ഇനി മരുഭൂമിക്ക് മുകളില്‍ പറക്കാം; ഹോട്ട് എയര്‍ ബലൂണ്‍ സര്‍വീസുമായി ഒമാന്‍
- വിനോദടൂറിസം മേഖലയിലേക്കടക്കം വ്യാപിക്കുന്ന തരത്തില്‍ ഒമാന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ എന്നും പുതുമയും വ്യത്യസ്തതയും തേടുന്ന അറേബ്യന്‍ ശൈലിക്ക് കരുത്തായി ഒമാനില്‍ പുതിയ വിനോദ സംരംഭത്തിന് തുടക്കം കുറിച്ചു. മരുഭൂമിയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാനായി മരുഭൂമിക്കു മുകളിലൂടെ പറന്ന് കാഴ്ചകള്‍ കാണാന്‍ അവസരമൊരുങ്ങുന്ന ഹോട്ട് എയര്‍ ബലൂണ്‍ സര്‍വിസാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് ഹോട്ട് എയര്‍ ബലൂണ്‍ സര്‍വിസിന് തുടക്കമായിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ കമ്പനിയായ റോയല്‍ ബലൂണിനാണ് ഒമാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഒമാന്‍ ടൂറിസം ഡെവലപ്മെന്റ് ഡയരക്ടര്‍ ജനറല്‍ സഈദ് അല്‍ ഉബൈദാനിയുടെ സാന്നിധ്യത്തില്‍ വടക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അലി ബിന്‍ അഹ്‌മദ് അല്‍ ഷംസിയാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
വലിയ ആരാധകരുള്ള ലോകത്തെ ഏറ്റവും പ്രധാന വിനോദ ഇനങ്ങളിലൊന്നായ ഹോട്ട് ബലൂണ്‍ പറപ്പിക്കലിന് നേരത്തേ തന്നെ അനുമതി നല്‍കാന്‍ ഒമാന്‍ തീരുമാനിച്ചിരുന്നു. മരുഭൂമിയിലെ ഭൂപ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ വിനോദോപാധി കൂടിയാണ് ഹോട്ട് ബലൂണ്‍ ടൂറിസം.
വിനോദടൂറിസം മേഖലയിലേക്കടക്കം വ്യാപിക്കുന്ന തരത്തില്‍ ഒമാന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
പൂര്‍ണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും, അന്താരാഷ്ട്ര ഗുണനിലവാരമുള്ളതും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇതിനായി അംഗീകാരം നല്‍കിയതെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
ടൂറിസം മേഖലയില്‍ ഏവരുടേയും ഇഷ്ട ഇടമായ ഒമാന്‍, ഈ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഒട്ടനവധി തുറസ്സായ ഭൂപ്രദേശങ്ങളും മരുഭൂമികളും ധാരാളമുള്ള ഒമാനില്‍ ഹോട്ട് ബലൂണ്‍ ടൂറിസത്തിന് വലിയ സാധ്യതകളാണുള്ളത്. നിലവില്‍ തന്നെ ലോകത്തെ നിരവധി രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ഹോട്ട് ബലൂണുകള്‍.
പച്ചപ്പും നീരൊഴുക്കുകളും ധാരാളമുള്ളതിന്റെ പേരിലാണ് ഒമാന്‍ ഇതുവരെ അറിയപ്പെട്ടിരുന്നതെങ്കിലും ഇനി മറ്റു പല രാജ്യങ്ങളേയും പോലെ മരുഭൂ വിനോദ സാധ്യതകളും ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് രാജ്യം.