' ഹലോ ' പറഞ്ഞ് ഇനി യുപിഐ പേയ്‌മെന്റ് നടത്താം

  • ഹലോ യുപിഐ സംവിധാനം ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലാണ് പ്രവര്‍ത്തിക്കുന്നത്
  • മൊബൈല്‍ ആപ്പ്, ടെലികോം കോള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെയായിരിക്കും സേവനം ലഭ്യമാവുക

Update: 2023-09-07 05:42 GMT

ശബ്ദത്തിലൂടെ അഥവാ വോയ്‌സ് കമാന്‍ഡിലൂടെ യുപിഐ പേയ്‌മെന്റ് നടത്താനുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണു നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

' ഹലോ യുപിഐ ' എന്നു പേരിട്ടിരിക്കുന്ന എന്‍പിസിഐയുടെ ഈ സേവനം മുംബൈയില്‍ സെപ്റ്റംബര്‍ ആറിന് നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ വച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആണ് അവതരിപ്പിച്ചത്.

മൊബൈല്‍ ആപ്പ്, ടെലികോം കോള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെയായിരിക്കും സേവനം ലഭ്യമാവുക.

ഇപ്പോള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ ഉപയോഗിച്ചുള്ള വോയ്‌സ് കമാന്‍ഡിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നതെങ്കിലും ഉടന്‍ തന്നെ മറ്റ് പ്രാദേശിക ഭാഷകളിലും ഈ സേവനം ലഭ്യമാക്കുമെന്ന് എന്‍പിസി ഐ അറിയിച്ചു.

സംഭാഷണത്തിലൂടെ പേയ്‌മെന്റ് നടത്താന്‍ സഹായിക്കുന്ന സംവിധാനമാണു ഹലോ യുപിഐ. ഇതിന് രണ്ട് വിഭാഗങ്ങളുണ്ട് ഒന്ന് ബില്‍ പേ കണക്റ്റ്. രണ്ടാമത്തേത് കോണ്‍വര്‍സേഷണല്‍ പേയ്‌മെന്റ്‌സ് ഓണ്‍ യുപിഐ.

ഹലോ യുപിഐ സംവിധാനം ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ടെക്സ്റ്റിനെ സംസാരത്തിലേക്കും അക്കങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യാനുള്ള കഴിവും ഹലോ യുപിഐയ്ക്കുണ്ട്.

ഹലോ യുപിഐയ്ക്കു പുറമെ യുപിഐ ലൈറ്റ് എക്‌സ്, യുപിഐ ടാപ് ആന്‍ഡ് പേ, ക്രെഡിറ്റ് ലൈന്‍ ഓണ്‍ യുപിഐ എന്നീ പുതിയ സേവനങ്ങളെയും എന്‍പിസിഐ അവതരിപ്പിച്ചു.

യുപിഐ ടാപ് ആന്‍ഡ് പേ

സ്മാര്‍ട്ട് ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഈ സംവിധാനം ഉപയോഗിച്ച് പേയ്‌മെന്റ് നടത്താനാകും.

ടാപ് ആന്‍ഡ് പേ സൗകര്യമുള്ള ക്യുആര്‍ കോഡ് ബോക്‌സുകളില്‍ സ്‌കാന്‍ ചെയ്യുന്നതിനു പകരം ഫോണ്‍ ടച്ച് ചെയ്ത് പേയ്‌മെന്റ് നടത്താം.

യുപിഐ ലൈറ്റ് എക്‌സ്

ഈ സംവിധാനം വഴി ഉപയോക്താക്കള്‍ക്ക് ഓഫ്‌ലൈനായി പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. സ്മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ് ഇ്‌ല്ലെങ്കിലും സമീപമുള്ള ഫോണിലേക്ക് യുപിഐ വഴി പണമയയ്ക്കാന്‍ ഇത് സൗകര്യമൊരുക്കും. ഫോണിലെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ക്രെഡിറ്റ് ലൈന്‍ ഓണ്‍ യുപിഐ

ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി ബാങ്കുകളില്‍ നിന്നും വായ്പ അനുവദിക്കുന്ന സംവിധാനമാണിത്. ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ അനുവദിക്കുന്നതു പോലൊരു സംവിധാനമാണ് ഇതും.

Tags:    

Similar News