ഒമാനിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്ന് ശൈത്യകാലം
- രാജ്യത്തിന്റെ പൈതൃകവും വാസ്തുവിദ്യയുടെ പ്രൗഢിയും വിളിച്ചോതുന്ന കോട്ടകളും നിര്‍മ്മിതികളുമെല്ലാം സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്
ശൈത്യകാലം ശക്തിപ്രാപിച്ചതോടെ ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. ഇതോടെ സുല്‍ത്തനേറ്റിലെ ടൂറിസം മേഖലയിലും പുത്തനുണര്‍വ് പ്രകടമായി. സീസണ്‍ സജീവമായതോടെ രാജ്യത്തേക്ക് സാധാരണയായി ഏറ്റവും കൂടുതല്‍ എത്തുന്നത് ഏഷ്യക്കാരാണ്. എന്നാല്‍ അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്.
രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ സന്ദര്‍ശക തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് മൂലം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് കഴിഞ്ഞ രണ്ടുവര്‍ഷമായി ടൂറിസം മേഖലയ്ക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരുന്നത്.
എന്നാല്‍, നിയന്ത്രണള്‍ എടുത്ത് മാറ്റി എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നതോടെ പുത്തനുണര്‍വ്വ് രാജ്യത്തിന്റെ സര്‍വമേഖലയിലും ദൃശ്യമായിട്ടുണ്ട്. രാജ്യത്തെ പരമ്പരാഗത വിപണികളും കോട്ടകളുമെല്ലാം ഒമാനിലെത്തുന്ന വിനോദ സഞ്ചാരികളുടെ മനംകവരുകയാണ്. രാജ്യത്തിന്റെ പൈതൃകവും വാസ്തുവിദ്യയുടെ പ്രൗഢിയും വിളിച്ചോതുന്ന കോട്ടകളും നിര്‍മ്മിതികളുമെല്ലാം സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
ലോകത്തെ നിരവധി അതോറിറ്റികളുമായും ഷിപ്പിംഗ് ഏജന്റുമാരുമായും ടൂറിസം കമ്പനികളുമായും സഹകരിച്ച് ഒമാന്‍ ടൂറിസം മന്ത്രാലയം നടത്തിയ പ്രമോഷന്റെ ഭാഗമായി നിരവധി ക്രൂയിസ് കപ്പലുകളാണ് ഇതിനകം ഒമാന്‍ തീരത്തണഞ്ഞിട്ടുള്ളത്.