യുഎഇയിലെ കമ്പനി ഉടമകള്‍ സൂക്ഷിക്കുക; ഓവര്‍ടൈം ജോലി ചെയ്യിപ്പിച്ചാല്‍ ഇനി പണികിട്ടും

  • യുഎഇ തൊഴില്‍ മന്ത്രാലയമാണ് ഓവര്‍ടൈം ജോലിക്കുള്ള മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്

Update: 2023-01-30 10:30 GMT

യുഎഇയില്‍ ജോലിക്കാരെ അമിതമായി തൊഴിലെടുപ്പിക്കുന്ന കമ്പനി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ഇനി മുതല്‍ തൊഴിലാളികളെക്കൊണ്ട് ദിവസവും രണ്ട് മണിക്കൂറിലേറെ ഓവര്‍ടൈം ജോലി ചെയ്യിപ്പിച്ചാല്‍ കമ്പനി ഉടമകള്‍ക്കാണ് പണികിട്ടുക.

യുഎഇ തൊഴില്‍ മന്ത്രാലയമാണ് ഓവര്‍ടൈം ജോലിക്കുള്ള മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. ദിവസവും രണ്ട് മണിക്കൂറില്‍ അധികസമയം ജീവനക്കാര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലെന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്. എങ്കിലും, ചില ഇളവുകളും ഇക്കാര്യത്തില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവനാക്കാരോട് ഓവര്‍ ടൈം ജോലി ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ തൊഴില്‍ ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും. എങ്കിലും, ദിവസവും ഒരു തൊഴിലാളിയെകൊണ്ട് രണ്ടു മണിക്കൂറില്‍ കൂടുതല്‍ അധിക സമയം ജോലി ചെയ്യിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന യുഎഇ തൊഴില്‍ മന്ത്രാലയം ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക മാനദണ്ഡങ്ങളില്‍ പറയുന്നു. പ്രത്യേകം ചില സാഹചര്യങ്ങളില്‍ തൊഴിലാളികളെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ ടൈം ജോലി ചെയ്യിക്കാനും അനുവാദമുണ്ടായിരിക്കും.

കമ്പനികള്‍ക്ക് നാശനഷ്ടമുണ്ടാകുന്ന സാഹചര്യം ഉണ്ടാവുക, വലിയ നഷ്ടങ്ങള്‍ സംഭവിച്ചേക്കാവുന്ന അടിയന്തര ഘട്ടങ്ങളോ, സംഭവങ്ങളോ ഉണ്ടാവുക, ഇത്തരത്തിലുണ്ടായേക്കാവുന്ന ഭീമമായ നഷ്ടങ്ങള്‍ ഒഴിവാക്കാനും നഷ്ടത്തിന്റെ തോത് കുറക്കാനും തൊഴിലാളികളുടെ അധികസേവനം ആവശ്യമായി വരിക തുടങ്ങിയ ഘട്ടങ്ങളില്‍ ദിവസവും രണ്ട് മണിക്കൂറില്‍ കൂടുതല്‍ സമയത്തും തൊഴിലാളികളോട് ഓവര്‍ ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണ്. കൂടാതെ മൂന്നാഴ്ചയില്‍ ആകെ ജോലി സമയം 144 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News