ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം ഉറപ്പാക്കാൻ പോളിസി ഉടമകള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?
- ഇന്‍ഷുറന്‍സ് പോളിസികള്‍ സാമ്പത്തിക സുരക്ഷിതത്വത്തിനൊപ്പം മനസമാധാനവും നല്‍കും
- പോളിസി ഉടമ ക്ലെയിം നിരാകരണത്തിനുള്ള സാധ്യതകളെല്ലാം പരിശോധിച്ച് പരിഹരിക്കേണ്ടതുണ്ട്
- രേഖകളും ബില്ലുകളും കൃത്യമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്
അപ്രതീക്ഷിതമായി എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അതിനെ നേരിടാന്‍ ഏറ്റവും നല്ല ആയുധം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളാണ്. ഏറ്റവും അനുയോജ്യമായ പോളിസകള്‍ തെരഞ്ഞെടുത്താല്‍ മാത്രമേ അത് ആവശ്യ സമയത്ത് ഉപകരിക്കൂ എന്നോര്‍ക്കുക. പലപ്പോഴും പോളിസി എടുക്കും.
രേഖകളെല്ലാം കയ്യില്‍ ഭദ്രമായിട്ടുണ്ടാകും പക്ഷേ, ക്ലെയിമിനായി സമീപിക്കുമ്പോള്‍ അത് നിരാകരിക്കും. എന്തുകൊണ്ടാകും ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ചെറിയൊരു അശ്രദ്ധയാകും ഇതിനു പിന്നില്‍. അതുകൊണ്ട് പോളിസി എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അപകടം ഒഴിവാക്കാം.ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിരാകരണത്തിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്നൊന്നു പരിശോധിക്കാം.
നിലവിലുള്ള രോഗങ്ങള്‍: പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള രോഗങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് പറയാതിരിക്കുകയും അത്തരം അസുഖങ്ങള്‍ക്ക് ക്ലെയിം ചെയ്യുകയും ചെയ്താല്‍ ക്ലെയിം നിരാകരിക്കാം. സാധാരണയായി നിലവിലുള്ള രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കാന്‍ കുറച്ചു നാള്‍ കാത്തിരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോളിസി എടുക്കുമ്പോള്‍ സത്യസന്ധമായി കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം. ഇന്‍ഷുറന്‍സ് കമ്പനിയെ തെറ്റിധരിപ്പിക്കാതെ കാര്യങ്ങള്‍ അവതരിപ്പിക്കാം.
പോളിസിയില്‍ ഉള്‍പ്പെടാത്ത അസുഖം: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എല്ലാ ചികിത്സകള്‍ക്കും കവറേജ് നല്‍കണമെന്നില്ല. സൗന്ദര്യ വര്‍ധനയ്ക്കുള്ള ചികിത്സകള്‍, അപകടരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയവ സാധാരണയായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടില്ല. അതിനാല്‍ പോളിസി എടുക്കും മുമ്പ് എന്തിനൊക്കെ കവറേജ് ലഭിക്കും എന്തിനൊക്കെ ലഭിക്കില്ല എന്നുള്ളത് വായിച്ച് ഉറപ്പാക്കാം.
ഡോക്യുമെന്റേഷനിലെ തെറ്റുകള്‍: ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള രേഖകള്‍ പൂരിപ്പിക്കുമ്പോള്‍ വരുന്ന തെറ്റുകള്‍, ക്ലെയിം ചെയ്യാനുള്ളശ ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ വരുന്ന തെറ്റുകള്‍, ചികിത്സ രേഖകള്‍ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ക്ലെയിം നിരാകരിക്കാം. ക്ലെയിം ഫയല്‍ ചെയ്യുമ്പോള്‍ എല്ലാ രേഖകളും കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം, ബില്ലുകള്‍, ചികിത്സ രേഖകള്‍ എന്നിവ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ഉറപ്പാക്കണം. ഇതുവഴി ക്ലെയിം നിരാകരണം കുറയ്ക്കാം.
പ്രീമിയം കൃത്യസമയത്ത് അടച്ചില്ലെങ്കില്‍: ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ട കാലയളവുകളില്‍ കൃത്യമായി പ്രീമിയം അടച്ചില്ലെങ്കില്‍ പോളിസി നഷ്ടപ്പെടുകയും അതുവഴി ക്ലെയിം നിരാകരിക്കുകയും ചെയ്‌തേക്കാം. കൃത്യമായി പ്രീമിയം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. അതിനുള്ള തെളിവുകള്‍ സൂക്ഷിക്കുകയും ചെയ്യാം.