കുവൈത്തിലെ സ്വദേശി-വിദേശി അനുപാതം; പ്രശ്നപരിഹാരത്തിനായി പുതിയ പദ്ധതികള്‍
- ജനസംഖ്യാനുപാതികമായി തൊഴില്‍ വിപണിയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിച്ച് തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍കരണത്തിന് വേഗംകൂട്ടുവാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
കുവൈത്തിലെ ജനസംഖ്യയിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ തയാറാക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനസംഖ്യാ സന്തുലനാവസ്ഥ രാജ്യത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പിന്തുണയോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ താമസകാര്യ വകുപ്പും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും സംയുക്തമായി ഈ മാസം ചേരുന്ന യോഗത്തില്‍ ഇത് സംബന്ധമായ പദ്ധതികള്‍ക്ക് കൃത്യമായ രൂപം നല്‍കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
അന്നേ ദിവസം നടക്കുന്ന പ്രത്യേക യോഗത്തില്‍, അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതും വിദേശികളുടെ റെസിഡന്‍സി കാലയളവ് പരിമിതപ്പെടുത്തുന്നതുമുള്‍പ്പടെ നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
നിലവില്‍ കുവൈത്ത് ജനസംഖ്യയുടെ ഭൂരിപക്ഷവും വിദേശികളായ ജോലിക്കാരും പ്രവാസികളുമാണ്. ജനസംഖ്യാനുപാതികമായി തൊഴില്‍ വിപണിയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിച്ച് തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍കരണത്തിന് വേഗംകൂട്ടുവാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ, സര്‍ക്കാര്‍ പദ്ധതികളില്‍ കാലാവധി കഴിഞ്ഞ കരാര്‍ തൊഴിലാളികളെയും മടക്കി അയയ്ക്കാനും പുതുതായി ധാരണയായിട്ടുണ്ട്. ഈ നീക്കത്തോടെ പ്രവാസി ഇന്ത്യക്കാരടക്കമുള്ള വിദേശ ജോലിക്കാരുടെ അവസരങ്ങള്‍ കുറയുകയും ജോലി തന്നെ നഷ്ടമാവുകയും ചെയ്യും. മങ്ങലേല്‍ക്കും.
മുന്‍പ് തന്നെ കുവൈത്തില്‍ നിലനില്‍ക്കുന്ന ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് കൃത്യമായ പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി കുവൈത്ത് പാര്‍ലിമെന്റ് അംഗങ്ങള്‍ അടക്കമുള്ള പ്രമുഖരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രംഗത്ത് വന്നിരുന്നു.