ഒറ്റ നോട്ടത്തില്‍ അറിയാനാകണം പോളിസി വിവരങ്ങള്‍; ഐആര്‍ഡിഎഐ
- 2024 ജനുവരി ഒന്നുമുതല്‍ ഇത് നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശം.
ആരോഗ്യ ഇന്‍ഷുറന്‍സ് ഉടമകള്‍ക്ക് പോളിസി വിവരങ്ങള്‍ മനസിലാക്കാനാകുന്ന വിധത്തില്‍ ലളിതമായി കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ് (സിഐഎസ്) ലഭ്യമാക്കാണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).
2024 ജനുവരി ഒന്നുമുതല്‍ ഇത് നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശം. പൊതുവേ ഇന്‍ഷുറന്‍സ് രേഖകള്‍ക്കൊപ്പം ലഭിക്കുന്ന നിരവധി പേപ്പറുകളില്‍ ഏതിലാണ് ക്ലെയിം സെറ്റില്‍മെന്റ്, പരിധികള്‍, കവറേജ് എന്നിവയൊക്കെ നല്‍കിയിരിക്കുന്നതെന്ന് കണ്ടെത്തുക തന്നെ ബുദ്ധിമുട്ടാണ്. ആ സാഹചര്യത്തിലാണ് ഐആര്‍ഡിഎഐയുടെ ഈ നിര്‍ദ്ദേശം.
എന്താണ് കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ്
സാധാരണയായി ഇന്‍ഷുറന്ഡസ് പോളിസി വാങ്ങുമ്പോഴും പുതുക്കുമ്പോഴും ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങളടങ്ങിയ ഒരു പേപ്പര്‍ നല്‍കാറുണ്ട്. ഇതാണ് കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ് (സിഐഎസ്).ഐആര്‍ഡിഎഐയുടെ പുതിയ നിര്‍ദ്ദേശമനുസരിച്ച് പുതിയ സിഐഎസില്‍ സങ്കീര്‍ണ്ണമായ ഇന്‍ഷുറന്‍സ് പദങ്ങള്‍ ലളിതമായി ഉപഭോക്താക്കള്‍ക്ക് മനസിലാകും വിധത്തില്‍ വേണം നല്‍കാന്‍.
എന്തൊക്കെ വിവരങ്ങള്‍ സിഐഎസില്‍ വ്യക്തമാക്കണം
പോളിസി ഉടമകള്‍ക്ക് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നല്‍കുന്നതിനാണ് സിഐഎസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലളിതമായ ഭാഷയില്‍ വിശദീകരിക്കേണ്ട കാര്യങ്ങള്‍ പോളിസിയുടെ പേര്, ഏത് തരം പോളിസിയാണെന്നത്, കവറേജ് വിശദാംസഹ്ങള്‍, വെയിറ്റിംഗ് പിരീഡ്, പരിധികള്‍, ഉപ പരിധികള്‍, പോളസിയില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍, ഫ്രീ ലുക്ക് പിരീഡിലെ പോളിസി റദ്ദാക്കല്‍, മൈഗ്രേഷന്‍, പോര്‍ട്ട് ചെയ്യുന്നത്, മൊറട്ടോറിയം, ക്ലെയിം സമര്‍പ്പിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, കമ്പനിയെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍, പരാതികള്‍ സമര്‍പ്പിക്കാനുള്ള വഴി എന്നിവയെല്ലാം സിഐഎസില്‍ വിശദമായി നല്‍കണം. അതോടൊപ്പം പോളിസി ഉടമയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കണമെന്നും. നല്‍കിയില്ലെങ്കില്‍ അത് ക്ലെയിം സെറ്റില്‍മെന്റിനെ ബാധിക്കുമെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കുന്നു.
ഇന്‍ഷുറര്‍മാര്‍, ഇടനിലക്കാര്‍, ഏജന്റുമാര്‍ എന്നിവര്‍ അപ്‌ഡേറ്റുചെയ് ത സിഐഎസ് എല്ലാ പോളിസി ഉടമകള്‍ക്കും വിതരണം ചെയ്യണം. നേരിട്ടോ ഡിജിറ്റലായോ ഉപഭോക്താക്കള്‍ ഇത് കൈപ്പറ്റിയെന്നത് ഉറപ്പാക്കണം. ഒരു പോളിസി ഉടമ ആഗ്രഹിക്കുന്നുവെങ്കില്‍, സിഐഎസ് പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കണം. സിഐഎസിലെ ഫോണ്ട് വലുപ്പം കുറഞ്ഞത് 12 അല്ലെങ്കില്‍ അതില്‍ കൂടുതലായിരിക്കണം. സിഐഎസില്‍ നല്‍കിയിട്ടുള്ള എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിക്കേണ്ടതാണ്.
പുതിയ പരിഷ്‌കാരം വഴി സാധരണയായി ലഭിക്കുന്ന ദൈര്‍ഘ്യമേറിയ കുറിപ്പ് വായിച്ച് വിവരങ്ങള്‍ മനസിലാക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായം.