ഇന്ത്യയും സഹകരിക്കുമെന്ന് 2022 ഓഗസ്റ്റിൽപ്രഖ്യാപിച്ചു. ഇതിനായി, യുകെയിൽ തടസ്സമില്ലാത്ത പേയ്‌മെന്റ് സൊല്യൂഷൻ പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിന് പേയ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡറായ പേഎക്‌സ്‌പെർട്ടുമായി എൻഐപിഎൽ ധാരണയിൽ ആയി
ഇന്ത്യ-സിംഗപ്പൂർ ലിങ്കേജ്
ഇന്ത്യക്കും സിങ്കപ്പൂരിനും ഇടയിൽ വളരെ വേഗത്തിൽ ഇടപാടുകൾ സാധ്യമാക്കുന്നതിനു സിംഗപ്പൂരിലെ പേനൗ പേയ്മെന്റ് നെറ്റ്‌വർക്കുമായി പേടിഎം സഹകരിച്ചു. ഇത് പ്രകാരം യുപിഐയുടെയും പേയ്‌നൗവിന്റെയും ഉപയോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ പണമിടപാടുകൾ തൽക്ഷണം നടത്താനാകും.
കൂടാതെ അതുമായി സഹകരിക്കുന്ന ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ആപ്പ് വഴി സിംഗപ്പൂരിലേക്ക് പണം അയയ്ക്കാം. ഒരു ഇന്ത്യൻ ഉപയോക്താവിന് തുടക്കത്തിൽ ഒരു ദിവസം 60,000 രൂപ വരെ അയയ്ക്കാമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഐ സി ഐ സി ഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് യു പി ഐ - പേ നൗ ഇന്റർലിങ്കേജ് വഴി പണമയയ്ക്കാൻ കഴിയുന്ന ഇന്ത്യൻ ബാങ്കുകൾ. കാലക്രമേണ കൂടുതൽ ബാങ്കുകളെ ലിങ്കേജിൽ ഉൾപ്പെടുത്തും.
യൂറോപ്പ്
യൂറോപ്പിലുടനീളം ഇന്ത്യൻ പേയ്‌മെന്റ് മാർഗങ്ങളുടെ സ്വീകാര്യത വിപുലീകരിക്കുന്നതിന് എൻ പി സി എൽ 2022 ഒക്‌ടോബറിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള പേയ്മെന്റ് സംവിധാനം വേൾഡ്‌ലൈൻ സഹകരിച്ചു. ഇതുപ്രകാരം ബെൽജിയം, നെതർലൻഡ്, ലക്സം ബർഗ് എന്നീ രാജ്യങ്ങൾ കൂടാതെ സ്വിറ്റ്സർലന്റിലും യു പി ഐ ഇടപാടുകൾ അനുവദിക്കും.
ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക്
ഫ്രാൻസിന് ശേഷം വടക്കേ അമേരിക്കൻ വിപണിയിലും മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും യു പി ഐ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നു എൻഐപിഎൽ മേധാവി റിതേഷ് ശുക്ല കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാൽ ഈ രാജ്യങ്ങളിൽ യുപിഐ ഇടപാടുകൾ എപ്പോൾ സാധ്യമാവുമെന്നതിനു വ്യക്തത വന്നിട്ടില്ല. മൗറീഷ്യസിലും മാലദ്വീപ് ഉൾപ്പെടെ യുള്ള രാജ്യങ്ങളിൽ താമസിയാതെ തന്നെ യു പി ഐ ഇടപാടുകൾ സാധ്യമാവുമെന്നു വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
മറ്റു രാജ്യങ്ങളിൽ യു പി. ഐ യുടെ വ്യാപകമായ സ്വീകാര്യത ആ രാജ്യങ്ങളിലെ വ്യക്തികളെയും ബിസിനസുകളെയും കൂടുതൽ ശാക്തീകരിക്കും. ഈ രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളും പ്രൊഫഷ ണലുകളും കൂടാതെ ബിസിനസുകാർക്കും പഠനാവശ്യങ്ങൾക്കായി വിദേശത്തു താമസിക്കുന്ന വിദ്യാർത്ഥികൾക്കും യുപിഐ സൗകര്യം പ്രയോജനപ്പെടും.