ചാറ്റ്ജിപിടിയുടെ സാം ആള്‍ട്ട്മാനുമായി ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് സാം ആള്‍ട്ട്മാനുമുള്ളത്
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അതിന്റെ ഭാവിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു
- ഫ്രഞ്ച് സന്ദര്‍ശനത്തിനു ശേഷം ആള്‍ട്ട്മാന്‍ പോളിഷ് പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചു
ചാറ്റ്ജിപിടിയുടെ ഡവലപ്പറായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് (മെയ് 23) കൂടിക്കാഴ്ച നടന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ) അതിന്റെ ഭാവിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
ഫ്രാന്‍സിലെ ടാലന്റുകളും ടെക്‌നോളജികളും വികസിപ്പിക്കുകയാണ് എഐയുമായി ബന്ധപ്പെട്ട കാര്യത്തില്‍ രാജ്യത്തിന്റെ മുന്‍ഗണനയെന്ന് മാക്രോണ്‍ പറഞ്ഞു. ഇക്കാര്യം ആള്‍ട്ട്മാനുമായി മാക്രോണ്‍ സംസാരിച്ചു.
യൂറോപ്പില്‍ പര്യടനം നടത്തുകയാണ് സാം ആള്‍ട്ട്മാന്‍. എഐ സംവിധാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കമാണു യൂറോപ്യന്‍ പാര്‍ലമെന്റ് നടത്തുന്നത്. അടുത്തമാസം ഇതുസംബന്ധിച്ച നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ഇൗ പശ്ചാത്തലത്തിലാണ് ആള്‍ട്ട്മാന്റെ യൂറോപ്യന്‍ പര്യടനം പുരോഗമിക്കുന്നത്. ബുധനാഴ്ച ആള്‍ട്ട്മാന്‍ യുകെയും സന്ദര്‍ശിക്കുന്നുണ്ട്.
ഫ്രഞ്ച് സന്ദര്‍ശനത്തിനു ശേഷം ആള്‍ട്ട്മാന്‍ പോളിഷ് പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനവും പോളിഷ് കമ്പനികള്‍ക്ക് ഈ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവസരങ്ങളും, സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം, AI യുടെ ഉപയോഗം സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഐടി വ്യവസായത്തിലെ ഒരു പ്രധാന കേന്ദ്രമാണ് പോളണ്ട്. ആല്‍ഫബെറ്റ്, ജെപി മോര്‍ഗന്‍, വിസ എന്നിവ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളുടെ എന്‍ജിനീയറിംഗ് ഹബ് പോളണ്ടില്‍ ഹോസ്റ്റ് ചെയ്യുന്നുണ്ട്.
യൂറോപ്പില്‍ ഒരു റിസര്‍ച്ച് ആന്‍ഡ് എന്‍ജിനീയറിംഗ് ഓഫീസ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് പര്യടനമെന്നു സാം ആള്‍ട്ട്മാന്‍ പറഞ്ഞു.
ഈ മാസം ആദ്യം യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ യൂറോപ്പില്‍ ചാറ്റ്ജിപിടി ഉള്‍പ്പെടെയുള്ള എഐ സംവിധാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടിയെന്ന നിലയില്‍ അടുത്ത മാസം പാര്‍ലമെന്റില്‍ കരട് രൂപം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് സാം ആള്‍ട്ട്മാനുമുള്ളത്. അദ്ദേഹം ഇക്കാര്യം യുഎസ്സിലെ നിയമനിര്‍മാതാക്കളോട് പറയുകയുമുണ്ടായി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയമം വഴി നിയന്ത്രിക്കണമെന്ന് ആള്‍ട്ട്മാന്‍ യുഎസ് സെനറ്റ് പാനലിന് മുമ്പാകെ കഴിഞ്ഞ ദിവസമാണ് നിര്‍ദേശിച്ചത്. നിയമം പാലിക്കാത്ത കമ്പനികളുടെ എഐ ലൈസന്‍സ് പിന്‍വലിക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എഐ ഭാവിയില്‍ ഉയര്‍ത്താനിടയുള്ള ഭീഷണികള്‍ നിരവധിയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലയെയും മെച്ചപ്പെടുത്താന്‍ എഐക്ക് സാധിക്കും. എന്നാല്‍ അതോടൊപ്പം ഗുരുതര ഭീഷണികളും അവ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തി നിയമം നിര്‍മിക്കണമെന്നാണ് സാം ആള്‍ട്ട്മാന്‍ അഭിപ്രായപ്പെടുന്നത്.