വിയര്‍ത്തുകുളിച്ച് യൂറോപ്പ്; ഉഷ്ണതരംഗത്തില്‍ രാജ്യങ്ങള്‍
- അടുത്ത പത്ത് ദിവസത്തില്‍ ഏഴ് ഡിഗ്രിവരെ താപനില ഉയരാം
- സ്പെയിനിലെ ആന്‍ഡലൂസിയ മേഖലയില്‍ താപനില 44 ഡിഗ്രി
- ജൂലൈ ആദ്യവാരം ഏറ്റവും ചൂടേറിയ ആഴ്ചക്ക് ഭൂമി സാക്ഷ്യം വഹിച്ചു
മെഡിറ്ററേനിയനില്‍ കടുത്ത ചൂട് തുടരുകയാണ്. ഇത് ദക്ഷിണ യൂറോപ്പില്‍ ഉയര്‍ന്ന താപനിലയ്ക്കു കാരണമാകും. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സാധാരണ താപനിലയില്‍ ഏഴ് ഡിഗ്രിവരെ ഉയര്‍ച്ച ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പല ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫ്രാങ്ക്ഫര്‍ട്ടിലെ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. സീസണിലെ ശരാശരിയേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണ്. എന്നാല്‍ യുകെയില്‍ താപനിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.
തെക്ക് പടിഞ്ഞാറന്‍ യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ ഈ വര്‍ഷം അസാധാരണമാംവിധം ഉയര്‍ന്ന താപനില അനുഭവിക്കുന്നതായി ദ ഗാര്‍ഡിയന്റെ സമീപകാല റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.ഈ പ്രദേശത്തിന് മുകളിലുള്ള ഉയര്‍ന്ന മര്‍ദ്ദം കാരണം കാലാവസ്ഥയുടെ സാധാരണ രീതിയെ തടയുന്നു.
ഈ കാലവസ്ഥാ പ്രതിഭാസം അറ്റ്‌ലാന്റിക്കില്‍ നിന്ന് യൂറോപ്പിലേക്ക് കിഴക്കോട്ട് നീങ്ങുന്ന സാധാരണ താഴ്ന്ന മര്‍ദ്ദ രീതികളെ തടയുന്നു. ഇക്കാരണത്താല്‍ ആ മേഖല വരണ്ടതും ചൂടുകൂടിയ അന്തരീക്ഷത്തോടുകൂടിയതും ആവുന്നു.
വരും ദിവസങ്ങളില്‍ ഹീറ്റ് ഡോം വികസിക്കുമെന്നും വടക്ക്-കിഴക്കന്‍ യൂറോപ്പിലുടനീളം വ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. സഹാറയില്‍ നിന്ന് ഇറ്റലിയിലേക്കും ബാള്‍ക്കനിലേക്കും ഇത് വ്യാപിക്കും. സാധാരണ താപനിലയില്‍നിന്നും വളരെ ഉയര്‍ന്ന ചൂടിന് ഒരാഴ്ചക്കുള്ളില്‍ ഈ മേകല സാക്ഷ്യം വഹിക്കും.
ഏറ്റവും പുതിയ കാലാവസ്ഥാ പ്രതിഭാസത്തെത്തുടര്‍ന്ന് ബുധനാഴ്ച സ്പെയിനിലെ അന്‍ഡലൂസിയ മേഖലയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസായി ഉയരും. സ്‌പെയിനിലെ ദേശീയ കാലാവസ്ഥാ നിരീക്ഷകന്‍ ഈ പ്രദേശത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കാലാവസ്ഥാ വ്യതിയാനത്തിന് സമാനമായ സ്ഥിതിയിലൂടെയാണ് യൂറോപ്പ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇത് ഈ മേഖലയിലെ ഊര്‍ജ്ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങളെ തടസപ്പെടുത്തും.
വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ സമീപകാല ഡാറ്റ സൂചിപ്പിക്കുന്നത് ജൂലൈ ആദ്യവാരം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ആഴ്ചക്കാണ് ഭൂമി സാക്ഷ്യം വഹിച്ചത് എന്നാണ്. കരയിലും സമുദ്രങ്ങളിലും താപനില ഉയരുന്നതില്‍ നിരന്തരം റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ഇത് പരിസ്ഥിതി വ്യവസ്ഥകളിലും പരിസ്ഥിതിയിലും വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും പ്രത്യേക യുഎന്‍ ഏജന്‍സി അഭിപ്രായപ്പെട്ടു.
1800-കളുടെ മധ്യം മുതല്‍ ലോകത്ത് ശരാശരി 1.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉയരുന്നു. കൂടുതല്‍ തീവ്രമായ ഉഷ്ണതരംഗങ്ങള്‍, ചില പ്രദേശങ്ങളിലെ കൂടുതല്‍ കടുത്ത വരള്‍ച്ച, കൊടുങ്കാറ്റുകള്‍ എന്നിവ ഉള്‍പ്പടെയുള്ള തീവ്രമായ അവസ്ഥയെ നേരിട്ടു. സമുദ്രോപരിതല താപനില ഈ വര്‍ഷം അഭൂതപൂര്‍വമായ നിലയിലെത്തി. അന്റാര്‍ട്ടിക് സമുദ്രത്തിലെ ഹിമപാളികളും റെക്കോര്‍ഡ് വേഗത്തില്‍ ഉരുകുകയാണ്.