ലോകത്തെ ആദ്യ ചിക്കന്‍ഗുനിയ വാക്‌സിന് അംഗീകാരം

  • യൂറോപ്പിലെ വാല്‍നേവയാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്
  • വാക്‌സിന് നേരിയ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കപ്പെട്ടു
  • 98ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നു

Update: 2023-11-10 09:59 GMT

കൊതുകുകള്‍ വഴി പകരുന്ന വൈറസായ ചിക്കുന്‍ഗുനിയക്കെതിരായ ലോകത്തിലെ ആദ്യ വാക്‌സിന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ചു. യുഎസ് ഡ്രഗ് റെഗുലേറ്റര്‍ ചിക്കുന്‍ഗുനിയയെ 'ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി' എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കം.

യൂറോപ്പിലെ വാല്‍നേവ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ ഇക്സിക് എന്ന പേരിലായിരിക്കും വിപണിയിലെത്തുക. ഉയര്‍ന്ന അപകടസാധ്യത അഭിമുഖീകരിക്കുന്ന വ്യക്തികള്‍ക്കായി വാക്‌സിന്‍ ഉപയോഗിക്കുന്നതിന് കമ്പനി അംഗീകാരം നേടിയിട്ടുണ്ട്.

വടക്കേ അമേരിക്കയില്‍ 3,500 പേരില്‍ നടത്തിയ രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തലവേദന, ക്ഷീണം, പേശികളിലും സന്ധികളിലും വേദന, പനി, ഓക്കാനം തുടങ്ങിയ സാധാരണ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1.6 ശതമാനം സ്വീകര്‍ത്താക്കളില്‍ ഗുരുതരമായ പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, രണ്ട് കേസുകളില്‍ ആശുപത്രിയില്‍ പ്രവേശനം ആവശ്യമായി.

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്ക് (ഇഎംഎ) അംഗീകാരത്തിനായി വാല്‍നേവ അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.

വാക്‌സിന്‍ വിന്യാസം വേഗത്തിലാക്കാന്‍ യുഎസ് എഫ്ഡിഎ അംഗീകാരം സഹായിക്കും. പ്രത്യേകിച്ച് ചിക്കുന്‍ഗുനിയ വൈറസ് വ്യാപകമായ രാജ്യങ്ങളില്‍.

പനിയും കടുത്ത സന്ധി വേദനയും ഉണ്ടാക്കുന്ന ഈ വൈറസ് ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ അഞ്ച് ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചിക്കുന്‍ഗുനിയ കേസുകളുടെ ആഗോള വര്‍ധനവ് എഫ്ഡിഎ എടുത്തുകാണിക്കുന്നു, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പറയുന്നു.

മരണങ്ങള്‍ അപൂര്‍വമാണെങ്കിലും ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കും. നിലവില്‍, ചിക്കുന്‍ഗുനിയ ചികിത്സിക്കുന്നതിന് പ്രത്യേക മരുന്നൊന്നുമില്ല. വേദനയും പനിയും കുറയ്ക്കുന്നതിനുള്ള മരുന്നുകളാണ് സാധാരണ ആശ്രയം. കൊതുകുകടി ഒഴിവാക്കുക എന്നതായിരുന്നു ഇതുവരെയുള്ള പ്രാഥമിക പ്രതിരോധ നടപടി. 1952-ല്‍ ടാന്‍സാനിയയില്‍ ആദ്യമായി കണ്ടെത്തിയ ചിക്കുന്‍ഗുനിയ 110-ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News