വണ്ടർ ലസ്റ്റിൽ താരമായി ആപ്പിൾ വാച്ച് അൾട്രാ 2 , വാച്ചിൽ തൊടാതെ പ്രവർത്തിപ്പിക്കാൻ ഡബിൾ ടാപ്പ് സംവിധാനം

  • ഡബിൾ ടാപ്പ് സംവിധാനവുമായി ആപ്പിൾ വാച്ച് സീരീസ് 9
  • ആപ്പിൾ വാച്ച് സീരീസ് 9 സെപ്തംബര് 22 ന് ലഭ്യമാവും
  • അൾട്രാ 2 വാച്ച് 89,900 രൂപയ്ക്ക് ലഭിക്കും

Update: 2023-09-13 12:24 GMT

ആപ്പിൾ വണ്ടർ ലസ്റ്റ് ഇവന്റിൽ ഐഫോൺ 15 സീരീസ് ഫോണുകൾ ആയിരുന്നു പ്രധാന ആകർഷണമെങ്കിലും ആകർഷക ഫീച്ചറുകൾ കൊണ്ട് ആപ്പിൾ വാച്ച് സീരീസ് 9 മോഡലും അൾട്രാ 2 മോഡലും താരമായി. ഇവെന്റിനിടെ ആപ്പിൾ വാച്ച് സീരീസ് 9 പൂർണമായും കാർബൺ ന്യൂട്രൽ ഉല്പന്നമാണെന്നും പരിസ്ഥിതിക്ക് ദോഷമല്ലെന്നും കമ്പനി പ്രഖ്യാപിച്ചു.

ആപ്പിൾ വാച്ച് സീരീസ് 9

ആപ്പിൾ വാച്ച് സീരീസ് 9 നും അൾട്രാ 2 ഉൽപ്പന്നത്തിനും കരുത്തു പകർന്നത് പുതിയ എസ് 9 സിപ് ആണ്. പുതിയ ഡബിൾ ടാപ്പ് ജെസ്ച്ചറുമായാണ് വാച്ചുകൾ എത്തുന്നത്. അനിമേഷനും ,ഓൺ ഡിവൈസ് സിരി പ്രോസസ്സിങ്ങും ഇതിന്റെ പ്രധാന ആകർഷണമാണ്.

സീരീസ് 9 മോഡലിന്റെ പ്രധാന ആകർഷണം   അതിന്റെ ഡിസ്പ്ലേ ആണ്. ഏതു ലൈറ്റിലും സ്ക്രീൻ വ്യക്തമായി കാണാൻ സാധിക്കും. വോയിസ് അസിസ്റ്റന്റ് സിരിയെ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള വലിയ സാധ്യതയും ഈ വാച്ചിന്റെ സവിശേഷതയാണ്. സിരിക്ക് നൽകുന്ന കമാൻഡ് നേരിട്ട് വാച്ചിൽ തന്നെ പ്രോസസ്സ് ചെയ്യുന്നു. ക്‌ളൗഡ്‌ വഴി അല്ല ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ഉപയോക്താവിന്റെ ആരോഗ്യ സംബന്ധമായ വിവരങ്ങൾക്കും സിരിയോട് ആവശ്യപ്പെടാം. ഐ ഫോൺ മറന്നു വെക്കുകയാണെങ്കിൽ കൂടുതൽ കൃത്യതയോടെ എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. വാച്ച് സീരീസ് 9 ഡിസ്പ്ലേ ബ്രൈറ്റ്നസ് 2000 നിറ്റ്സ് വരെ ഉയർത്തിയിട്ടുണ്ട്. ഏറ്റവും മിനിമം 1 നിറ്റ്സ് വരെ താഴുകയും ചെയ്യും.

സ്‌ക്രീനിൽ തൊടാതെ വാച്ച് പ്രവർത്തിക്കും

സീരീസ് 9 മോഡലിലെ ഏറ്റവും ആകർഷകമായ ഫീച്ചർ ആണ് ഡബിൾ ടാപ്പ് സംവിധാനം. വാച്ചിന്റെ സ്‌ക്രീനിൽ സ്പർശിക്കാതെ തന്നെ വായുവിൽ കാണിക്കുന്ന ആംഗ്യം തിരിച്ചറിയാൻ സാധിക്കും. രണ്ടു തവണ വായുവിൽ ഞൊടിക്കുന്ന ആംഗ്യം കാണിച്ചാൽ കോൾ കട്ട് ചെയ്യുകയോ പാട്ട് പോസ് ചെയ്യുകയോ അലാറം നിർത്തുകയോ ഒക്കെ ചെയ്യാം. പഴയ മോഡലുകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വഴി ഈ സൗകര്യം ലഭിക്കില്ല.

ഹോം സ്‌ക്രീനിൽ ഡബിൾ ടാപ്പ് എന്ന ആംഗ്യം കാണിച്ചാൽ സ്മാർട്ട് സ്റ്റാക്ക് തെളിയും. വീണ്ടും ഡബിൾ ടാപ്പ് ഉപയോഗിച്ചാൽ കാർഡുകളായി ഫീച്ചർ കാണാം. പുതിയ വാച്ച് ഓഎസ് 10 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. 41 എംഎം ,45 എംഎം എന്നിങ്ങനെ രണ്ട് സൈസുകളിയാണ് വാച്ച് ലഭ്യമാവുക.

ആപ്പിൾ വാച്ച് സീരീസ് ൯ സെപ്തംബര് 22 ന് വിൽപ്പനക്കെത്തും. 41,900 രൂപക്ക് വാച്ച് സ്വന്തമാക്കാം. കൂടുതൽ ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷൻ തേടുന്നവർക്ക് ആപ്പിൾ വാച്ച് എസ് ഇ 29,900 രൂപക്ക് ലഭ്യമാണ്.

താരമായി അൾട്രാ 2

സീരീസ് 9 കൂടാതെ ഇവന്റിൽ താരമായ അൾട്രാ 2 മോഡലും കമ്പനി അവതരിപ്പിച്ചു. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലിന് സ്ക്രീൻ സൈസ് 49 എംഎം ആണ്. ട്രെയിൽ ലൂപ്പ് ,ആൽപൈൻ ലൂപ്പ് എന്നിവയുമായി എന്നിവയുമായി പെയർ ചെയ്യുമ്പോൾ ഇതൊരു കാർബൺ ന്യൂട്രൽ ഡിവൈസ് ആവുന്നു. സീരീസ് 9 വാച്ചിന്റെ 'ഡബിൾ ടാപ്പ് ' ഫീച്ചർ ഉൾപ്പെടെ എല്ലാ ഫീച്ചറുകളും അൾട്രാ 2 മോഡലിലും ലഭ്യമാണ്. 36 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും. ലോ പവർ മോഡിൽ 72 മണിക്കൂർ വരെ പ്രവർത്തനക്ഷമാവും. ബ്രൈറ്റ്നെസ്സ് 3000 വരെ നിറ്റ്സ് വരെ ഉയർത്തിയിരിക്കുന്നതിനാൽ സൂര്യപ്രകാശം നേരിട്ടടിച്ചാലും വ്യക്തമായി സ്ക്രീൻ കാണാം. അൾട്രാ 2 മോഡലും സെപ്‌റ്റംബർ 22 ന് തന്നെ വിപണിയിൽ ലഭ്യമാകും. അൾട്രാ 2 വാച്ച് 89,900 രൂപയ്ക്ക് സ്വന്തമാക്കാം.




Tags:    

Similar News