യുഎഇയില്‍ ഇനി മുതല്‍ ചികിത്സയും ഓണ്‍ലൈന്‍

  • വിദൂര ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക നിയമനിര്‍മാണവും പ്രവര്‍ത്തന ചട്ടക്കൂടും രേഖപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി

Update: 2023-03-18 10:15 GMT

സര്‍വ്വ മേഖലകളിലും നവീകരണവും ഡിജിറ്റലൈസേഷനും വ്യാപിപ്പിക്കുന്ന യുഎഇ വൈദ്യശാസ്ത്ര മേഖലയിലും സുപ്രധാന മാറ്റങ്ങള്‍ക്കൊരുങ്ങുന്നു.

രാജ്യത്തെ ചികിത്സാ സൗകര്യങ്ങളും ഓണ്‍ലൈനിലേക്ക് ചുവടുമാറ്റാനാണ് യുഎഇ തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ആശുപത്രികള്‍ക്കും ഓണ്‍ലൈന്‍ സേവനം നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്.

ആരോഗ്യ കേന്ദ്രങ്ങളിലെ ഏതെങ്കിലും ഒരു സേവനമെങ്കിലും വിദൂര സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും.

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ നടന്നുകൊണ്ടിരിക്കുന്ന 'റിമോട്ട്' ഫോറത്തിലാണ് നിര്‍ബന്ധമായും ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കിയിരിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നിരിക്കുന്നത്.

മരുന്ന് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍, ശരീരത്തിലെ മാറ്റങ്ങളുടെ നിരീക്ഷണം, റോബോട്ടിക്ക് ശസ്ത്രക്രിയ, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയവയിലാണ് ആദ്യഘട്ടത്തില്‍ വിദൂര സംവിധാനം നടപ്പിലാക്കേണ്ടത്.

ഈ വര്‍ഷം അവസാനത്തോടെ എല്ലാ സ്ഥാപനങ്ങളും ഇവയില്‍ ഏതെങ്കിലും ഒരെണ്ണം വിദൂര സംവിധാനത്തിലേക്ക് മാറ്റിയിരിക്കണമെന്ന് യുഎഇ രോഗ്യമന്ത്രാലയം ഡിജിറ്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജി വിഭാഗം മേധാവി ശൈഖ ഹസന്‍ അല്‍ മന്‍സൂരി അറിയിച്ചിരിക്കുന്നത്.

നല്‍കുന്ന ഏത് സേവനമാണ് വിദൂര സംവിധാനത്തിലേക്ക് മാറ്റാനാവുക എന്ന കാര്യവും സ്ഥാപനങ്ങള്‍ അധികാരികളെ അറിയിച്ചിരിക്കണം. നിലവില്‍ ഇത്തരം ഓണ്‍ലൈന്‍ സേവനം നല്‍കുന്നവരും ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നവര്‍ വേണ്ട സഹായങ്ങള്‍ക്കായി സമീപിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. വിദൂര ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക നിയമനിര്‍മാണവും പ്രവര്‍ത്തന ചട്ടക്കൂടും രേഖപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നവീന സാങ്കേതിക സൗകര്യങ്ങള്‍ വലിയ അളവില്‍ വികസിച്ച സമയത്തും ഡോക്ടറെ കാണാനായി രോഗികള്‍ മണിക്കൂറുകള്‍ ആശുപത്രികളില്‍ ചെലവഴിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. ഇത് മനസിലാക്കി തന്നെയാണ് പുതിയ നടപടികള്‍ കൈക്കൊള്ളുന്നത്.

Tags:    

Similar News