സുരക്ഷാ ഭീഷണി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
- ആന്‍ഡ്രോയിഡ് 12 മുതല്‍ 15 വേര്‍ഷന്‍ വരെയുള്ള ഉപയോക്താക്കള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം
- കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെയാണ് മുന്നറിയിപ്പ്
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഗുരുതരമായ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്.
ആന്‍ഡ്രോയിഡ് 12 മുതല്‍ 15 വേര്‍ഷന്‍ വരെയുള്ള ഉപയോക്താക്കള്‍ ഉടന്‍ തന്നെ അപഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയത്. പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നും ഇവ ചില ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ആന്‍ഡ്രോയിഡ് 12 -നും അതിനുശേഷവുമുള്ള ഒഎസുകള്‍ ഉപയോഗിക്കുന്നവരെയും കാത്തിരിക്കുന്നത്. ഫ്രേം വര്‍ക്കിലെ പോരായ്മകള്‍ മൂലമാണ് സുരക്ഷാ ഭീഷണി ഉണ്ടായിരിക്കുന്നത് എന്നും സര്‍ക്കാര്‍ ഏജന്‍സി പറയുന്നു. സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും. ഫോണ്‍ അപകടത്തിലാകാതിരിക്കാന്‍ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതും വെരിഫൈ ചെയ്യാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നും സെര്‍ട്ട് ഇന്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൂടാതെ ആപ്പിള്‍ ഐഡിക്കും മറ്റ് അക്കൗണ്ടുകള്‍ക്കും സ്‌ട്രോങ് പാസ്സ്വേര്‍ഡ് നല്‍കി സുരക്ഷ ശക്തമാക്കണം. ഇതിനുപുറമെ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രാപ്തമാക്കിയാല്‍ ഇത്തരത്തിലുള്ള സൈബര്‍ അറ്റാക്കിങ് ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. ഓരോ ആപ്പുകളും ചോദിക്കുന്ന ആക്‌സസ് വ്യക്തമായി വായിച്ച് മനസ്സിലാക്കിവേണം അനുമതി നല്‍കാനെന്നും ഏജന്‍സി അറിയിച്ചു.