ഉപഭോക്തൃനിയമം കര്‍ശനമാക്കാനൊരുങ്ങി യുഎഇ; നിയമപരിഷ്‌കാരം ഉടന്‍ പ്രാബല്യത്തില്‍
- നിലവിലെ ഉപഭോക്തൃനിയമത്തിലെ അവ്യക്തതകള്‍ പരിഹരിച്ച്, വ്യക്തമായ നിര്‍ദേശങ്ങളും പുതുതായി ഉള്‍പ്പെടുത്തും
ജനങ്ങളുടെ ആവശ്യങ്ങളോടും അവകാശങ്ങളോടും എന്നും അനുകൂല സമീപനം മാത്രം കൈക്കൊള്ളുന്ന യുഎഇ പുതിയ ഉപഭോക്തൃനിയമം കര്‍ശനമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കും വ്യാപാരികള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനമായി പ്രത്യേക പിഴകള്‍ ഉള്‍പ്പെടുത്തിയാണ് നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഉപഭോക്താവ് വാങ്ങിയ ഉല്‍പ്പന്നത്തിന് തകരാറോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍, പരാതിപ്പെട്ടിട്ടും കമ്പനി ഉടമകളില്‍ നിന്ന് പ്രതികരണമുണ്ടായില്ലെങ്കില്‍ എന്തെല്ലാം നടപടി സ്വീകരിക്കാമെന്നതടക്കം പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ പരിഷ്‌കരിച്ച പുതിയ നിയമം പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന സാമ്പത്തിക മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഫാന്‍ അല്‍ ശംസി അറിയിച്ചു.
കൂടാതെ നിലവിലെ ഉപഭോക്തൃനിയമത്തിലെ അവ്യക്തതകള്‍ പരിഹരിച്ച്, വ്യക്തമായ നിര്‍ദേശങ്ങളും പുതുതായി ഉള്‍പ്പെടുത്തും.
ഉപഭോക്തൃ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ വര്‍ഷം വിവിധ മേഖലകളില്‍ 94,123 പരിശോധനകള്‍ നടത്തിയതില്‍നിന്ന് 4,227ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
ഈ വര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ 8,170 ഓളം പരിശോധനകള്‍ നടത്തുകയും 1030 നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ കൈകൊള്ളുകയും ചെയ്തിരുന്നു. മാത്രമല്ല, നിയമലംഘനങ്ങള്‍ മന്ത്രാലയത്തെ അറിയിക്കുന്നതിനുള്ള പ്രവണത ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചതിനാല്‍ കച്ചവടത്തിലെ വഞ്ചനകള്‍ കുറഞ്ഞതായും സാമ്പത്തിക മന്ത്രാലയ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.