പുതുവത്സര സമ്മാനം;ദുബായില്‍ ഇനി മദ്യത്തിന് നികുതിയില്ല

  • മദ്യം വാങ്ങാനുള്ള ലൈസന്‍സും സൗജന്യമാക്കി

Update: 2023-01-04 06:30 GMT

ദുബായില്‍ ഇതു വരെ മദ്യം ലഭിക്കണമെങ്കില്‍ 30 ശതമാനം മുനിസിപ്പാലിറ്റി നികുതി നല്‍കണമായയിരുന്നു. എന്നാല്‍ പുതുവര്‍ഷാരംഭത്തോടെ കുടിയന്മാര്‍ക്ക് പുതുവര്‍ഷ സമ്മാനമായി നികുതി ഒഴിവാക്കിനല്‍കിയിരിക്കുകയാണ് ദുബായ്.

കൂടാതെ, വ്യക്തികള്‍ക്ക് മദ്യം വാങ്ങാനുള്ള ലൈസന്‍സും ഇനി സൗജന്യമായി തന്നെ ലഭിക്കും. പുതുവത്സര ദിനം മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തിലായിട്ടുണ്ട്. എങ്കിലും യുഎഇയില്‍ ദുബായില്‍ മാത്രമാണ് മദ്യം വാങ്ങാനുള്ള ലൈസന്‍സ് സൗജന്യമാക്കിയിരിക്കുന്നത്. മറ്റ് എമിറേറ്റുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

യുഎഇയില്‍ 21 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ മദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളില്‍ മാത്രമെ ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. ദുബായിലെ മദ്യ വിലയിലെ വലിയൊരു പങ്കും ഇതുവരെ മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇതോടെ ദുബായില്‍ മദ്യത്തിന്റെ വിലയും കുറയും.

കുറഞ്ഞ വിലക്ക് മദ്യം വാങ്ങാന്‍ മറ്റു എമിറേറ്റുകളെയാണ് ദുബായിലുള്ളവര്‍ ഇതുവരെ ആശ്രയിച്ചിരുന്നത്. പുതിയ ഇളവ് വരുന്നതോടെ ദുബായില്‍ മദ്യ വില്‍പന വര്‍ധിക്കുമെന്നാണ് സൂചന.

എങ്കിലും രാജ്യത്ത് വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കുന്നതിനോ വാഹനത്തില്‍ കൊണ്ടുപോകുന്നതിനോ സൂക്ഷിക്കുന്നതിനോ എല്ലാം ലൈസന്‍സ് നിര്‍ബന്ധമാണ്. പാര്‍ട്ടികളും ആഘോഷങ്ങളും നടത്തുന്നതിനും അവിടെ മദ്യം വിളമ്പുന്നതിനും ലൈസന്‍സ് നിര്‍ബന്ധമാണ്.

വര്‍ഷത്തില്‍ 200 ദിര്‍ഹമിന് മുകളിലായിരുന്നു ഇതിനുള്ള ലൈസന്‍സ് തുക. പുതുവത്സര ദിനം മുതല്‍ ഇതും സൗജന്യമായി ലഭിച്ചു തുടങ്ങിയെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News