സൗദിയില്‍ ആശ്രിത വിസയിലുള്ളവര്‍ക്കും ഇനി ഡിജിറ്റല്‍ ഐഡി സേവനം
- ഔദ്യോഗിക സേവനങ്ങള്‍ക്കും ഡിജിറ്റല്‍ ഐഡി ഉപയോഗിക്കാം
- വ്യക്തിഗത പോര്‍ട്ടലായ അബ്ശിറിലാണ് സേവനം ലഭ്യമാകുക
സൗദി അറ്യേബയില്‍ ഡിജിറ്റല്‍വല്‍ക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശ്രിത താമസക്കാരുടെ താമസ രേഖയുള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ഇനി മുതല്‍ ഡിജിറ്റലായി ലഭിക്കും. വ്യക്തിഗത പോര്‍ട്ടലായ അബ്ശിറിലാണ് സേവനം ലഭിക്കുക.
സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതുവരെ തൊഴില്‍ വിസയിലുള്ളവര്‍ക്ക് മാത്രമായിരുന്നു ഡിജിറ്റലായി ഈ സേവനം ലഭിച്ചിരുന്നത്.
വ്യക്തിഗത പോര്‍ട്ടലായ അബ്ശിര്‍ വെബ്‌സൈറ്റിന് പുറമേ ഔദ്യോഗിക ആപ്പിലും സേവനം ലഭ്യമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടാതെ തവക്കല്‍ന-ഖിദ്മാത്ത് ആപ്ലിക്കേഷനിലും ഡിജിറ്റല്‍ ഐഡി സേവനം ലഭ്യമാക്കും. സൗദി ജവാസാത്ത് വിഭാഗമാണ് സേവനം ഈ വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇനി മുതല്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും, പ്രത്യേകിച്ച് സുരക്ഷാ പരിശോധനകളിലും ബാങ്കുകളിലുമുള്‍പ്പെടെ ഡിജിറ്റല്‍ ഐഡി സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.