സ്പാം തിരിച്ചറിയല്‍ സംവിധാനം വിജയകരമെന്ന് എയര്‍ടെല്‍
- രണ്ടര മാസത്തിനുള്ളില്‍ 800 കോടി സ്പാം കോളുകള്‍ കണ്ടെത്തിയതായി എയര്‍ടെല്‍
- ദിവസവും 10 ലക്ഷം സ്പാമര്‍മാരെയും സംവിധാനം തിരിച്ചറിഞ്ഞിട്ടുണ്ട്
- സ്പാം കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതില്‍ 12 ശതമാനം കുറവ്
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്റെ എഐ സ്പാം തിരിച്ചറിയല്‍ സംവിധാനം വന്‍ വിജയമെന്ന് കമ്പനി. അവതരിപ്പിച്ച് രണ്ടര മാസത്തിനിടെ 800 കോടി സ്പാം കോളുകള്‍ കണ്ടെത്തിയതായി കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസവും 10 ലക്ഷം സ്പാമര്‍മാരെ എഐ സ്പാം ഡിറ്റക്ഷന്‍ സംവിധാനം തിരിച്ചറിഞ്ഞു. രണ്ടര മാസത്തിനിടെ ഇത്തരത്തിലുള്ള 800 കോടി കോളുകളും 80 കോടി സ്പാം എസ്എംഎസുകളും കണ്ടെത്തിയതായും കമ്പനി അറിയിച്ചു.
പ്രവൃത്തിദിവസങ്ങളേക്കാള്‍ 40 ശതമാനം കുറവ് സ്പാം കോളുകളാണ് വാരാന്ത്യങ്ങളില്‍ ലഭിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. സ്പാം കോളുകള്‍ വരുമ്പോള്‍ അത് അറ്റന്‍ഡ് ചെയ്യുന്നതില്‍ 12 ശതമാനം കുറവ് വന്നിട്ടുള്ളതായും എയര്‍ടെല്ലിന്റെ 92 ശതമാനം ഉപഭോക്താക്കളും ഒരിക്കലെങ്കിലും കമ്പനി ഫോണുകളില്‍ നല്‍കുന്ന തത്സമയ സ്പാം മുന്നറിയിപ്പുകള്‍ കണ്ടിട്ടുള്ളവരാണെന്നും കമ്പനി അറിയിച്ചു.
സ്പാം ലഭിക്കുന്നതില്‍ 71 ശതമാനം പേര്‍ പുരുഷന്‍മാരാണ്. ഇതില്‍ 36 മുതല്‍ 60 വയസ് വരെ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍. സ്പാം കോളുകളും മെസേജുകളും ലഭിക്കുന്നതില്‍ 45 ശതമാനവും 10,000 രൂപ വരെ വിലയുള്ള ബജറ്റ് ഫോണുകളിലാണ്. ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണുകളില്‍ 20 ശതമാനം സ്പാമുകള്‍ ലഭിക്കുമ്പോള്‍ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ വിലവരുന്ന മിഡ്-റേഞ്ച് ഫോണുകളിലേക്ക് 35 ശതമാനം സ്പാമുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.