മാനുഫാക്ചറിംഗ് ഹബ്ബായി ഇന്ത്യ; സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗിളും

  • അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റാന്‍ ഇന്ത്യയിലെ നിര്‍മാണം ഗൂഗിളിനെ പ്രാപ്തമാക്കും
  • ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ ഇന്ത്യന്‍ യൂണിറ്റായ ഭാരത് എഫ്ഐഎച്ചുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് ഗൂഗിള്‍
  • ഇന്ത്യയെ ഗൂഗിള്‍ ഒരു പ്രധാന വിപണിയായിട്ടാണ് കണക്കാക്കുന്നത്
;

Update: 2023-06-22 11:16 GMT
google is also preparing to manufacture smart phones in india
  • whatsapp icon

ലോകത്തിന്റെ മാനുഫാക്ചറിംഗ് ഹബ്ബ് എന്ന് പേരെടുത്ത രാജ്യമാണ് ചൈന. എന്നാല്‍ സമീപകാലത്ത് മുന്‍നിര കമ്പനികള്‍ ചൈനയില്‍ നിന്നും മാനുഫാക്ചറിംഗിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഫോക്കസ് മാറ്റിയിരിക്കുകയാണ്. 2025-ഓടെ ആഗോളതലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഐഫോണിന്റെ 18 ശതമാനം ഇന്ത്യയിലായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ വന്‍നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ഇതാ ഗൂഗിള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുകയാണെങ്കില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ സ്‌കീം പ്രയോജനപ്പെടുത്താനാണ് ഗൂഗിള്‍ ആലോചിക്കുന്നത്.

ഇന്ത്യയില്‍ പിക്സല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിനായി ഗൂഗിള്‍ ഇതിനകം തന്നെ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ ഇന്ത്യന്‍ യൂണിറ്റായ ഭാരത് എഫ്ഐഎച്ചുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കൂടാതെ ലാവ ഇന്റര്‍നാഷണല്‍, ഡിക്സണ്‍ ടെക്നോളജീസ് ഇന്ത്യ തുടങ്ങിയ ആഭ്യന്തരതലത്തിലുള്ള നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിവരികയാണ്.

നിരവധി സേവനങ്ങളും ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്ന ടെക് ഭീമനാണ് ഗൂഗിള്‍. ഇന്ത്യയെ ഗൂഗിള്‍ ഒരു പ്രധാന വിപണിയായിട്ടാണ് കണക്കാക്കുന്നത്.

റിലയന്‍സിന്റെ ജിയോ സ്മാര്‍ട്ട്ഫോണുകള്‍ക്ക് അനുയോജ്യമായ ആന്‍ഡ്രോയിഡ് ഒഎസ് ലഭ്യമാക്കുന്നതിനായി സഹകരിക്കുന്നുമുണ്ട് ഗൂഗിള്‍.

ഇന്ത്യയിലെ മാനുഫാക്ചറിംഗ് ഓപ്ഷനുകള്‍ പര്യവേക്ഷണം ചെയ്യുന്നതിലൂടെ, രാജ്യത്തെ അനുകൂലമായ ബിസിനസ് അന്തരീക്ഷവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വിപുലമായ ശേഖരവും പ്രയോജനപ്പെടുത്താനാകുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് 'മെയ്ക്ക് ഇന്‍ ഇന്ത്യ' ക്യാംപെയ്ന്‍ പോലുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത് വിദേശ, ആഭ്യന്തര കമ്പനികളെ അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിനുള്ളില്‍ നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ബിസിനസുകള്‍ക്കു പ്രോത്സാഹനങ്ങള്‍ നല്‍കാനും സാധിക്കുന്നുണ്ട്.

ഇന്ത്യയില്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനം ആരംഭിച്ചാല്‍ അത് ഗൂഗിളിന് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കുമെന്നാണ് കരുതുന്നത്. പ്രാദേശികതലത്തില്‍ വിതരണ ശൃംഖല സ്ഥാപിക്കുന്നതിനും ബാഹ്യതലത്തിലുള്ള വിതരണക്കാരെ (external suppliers) ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതിനും ഇതിലൂടെ ഗൂഗിളിനു സാധിക്കും. അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ആവശ്യങ്ങളും മുന്‍ഗണനകളും പ്രത്യേകമായി നിറവേറ്റാന്‍ ഇന്ത്യയിലെ നിര്‍മാണം ഗൂഗിളിനെ പ്രാപ്തമാക്കുകയും ചെയ്യും.

Tags:    

Similar News